തല്ലിത്തകര്‍ത്ത് ദക്ഷിണാഫ്രിക്ക
Saturday, March 31, 2012 9:55 AM IST
ജൊഹാന്നസ്ബര്‍ഗ്: ന്യൂ ഏജ് ഫ്രണ്ട്ഷിപ് കപ്പ് ഏക ട്വന്റി-20 മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ജാക് കാലിസിന്റെയും (61) കോളിന്‍ ഇന്‍ഗ്രത്തിന്റെയും (78) മികവിലാണ് ആതിഥേയര്‍ 219 ല്‍ എത്തിയത്. ബെഹാര്‍ഡിന്‍ (11 പന്തില്‍ 20), ആല്‍ബി മോര്‍ക്കല്‍ ( മൂന്നു പന്തില്‍ 16) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടിയ എം.എസ്. ധോണി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം അണിനിരന്നത്. ബാറ്റ്സ്മാനായ ഫര്‍ഹാന്‍ ബെഹാര്‍ഡിനും വിക്കറ്റ് കീപ്പര്‍ ഡാനി വിലാസും ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം നടത്തി. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം യൂസഫ് പഠാനെ ഉള്‍പ്പെടുത്തിയാണ് ധോണി ഇറങ്ങിയത്. റോബിന്‍ ഉത്തപ്പ ടീമിലേക്ക് മടങ്ങിയെത്തി.

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന തന്ത്രവുമായാണ് ഓപ്പണിംഗിനിറങ്ങിയ ജാക് കാലിസും റിച്ചാര്‍ഡ് ലെവിയും ക്രീസിലെത്തിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ത്തന്നെ പ്രവീണ്‍ കുമാറിനെതിരേ ലെവി മൂന്നു റണ്‍സ് നേടി. നാലും അഞ്ചും പന്ത് ബൌണ്ടറിയും കടത്തി. ആദ്യ ഓവറില്‍ പിറന്നത് 13 റണ്‍സ്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഇര്‍ഫാന്‍ പഠാനെയും ലെവി വെറുതേവിട്ടില്ല. രണ്ടും മൂന്നും പന്ത് ബൌണ്ടറി ലൈന്‍ കടന്നു. എന്നാല്‍, നാലാം പന്തില്‍ ടൈമിംഗ് പിഴച്ച ലെവി ഫസ്റ് സ്ളിപ്പില്‍ രോഹിത് ശര്‍മയും ക്യാച്ചിലൂടെ പുറത്ത്. ഏഴു പന്തില്‍ നിന്ന് 19 റണ്‍സെടുത്താണ് ലെവി ക്രീസ് വിട്ടത്. മൂന്നാം നമ്പറായി ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രം കാലിസിനൊപ്പം ചേര്‍ന്നു. നേരിട്ട ആദ്യ പന്തുതന്നെ ബൌണ്ടറി കടത്തിയാണ് ഇന്‍ഗ്രം തുടങ്ങിയത്. ഇന്ത്യന്‍ ബൌളിംഗ് നിരയെ ശ്രദ്ധയോടെ നേരിട്ട കാലിസും ഇന്‍ഗ്രവും ദക്ഷിണാഫ്രിക്കയെ 12-ാം ഓവറില്‍ 100 കടത്തി. 13-ാം ഓവറില്‍ രണ്ടുപേരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 15-ാം ഓവറിന്റെ അവസാന പന്തില്‍ കാലിസ് (61) അശ്വിനു മുന്നില്‍ കീഴടങ്ങി. 42 പന്തില്‍നിന്ന് അഞ്ചു ഫോറും രണ്ടു സിക്സും അടക്കമാണ് കാലിസ് 61 റണ്‍സെടുത്തത്. സ്കോര്‍ 168ല്‍ എത്തിയപ്പോള്‍ ഇന്‍ഗ്രവും പുറത്തായി. 50 പന്തില്‍ നിന്ന് എട്ടു ഫോറും മൂന്നു സിക്സും അടക്കം 78 റണ്‍സ് ഇന്‍ഗ്രം നേടി.


ഓസ്ട്രേലിയന്‍ പര്യടനവും ഏഷ്യാ കപ്പും കഴിഞ്ഞെത്തിയ ഇന്ത്യന്‍ ടീം മികച്ച പോരാട്ടമാണ് ദക്ഷിണാഫ്രിക്കയില്‍ നടത്തിയത്. ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റം നടത്തിയതിന്റെ 150-ാം വാര്‍ഷികം കൂടെയാണെന്നതാണ് ദി ന്യൂ ഏജ് ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി-20 മത്സരത്തിന്റെ പ്രത്യേകത. ജാക് കാലിസിന്റെ ബഹുമാനാര്‍ഥമാണ് ഇരുടീമും ഏറ്റുമുട്ടിയത്. ജാക് കാലിസ് ഫൌണ്േടഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടിയാണ് ഈ മത്സരത്തില്‍ ലഭിക്കുന്ന തുക ചിലവിടുക.