ഐപിഎല്‍: സൂപ്പര്‍ ചെന്നൈയും സൂപ്പറാകാന്‍ റൈഡേഴ്സും
ഐപിഎല്‍: സൂപ്പര്‍ ചെന്നൈയും സൂപ്പറാകാന്‍ റൈഡേഴ്സും
Saturday, March 31, 2012 10:00 AM IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എതിരാളികള്‍ക്കു പരാജയപ്പെടുത്താന്‍ അല്പം പ്രയാസമുള്ള ടീം. കഴിഞ്ഞ രണ്ടു സീസണിലെയും ചാമ്പ്യന്‍മാര്‍. കുട്ടിക്രിക്കറ്റില്‍ തന്ത്രങ്ങള്‍ മെനയാന്‍ കേമനായ ക്യാപ്റ്റന്‍കൂള്‍ മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വം. ബാറ്റിംഗ് ബൌളിംഗ് നിരകളുടെ തുല്യശക്തി എന്നിങ്ങനെ പറയാനേറെയുണ്ട് സൂപ്പര്‍ കിംഗ്സിനെക്കുറിച്ച്. എന്നിരുന്നാലും കഴിഞ്ഞ സീസണുകളിലെ ചില മത്സരങ്ങളില്‍ ദയനീയ പരാജയങ്ങളും സൂപ്പര്‍ കിംഗ്സിനുണ്ടായിട്ടുണ്ട്. വാലറ്റം വരെയും പൊരുതിനില്‍ക്കുന്ന ടീമംഗങ്ങള്‍ ചെന്നൈയുടെ പ്രത്യേകതയാണ്. ഇത്തവണത്തെ ചെന്നൈയുടെ തുറപ്പുചീട്ട് രവീന്ദ്ര ജഡേജ തന്നെയാകും. പത്തു കോടി മുടക്കിയാണ് ജഡേജയെ ചെന്നൈ ഈ സീസണില്‍ സ്വന്തമാക്കിയത്. സീസണ്‍ അഞ്ചിന്റെ ലേലത്തില്‍ വിലകൂടിയ താരവും ജഡേജതന്നെയായിരുന്നു.

ബൌളിംഗ് നിരയില്‍ പ്രധാനമായും മൂന്നു സ്പിന്‍ ശക്തികളാണ് ആര്‍. അശ്വിന്‍, ഷദബ് ജഗാദി, സൂരജ് രണ്‍ദീവ് എന്നിവര്‍. ഒപ്പം സുരേഷ് റെയ്നയുടെ ഓഫ് സ്പിന്നും. മൈക്ക് ഹസി, ഡാരണ്‍ ബ്രാവൊ, ആല്‍ബി മോര്‍ക്കല്‍ എന്നീ മൂന്നു വിദേശകളിക്കാരെ സൂപ്പര്‍ കിംഗ്സ് തെരഞ്ഞടുത്തത് വളരെ ബുദ്ധിപൂര്‍വമാണ്. മികച്ച ഓള്‍റൌണ്ടര്‍മാരായ ഇവര്‍ സന്ദര്‍ഭോചിതമായി കളിക്കാന്‍ മിടുക്കരാണ്. ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും ഇവര്‍ തുല്യശക്തികളാണ്. ഉചിതമായ സമയത്ത് ഇവരെ ഉപയോഗിച്ച് അട്ടിമറികള്‍ നടത്താന്‍ ക്യാപ്റ്റന്‍ കൂളും കേമനാണ്. എന്നാല്‍, മൈക്ക് ഹസി ടൂര്‍ണമെന്റിന്റെ പകുതിയോടെ മാത്രമേ എത്തുകയുള്ളൂ. ഹസിക്കു പകരം അതുവരെ ജോര്‍ജ് ബെയ്ലിയാകും കളിക്കാനിറങ്ങുക

ദേശി ബോയ്സ് എന്നു വിശേഷിപ്പിക്കാവുന്ന വാശിയോടെ പൊരുതാന്‍ തയാറായി നില്‍ക്കുന്ന ഇന്ത്യക്കാരായ മൂന്നു ചെറുപ്പക്കാര്‍ സൂപ്പര്‍ കിംഗ്സിന്റെ മറ്റൊരു പ്രത്യേകതയാണ് - എസ്. ബദ്രിനാഥ്, എം. വിജയ്, എസ്. അനിരുദ്ധ. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു പരിചയമില്ലങ്കിലും കുട്ടിക്രിക്കറ്റില്‍ ഇവരുടെ കേമത്തം തെളിഞ്ഞതാണ്. ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായിറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിജയം നല്‍കുന്ന ആത്മവിശ്വാസത്താല്‍ കൂടുതല്‍ കരുത്തോടെ കിരീടം നിലനിര്‍ത്തുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ചെന്നൈക്കുണ്ടാവില്ല.

ടീം: എം.എസ്. ധോണി(ക്യാപ്റ്റന്‍), സുരേഷ് റെയ്ന, എസ്. ബദരിനാഥ്, കെ. ശ്രീ വാസുദേവദാസ്, അനിരുദ്ധ ശ്രീകാന്ത്, അഭിനവ് മുകുന്ദ്, ആര്‍. അശ്വിന്‍, ജഗാദി, സുദീപ് ത്യാഗി, ജോഗീന്ദര്‍ ശര്‍മ, യോ മഹേഷ്, രവീന്ദ്ര ജഡേജ, സൂരജ് രണ്‍ദീവ്, ഗണപതി വിഘ്നേശ്, വൃദ്ധിമാന്‍ സാഹ.

