വാഹനവി​ല്പ​ന 16 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ: സിയാം
Tuesday, January 10, 2017 1:46 PM IST
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: ന​വം​ബ​ർ എ​ട്ടി​ലെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ൽ രാ​ജ്യ​ത്തെ വാ​ഹ​ന​വി​പ​ണി കൂ​പ്പു​കു​ത്തി. 16 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വാ​ണ് ഡി​സം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ൽ ന​ട്ടം​തി​രി​ഞ്ഞ ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി കു​റ​ഞ്ഞ​താ​ണ് ഡി​സം​ബ​ർ മാ​സ​ത്തെ വാ​ഹ​ന​വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മനു​ഫാ​ക്ചറേ​ഴ്സ് (സി​യാം) അ​റി​യി​ച്ചു.

ഡി​സം​ബ​റി​ലെ മൊ​ത്തം വി​ല്പ​ന 18.66 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 12.21 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​യി. 2000നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​യാ​ണി​ത്. അ​ന്ന് വി​ല്പ​ന​യി​ൽ 21.81 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന പോ​യ മാ​സം 1.4 ശ​ത​മാ​നം ഇ​ടി​ഞ്ഞ​പ്പോ​ൾ സ്കൂ​ട്ട​ർ, മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ല്പ​ന 22.04 ശ​ത​മാ​ന​മാ​ണ് താ​ഴേ​ക്കു​ പോ​യ​ത്, ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ഇ​ടി​വ്. ഗ്രാ​മീ​ണമേ​ഖ​ല​യി​ൽ ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ച്ച​തി​ന്‍റെ തെ​ളി​വാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ വ​ലി​യ ഇ​ടി​വ്.

ഇ​തൊ​രു താ​ത്കാ​ലി​ക പ്ര​തി​ഭാ​സ​മാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണെ​ന്ന് സി​യാം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി​ഷ്ണു മാ​തു​ർ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​ന്നി​ലെ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക രാ​ഷ്‌​ട്ര​മാ​യ ഇ​ന്ത്യ​യി​ലെ ക​റ​ൻ​സി വി​നി​യോ​ഗം കു​റ​യ്ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ശ്ര​മ​വും വി​ല്പ​ന​യി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​യാം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 12 ശ​തമാ​നം വ​ള​ർ​ച്ച ല​ക്ഷ്യം​വ​ച്ച വാ​ഹ​ന​മേ​ഖ​ല​യ്ക്ക് ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ വ​ലി​യ തി​രി​ച്ച​ടി ന​ല്കി.

ഡി​സം​ബ​റി​ൽ വാ​ഹ​ന​വി​പ​ണി 18.66 ശ​ത​മാ​നം ഇ​ടി​ഞ്ഞു. തൊ​ട്ടുമു​ന്പ​ത്തെ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 5.48 ശ​മ​താ​നം ഇ​ടി​വു​മാ​ണി​ത്. ലൈ​റ്റ് കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​പണി​യി​ൽ 1.15 ശ​ത​മാ​നം എ​ന്ന നേ​രി​യ മു​ന്നേ​റ്റ​മു​ണ്ടാ​യ‌ി. മ​റ്റു വി​ഭാ​ഗ​ങ്ങ​ളു​ടെ വ​ള​ർ​ച്ചാ​സൂ​ചി​ക താ​ഴേ​ക്കാ​യി​രു​ന്നു. യാ​ത്രാവാ​ഹ​ന വി​ല്പ​ന ഡി​സം​ബ​റി​ൽ 1.36 ശ​ത​മാ​നം ഇ​ടി​ഞ്ഞു. തൊ​ട്ടു ത​ലേ മാ​സം 1.82 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ടി​വ്. ഇതിൽ യാത്രാകാ​റു​ക​ളു​ടെ വി​ല്പ​ന 8.14 ശ​ത​മാ​ന​വും യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടേ​ത് 29.94 ശ​ത​മാ​ന​വും വാ​നു​ക​ളു​ടേ​ത് 18.76 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളാ​യ മാ​രു​തി വി​റ്റാ​ര ബ്ര​സ, ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ, ഹ്യു​ണ്ടാ​യി ക്രെ​റ്റ എ​ന്നി​വ​യു​ടെ വി​ല്പ​ന അ​ല്പം കു​തി​പ്പു കാ​ണി​ച്ചെ​ങ്കി​ലും മൊ​ത്ത വി​ഭാ​ഗം താ​ഴേ​ക്കു​ത​ന്നെ.


ഇ​തി​നു മു​ന്പ് പാ​സ​ഞ്ച​ർ കാ​റു​ക​ളു​ടെ വി​ല്പ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വ് 2014 ഒ​ക്‌​ടോ​ബ​റി​ലും 2014 ഏ​പ്രി​ലി​ലു​മാ​യി​രു​ന്നു. യാ​ഥാ​ക്ര​മം 7.52 ശ​ത​മാ​ന​വും 10.15 ശ​ത​മാ​ന​വു​മാ​യി​രു​ന്നു ഇ​ടി​വ്.

ലൈ​റ്റ് കൊ​മേ​ഴ്സ​്യൽ വെ​ഹി​ക്കി​ളി​ന്‍റെ ചെറിയ മു​ന്നേ​റ്റ​ത്തി​ൽ കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന​വി​പ​ണി​ക്ക് നേ​രി​ട്ട ഇ​ടി​വ് 5.06 ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങി. ഹെ​വി കൊ​മേ​ഴ്സ​ൽ വാ​ഹ​നവി​ല്പ​ന 12.41 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

ഏ​റ്റ​വും വ​ലി​യ ഇ​ടി​വു ദ​ർ​ശി​ച്ച​ത് മു​ച്ച​ക്ര വാ​ഹ​ന​വി​പ​ണിയി​ലാ​ണ്, 36.23 ശ​ത​മാ​നം.
ഇ​രു​ച​ക്ര വാ​ഹ​നവി​പ​ണി​യും ബ​ഫ​ർ സോ​ണി​ൽ​ത്ത​ന്നെ. സ്കൂ​ട്ട​ർ വി​ല്പ​ന​യി​ൽ 15 വ​ർ​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഇ​ടി​വാ​ണ് പോ​യ മാ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 26.38 ശ​ത​മാ​നം. മു​ന്പ് 2001 മാ​ർ​ച്ചി​ൽ 27.05 ശ​ത​മാ​ന​വും 2003 മാ​ർ​ച്ചി​ൽ 23.32 ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി​രു​ന്നു.

മോ​ട്ടോ​ർ സൈ​ക്കി​ളും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നി​ല്ല. 22.50 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നു മു​ന്പ് 2008 ഡി​സം​ബ​റി​ൽ 23.07 ശ​ത​മാ​നം വി​ല്പ​ന ഇ​ടി​ഞ്ഞി​രു​ന്നു.