ഇന്ത്യ- ഇംഗ്ളണ്ട് ടെസ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം
ഇന്ത്യ- ഇംഗ്ളണ്ട് ടെസ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം
Thursday, November 15, 2012 10:29 PM IST
പ്രതികാരപ്പോരിനു മൊട്ടേറ സാക്ഷി

അഹമ്മദാബാദ്: മൊട്ടേറ സ്റ്റേഡിയം പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കുകയാണ്. ഇന്ത്യ- ഇംഗ്ളണ്ട് ടെസ്റ് പരമ്പരയുടെ കേളികൊട്ടിന്. സമീപകാലത്ത് സ്വന്തം നാട്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തി ഇംഗ്ളണ്ട് നെഞ്ചുവിരിച്ചു കഴിഞ്ഞു. ഇംഗ്ളീഷ് മണ്ണില്‍ കഴിഞ്ഞവര്‍ഷം നേരിടേണ്ടിവന്ന വന്‍ നാണക്കേടിന് പ്രായശ്ചിത്തം ചെയ്യുകയും ഒപ്പം അതേ നാണയത്തിലുള്ള ഒരു തിരിച്ചടിയും ടീം ഇന്ത്യ സ്വപ്നം കാണുന്നു. അങ്ങനെ ഇന്ത്യ- ഇംഗ്ളണ്ട് ടെസ്റ് പരമ്പരയുടെ ആവേശച്ചൂട് ഉച്ചസ്ഥായിയിലെത്തിക്കഴിഞ്ഞു. നാലു മത്സരങ്ങളടങ്ങിയ ടെസ്റ് പരമ്പരയിലെ ആദ്യ പന്തെറിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ടീമുകള്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി സര്‍വസജ്ജരായി. 1932ല്‍ തുടങ്ങിയ ഇന്ത്യ- ഇംഗ്ളണ്ട് ടെസ്റ് പോരിന് 103 മത്സരങ്ങളുടെ ചരിത്രം പറയുവാനുണ്ട്. ഇതില്‍ 19 എണ്ണത്തില്‍ മാത്രം ഇന്ത്യ ജയിച്ചപ്പോള്‍ ഇംഗ്ളണ്ട് 38 മത്സരത്തില്‍ ജയമാഘോഷിച്ചു. ബാക്കിയുള്ള 46 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

മൊട്ടേറ കഥകള്‍ പ്രതികൂലം

മൊട്ടേറയിലെ സര്‍ദാര്‍ പട്ടേല്‍ സ്റേഡിയം പറയുന്ന കഥകള്‍ ഇന്ത്യക്ക് അത്രദഹിക്കുന്നവയല്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ, ഇവിടെ ഒരു ടെസ്റ് മത്സരത്തില്‍പോലും വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2005 ഡിസംബറില്‍ ശ്രീലങ്കയെ 259 റണ്‍സിനു പരാജയപ്പെടുത്തിയതാണ് ഇന്ത്യയുടെ അവസാന ടെസ്റ് വിജയം. 2008ല്‍ നടന്ന ടെസ്റില്‍ ഡെയ്ല്‍ സ്റെയിനിന്റെ തീപ്പൊരി ബൌളിംഗില്‍ ഇന്ത്യ ചാമ്പലായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് 90 റണ്‍സിനായിരുന്നു. വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി എന്നിവരടങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നത് കേവലം 20 ഓവറിനിടെയായിരുന്നു. സമ്പാദിച്ചതാകട്ടെ 76 റണ്‍സും. പിന്നീട് നടന്ന രണ്ടു ടെസ്റുകള്‍ സമനിലയില്‍ കലാശിച്ചു.

ഇവിടെ ഇന്ത്യ കളിച്ച 11 ടെസ്റുകളില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമാണു വിജയിച്ചത്. 1996ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ശ്രീനാഥ് തിളങ്ങിയ മത്സരവും ഇവിടെയാണു നടന്നത്. ഇന്ത്യയുടെ സ്കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 105 റണ്‍സിനു പുറത്താക്കുമ്പോള്‍ ശ്രീനാഥ് നേടിയത് 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ്. 2006നുശേഷം ഇവിടെ വീണ 45 വിക്കറ്റുകളില്‍ 33ഉം നേടിയത് സ്പിന്നര്‍മാരാണ്.