വിദേശ കളിക്കാര്‍: മൈക്ക് ഹസി, ജോര്‍ജ് ബെയ്ലി, ഡഗ് ബോളിഞ്ചര്‍, ബെന്‍ ഹില്‍ഫനോസ്, നുവാന്‍ കുലശേഖര, ആല്‍ബി മോര്‍ക്കല്‍, ഡാരന്‍ ബ്രോവോ, സ്കോട്ട് സ്റൈറിസ്, ഫ്രാന്‍സിസ് ഡുപ്ളെസിസ്. ഹെഡ് കോച്ച്: സ്റീഫന്‍ ഫ്ളെമിംഗ്.


കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ആറ് മികച്ച ഓപ്പണര്‍മാര്‍, പരിചയസമ്പത്തും യുവത്വവും ഇടകലര്‍ന്ന കൂട്ടായ്മ, മികച്ച ബൌളിംഗ്നിര- ഇതൊക്കെയുണ്ടായിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ നാലു സീസണുകള്‍ കളിച്ചിട്ടും ഒരു തവണ മാത്രമാണ് നൈറ്റ് റൈഡേഴ്സിന് ആദ്യ നാലു സ്ഥാനത്ത് എത്താന്‍ സാധിച്ചത്. ടീമില്‍ മികച്ച താരങ്ങളുടെ അഭാവമാണ് ഈ പരാജയത്തിനു കാരണമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം ഐപിഎലിന്റെ ആദ്യസീസണിലെ ഉദ്ഘാടനമത്സരത്തില്‍ ബ്രണ്ടന്‍ മക്കലത്തിന്റെ പൊള്ളുന്ന പ്രകടനം ഇന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ മക്കല്ലം കേരള ടസ്കേഴ്സിലേക്കു പോയെങ്കിലും ഇത്തവണ വീണ്ടും നൈറ്റ് റൈഡേഴ്സിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, പുതുതായെത്തിയ വെസ്റിന്‍ഡീസ് രഹസ്യായുധമായ സുനില്‍ നരെയ്ന്‍, ദക്ഷിണാഫ്രിക്കന്‍ ബൌളറായ മര്‍ച്ചന്റ് ഡി ലാംഗ് എന്നിവരില്‍ ടീം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.

ആദ്യ രണ്ടു സീസണുകളിലും നൈറ്റ് റൈഡേഴ്സിന്റെ പരിശീലകന്‍ ജോണ്‍ ബുക്ക്നന്‍ ആയിരുന്നു. മൂന്നാം സീസണില്‍ പരിശീലകന്‍ ഡേവിഡ് വാട്ട്മോറായി. കഴിഞ്ഞ തവണ പരിശീലകസ്ഥാനം അലങ്കരിച്ചത് ട്രെവര്‍ ബേയ്ലിസാണ്. ഇത്തവണയും അദ്ദേഹം തന്നെ തുടരും. നൈറ്റ് റൈഡേഴ്സ് ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടുന്നത് വീരേന്ദര്‍ സെവാഗ് നയിക്കുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ്. എതിരാളികളെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ പ്രാപ്തരായ രണ്ടു ബാറ്റ്സ്മാന്മാരാണ് നൈറ്റ് റൈഡേഴ്സിനു സ്വന്തമായുള്ളത് യൂസഫ് പഠാനും ബ്രണ്ടന്‍ മക്കല്ലവും. ലഭിക്കുന്ന ഒന്നോ രണ്േടാ ബൌളിലൂടെപ്പോലും കളിയുടെ ഗതി മാറ്റിമറിക്കാന്‍ ധൈര്യമുള്ളവര്‍.

ബ്രെറ്റ് ലീ, പാറ്റിന്‍സണ്‍, ഡി ലാംഗ് തുടങ്ങിയ ഫാസ്റ് ബൌളേഴ്സാണ് ശക്തികേന്ദ്രങ്ങള്‍. ഇവരോടൊപ്പം അഞ്ചു സ്പിന്നര്‍മാരും ചേരുമ്പോള്‍ ബൌളിംഗ്നിരപൂര്‍ണമാകും. കഴിഞ്ഞ നാലു സീസണുകളിലെയും കനത്ത പരാജയങ്ങളില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ട് ആദ്യ നാലിലെങ്കിലുമെത്താനാകും ബോളിവുഡ് സൂപ്പര്‍സ്റാര്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം.

ടീം: ഗൌതം ഗംഭീര്‍(ക്യാപ്റ്റന്‍), യൂസഫ് പഠാന്‍, മനോജ് തിവാരി, ലക്ഷ്മിപതി ബാലാജി, ജയ്ദേവ് ഉനദ്കട്ട്, രജത് ഭാട്യ, മന്‍ലീന്ദര്‍ ബിസ്ല, ഇക്ബാല്‍ അബ്ദുള്ള, ലക്ഷ്മി ശുക്ള, ചിരാഗ് ജാനി, ദേബാബത്ര ദാസ്, സരബ്ജിത് ലാഡ, സഞ്ജു സാംസണ്‍, പ്രദീപ് സാങ്വാന്‍, ഇറേഷ് സക്സേന, ഷമി അഹമ്മദ്.

വിദേശ കളിക്കാര്‍: കാലിസ്, മര്‍ച്ചനന്റ് ഡി ലാംഗ്, ബ്രെറ്റ് ലീ, ബ്രണ്ടന്‍ മക്കല്ലം, ഇയാന്‍ മോര്‍ഗണ്‍, സുനില്‍ നരെയ്ന്‍, ജെയിംസ് പാറ്റിന്‍സണ്‍, ഷക്കിബ് അല്‍ ഹസന്‍, റെയാന്‍ ടെന്‍ദോഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.