ഡിജിറ്റൽ പേമെന്റ് കമ്പനികൾ കുതിക്കുന്നു
ഡിജിറ്റൽ പേമെന്റ് കമ്പനികൾ കുതിക്കുന്നു
Saturday, December 10, 2016 1:30 PM IST
ന്യൂഡൽഹി: സർക്കാരിന്റെ കറൻസി റദ്ദാക്കലിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ വളർന്നത് ഡിജിറ്റൽ പേമെന്റ് കമ്പനികൾ. കറൻസി റദ്ദാക്കൽ ഒരു മാസം പിന്നിടുമ്പോൾ 300 ശതമാനം വളർച്ചയാണ് ഡിജിറ്റൽ പേമെന്റ് മേഖല നേടിയത്.

സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഇ–വാലറ്റ് സേവനങ്ങളായ ഓക്സിജൻ, പേടിഎം, മൊബി ക്വിക്ക് തുടങ്ങിയവയുടെ പ്രതിദിന ഇടപാടുകളുടെ എണ്ണം 63 ലക്ഷമായി (ഡിസംബർ ഏഴു വരെ) ഉയർന്നു. വളർച്ച 271 ശതമാനം. കറൻസി റദ്ദാക്കിയ നവംബർ എട്ടിന് 17 ലക്ഷം ഇടപാടുകൾ മാത്രമാണു നടന്നത്. രൂപയുമായി ബന്ധപ്പെടുത്തിയാൽ പ്രതിദിന കൈമാറ്റം 52 കോടി രൂപയിൽനിന്ന് 191 കോടി രൂപയായി ഉയർന്നു.

റൂപേ കാർഡുകളുടെ ഉപയോഗത്തിൽ 316 ശതമാനം വർധനയുണ്ടായി. പ്രതിദിന ഇടപാടുകൾ 3.85 ലക്ഷത്തിൽനിന്ന് 16 ലക്ഷമായി ഉയർന്നു. ഇത് തുകയായി തിട്ടപ്പെടുത്തിയാൽ 39 കോടിയിൽനിന്ന് 236 കോടി രൂപയായി (503 ശതമാനം വളർച്ച).

ഈ പ്രവണത നീണ്ടുനിൽക്കുമെന്നാണ് സർക്കാരിന്റെയും ഡിജിറ്റൽ പേമെന്റ് കമ്പനികളുടെയും പ്രതീക്ഷ. ചുരുങ്ങിയത് കറൻസികൾ യഥേഷ്‌ടം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതു വരെയെങ്കിലും. ഡിജിറ്റൽ പേമെന്റുകൾക്ക് ഇൻസെന്റീവ് നല്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഡിജിറ്റൽ പണമിടപാടുകളിൽ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.


രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്കു തിരിയുമ്പോൾ ഓരോ ഇടപാടും തിട്ടപ്പെടുത്താം, നികുതി കൃത്യമായി പിരിക്കാം, രാജ്യത്തെ സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കാം തുടങ്ങിയവയാണ് സർക്കാരിന്റെ പ്രതീക്ഷകൾ.

വാലറ്റ് കമ്പനികൾ ചാകര കിട്ടിയ ആഹ്ലാദത്തിലാണ്. കറൻസി റദ്ദാക്കലിന്റെ ആനുകൂല്യത്തിൽ അടുത്ത രണ്ടു–മൂന്നു വർഷംകൊണ്ട് 35,000 കോടി ഡോളറിന്റെ ഇടപാടുകൾ നടക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എങ്കിലും കറൻസികൾ ആവശ്യാനുസരണം ലഭിച്ചുതുടങ്ങിയാൽ ഈ കുതിപ്പ് തളരുമെന്നും ഡിജിറ്റൽ വാലറ്റ് കമ്പനികൾ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.