നടുവൊടിയാതെ ധോണിക്കൂട്ടം

രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി എന്നീ മൂന്നു പേരുമില്ലാതെ ഇന്ത്യ ഇറങ്ങുന്ന ടെസ്റില്‍ നടുവൊടിയാതെയിരിക്കുക എന്നുള്ളതാണ് ഇന്ത്യയുടെയും നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും പ്രഥമ ലക്ഷ്യം. രാഹുല്‍ ദ്രാവിഡിനു പകരം ചേതേശ്വര്‍ പൂജാരയെയാണ് ആ മഹത്തായ മൂന്നാം നമ്പറില്‍ നിയോഗിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നാലാം സ്ഥാനത്തു വരുമ്പോള്‍ തൊട്ടുപിന്നാലെ വിരാട് കോഹ്്ലിയും പിന്നീട് യുവ് രാജ് സിംഗും മഹേന്ദ്രസിംഗ് ധോണിയുമെത്തും.

ഓപ്പണിംഗ് സ്ഥാനത്ത് കാര്യമായ പരീക്ഷണത്തിനു നായകന്‍ മുതിരാനിടയില്ല. മുരളി വിജയും അജിങ്ക്യ രഹാനെയും ടീമിലുണ്െടങ്കിലും വിരേന്ദര്‍ സെവാഗിനെയും ഗൌതം ഗംഭീറിനെയും മാറ്റാനുള്ള ധൈര്യം ധോണി കാണിച്ചേക്കില്ല. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ വിരേന്ദര്‍ സെവാഗിന്റെ ഫോം അപാരമാണ്. എന്നാല്‍, ഇരുവരും ടെസ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട് കാലമേറെയായി. 2010 ജനുവരിയിലാണ് ഗംഭീര്‍ ഒരു സെഞ്ചുറി നേടിയത്. സെവാഗാകട്ടെ 2010 നവംബറിലും.

സമീപകാലത്തെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ നിരാശപകരുന്നതാണ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന സെഞ്ചുറി പിറന്നത് 2011 ജനുവരിയിലാണ്. ബൌളിംഗിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യയുടെ മുന്‍നിര ബൌളര്‍ സഹീര്‍ഖാന്‍ ഒരിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് അവസാനം നേടുന്നത് 2010 ഒക്ടോബറിലാണ്.


സ്പിന്‍ ബൌളിംഗിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമും രണ്ടു സ്പിന്നറെ വീതം കളിപ്പിക്കും. ഇന്ത്യന്‍ നിരയില്‍ പ്രഥമ പരിഗണന ആര്‍. അശ്വിനും പ്രഗ്യാന്‍ ഓജയ്ക്കുമാണ്. അതുകൊണ്ടുതന്നെ ഹര്‍ഭജന്‍ സിംഗിന് കാത്തിരിക്കേണ്ടിവരും. മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാഹചര്യമില്ലെന്ന് നായകന്‍ ധോണിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ളണ്ടിനെ കരുതിയിരിക്കുക

പ്രതികാരത്തിനു കച്ചകെട്ടിയിറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ളണ്ടിനെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. കെവിന്‍ പീറ്റേഴ്സന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര സുശക്തമാണ്. നായകന്‍ അലിസ്റര്‍ കുക്കും ജൊനാഥന്‍ ട്രോട്ടും ഇയാന്‍ ബെല്ലും സമിത് പട്ടേലും മികച്ച ഫോമിലാണ്. കുക്കിനൊപ്പം ഓപ്പണറാകുന്നത് സന്നാഹമത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത നിക് കോംപ്ടണ്‍ ആയിരിക്കും. ബൌളിംഗില്‍ ആന്‍ഡേഴ്സനും ടിം ബ്രസ്നനും സ്റ്റുവര്‍ട്ട് ബ്രോഡുമെത്തുമ്പോള്‍ സുമിത് പട്ടേലും ഗ്രേയം സ്വാനും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യും.

ഇരുടീമുകള്‍ക്കും പരിക്ക് ഒരു പ്രശ്നമാണ്. ഇന്ത്യയുടെ ഇഷാന്ത് ശര്‍മയ്ക്ക് പനിപിടിച്ചപ്പോള്‍ ഇംഗ്ളീഷ് ബൌളര്‍ സ്റ്റീവ് ഫിന്നിന്റെ കാലില്‍ പരിക്കാണ്. അശോക് ദിന്‍ഡയാണ് ശര്‍മയ്ക്കു പകരം ടീമിലെത്തിയിരിക്കുന്നത്.

അന്ന് കുക്കിന് പ്രായം ഒരു മാസം

അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും ഇംഗ്ളണ്ട് ടീം നായകന്‍ ഡേവിഡ് ഗവറുമായിരുന്നു. ഇപ്പോഴത്തെ ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിനാകട്ടെ ഒരു മാസം പ്രായവും. അതെ, ഇംഗ്ളണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയതിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 1984-85 സീസണിലാണ് ഇംഗ്ളണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ഡേവിഡ് ഗവറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ളീഷ് ടീം മൂന്നു ടെസ്റുകളുടെ പരമ്പര 2-1നു സ്വന്തമാക്കി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനു തൊട്ടുപിന്നാലെ നടന്ന ആ പരമ്പരയില്‍ ഇന്ത്യന്‍ ടീം ആകെ വിഷണ്ണരായിരുന്നു. ആ ആഘാതം ടീമിനെ ബാധിച്ചു എന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. അതിനു ശേഷം 28 വര്‍ഷങ്ങളിലായി 12 ടെസ്റുകള്‍ ഇന്ത്യയില്‍ കളിച്ച ഇംഗ്ളണ്ടിനു വിജയിക്കാനായത് കേവലം ഒരെണ്ണത്തിലാണ്. സ്പിന്‍ ബൌളിംഗിനെ നേരിടുന്നതിനുള്ള ഇംഗ്ളീഷ് ടീമിന്റെ ദൌര്‍ബല്യമാണ് പലപ്പോഴും അവര്‍ക്കു വിനയായിട്ടുള്ളത്. ഇപ്പോഴും ആ ന്യൂനത പരിഹരിക്കാനായിട്ടില്ല.

സാധ്യതാ ടീം

ഇന്ത്യ

വിരേന്ദര്‍ സെവാഗ്, ഗൌതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്്ലി, യുവ്രാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി, ആര്‍. അശ്വിന്‍, സഹീര്‍ഖാന്‍, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്.

ഇംഗ്ളണ്ട്

അലിസ്റര്‍ കുക്ക്, നിക് കോംപ്ടണ്‍, കെവിന്‍ പീറ്റേഴ്സണ്‍, ഇയാന്‍ ബെല്‍, സമിത് പട്ടേല്‍, ജോണി ബെയര്‍സ്റ്റോ, ഇയോന്‍ മോര്‍ഗന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്സണ്‍, ടിം ബ്രസ്നന്‍, ഗ്രേയം സ്വാന്‍.

അമ്പയര്‍മാര്‍

അലിം ദാര്‍, ടോണി ഹില്‍, സുധീര്‍ അസ്രാണി

മാച്ച് റഫറി- റോഷന്‍ മഹാനാമ

ടെസ്റ് ഷെഡ്യൂള്‍

ഒന്നാം ടെസ്റ്: നവംബര്‍ 15 മുതല്‍ 19 വരെ അഹമ്മദാബാദില്‍
രണ്ടാം ടെസ്റ്: നവംബര്‍ 23 മുതല്‍ 27 വരെ മുംബൈയില്‍
മൂന്നാം ടെസ്റ്: ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ കോല്‍ക്കത്തയില്‍
നാലാം ടെസ്റ്റ്: ഡിസംബര്‍ 13 മുതല്‍ 17 വരെ നാഗ്പൂരില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.