ഇന്ത്യക്ക് ഇന്നിംഗ്സ് ജയമോഹം
ഇന്ത്യക്ക് ഇന്നിംഗ്സ് ജയമോഹം
Sunday, November 18, 2012 9:38 PM IST
അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റിന്റെ നാലാം ദിനം ഇന്നാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസിലുള്ളത് ഒരു ചോദ്യം. ഇന്നിംഗ്സ് ജയം നേടാനാകുമോ എന്ന്. ഫോളോ ഓണ്‍ വഴങ്ങിയ ഇംഗ്ളണ്ട് മൂന്നാംദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ രണ്ടാം ഇന്നിംഗ്സില്‍ 111 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ പടുത്തുയര്‍ത്തിയ റണ്‍മലയുടെ പരിസരത്തൊന്നും ഇംഗ്ളണ്ടിന് എത്താന്‍ സാധിച്ചില്ല. അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ പ്രഗ്യാന്‍ ഓജയും മൂന്നു വിക്കറ്റ് നേടിയ ആര്‍. അശ്വിനും ചേര്‍ന്ന് ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 191 ല്‍ ഒതുക്കി ഫോളോ ഓണിലേക്ക് തള്ളിവിട്ടു. 330 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ 74 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കും 34 റണ്‍സുമായി നിക് കോംപ്ടണുമാണ് ക്രീസില്‍. സ്കോര്‍: ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 521 ഡിക്ളയേര്‍ഡ്. ഇംഗ്ളണ്ട് 191, വിക്കറ്റ് നഷ്ടമില്ലാതെ 111.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ളണ്ട് മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ചുറിയും വിരേന്ദര്‍ സെവാഗിന്റെ സെഞ്ചുറിയും നല്‍കിയ തിളക്കത്തില്‍ കൂറ്റന്‍ സ്കോറിലെത്തിയ ഇന്ത്യ രണ്ടാം ദിനത്തിന്റെ അവസാനം മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. 22 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കും ആറു റണ്‍സുമായി കെവിന്‍ പീറ്റേഴ്സനും മൂന്നാം ദിനം ക്രീസിലെത്തി. ഇന്ത്യ ഒരുക്കിവച്ചിരുന്ന സ്പിന്‍ കുരുക്കിലേക്കാണ് ഇരുവരും എത്തിയത്. സ്കോര്‍ബോര്‍ഡില്‍ 69 റണ്‍സുള്ളപ്പോള്‍ കെവിന്‍ പീറ്റേഴ്സന്‍ (17) പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ബൌള്‍ഡ്. ഇംഗ്ളണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 69. അടുത്ത പന്തില്‍ ഇയാന്‍ ബെല്‍ സച്ചിന്റെ ക്യാച്ചിലൂടെ പുറത്ത്. ഓജയുടെ ഈ ഇരട്ട പ്രഹരം ഇംഗ്ളണ്ടിന്റെ മസ്തകത്തിലേറ്റ അടിയായി.

മൂന്നാം ദിനത്തിന്റെ തുടക്കത്തിലേ ലഭിച്ച ഈ പ്രഹരത്തില്‍ നിന്ന് മുക്തമാകാന്‍ പിന്നീട് ഇംഗ്ളണ്ടിനു സാധിച്ചില്ല.

ഓജയുടെ അഞ്ചു വിക്കറ്റും അശ്വിന്റെ പിന്തുണയും

അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയുടെ നിറഞ്ഞാട്ടത്തിനായിരുന്നു മൂന്നാം ദിനം മോട്ടേറ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പീറ്റേഴ്സനെയും ഇയാന്‍ ബെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ മടക്കി പ്രഗ്യാന്‍ ഓജ ഇംഗ്ളണ്ടിനെ ഫോളോ ഓണിലേക്കു തള്ളിവിടുകയായിരുന്നു. ഇതു നാലാം പ്രാവശ്യമാണ് ഓജ ഒരിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത്. രണ്ടാം ദിനം ജയിംസ് ആന്‍ഡേഴ്സനെ വീഴ്ത്തിയ ഓജ പീറ്റേഴ്സന്‍, ഇയാന്‍ ബെല്‍, മാര്‍ക് പ്രിയര്‍, ടിം ബ്രെസ്നന്‍ എന്നിവരെ ഇന്നലെ മടക്കിയയച്ചു.


ഓജ - അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ടാണ് ഇംഗ്ളണ്ടിന്റെ എട്ടു വിക്കറ്റുകള്‍ വീതിച്ചെടുത്തത്. ഇരുവരും ഇടംവലം സ്പിന്നിലൂടെ ഇംഗ്ളണ്ടിനെ വരിഞ്ഞുമുറുക്കി. ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കിനെ (41) മടക്കിയയച്ച് അശ്വിന്‍ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. ചായയ്ക്കു പിരിയുന്നതിനു തൊട്ടുമുമ്പ് ഇന്ത്യ ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനു ഫുള്‍സ്റോപ്പിട്ടു. ഫോളോ ഓണിനു നിര്‍ബന്ധിതരായ ഇംഗ്ളണ്ട് വഴങ്ങിയത് 330 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ടെസ്റ്റ് രണ്ടു ദിനം കൂടിശേഷിക്കേ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ അദ്ഭുതംകാട്ടിയാല്‍ മാത്രമേ തോല്‍വി ഒഴിവാക്കാന്‍ സാധിക്കു. ഇന്ത്യ കൊതിക്കുന്നത് ഒരു ഇന്നിംഗ്സ് ജയമാണ്. ഇംഗ്ളണ്ട് പൊരുതുന്നത് ആ നാണക്കേട് ഒഴിവാക്കാനും. 74 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കും 34 റണ്‍സുമായി നിക് കോംപ്ടണുമാണ് ക്രീസില്‍. കുക്കിന്റെ പോരാട്ടത്തില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് ജയമെന്ന സ്വപ്നം തടയപ്പെടുമോയെന്നാണ് ഇന്നറിയേണ്ടത്.

സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: എട്ടു വിക്കറ്റ് നഷ്ടത്തില്‍ 521 ഡിക്ളയേര്‍ഡ്. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ്: അലിസ്റര്‍ കുക്ക് സി സെവാഗ് ബി അശ്വിന്‍ 41, നിക് കോംപ്ടണ്‍ ബി അശ്വിന്‍ 9, ജയിംസ് ആന്‍ഡേഴ്സന്‍ സി ഗംഭീര്‍ ബി ഓജ 2, ജോനാഥന്‍ ട്രോട്ട് സി പൂജാര ബി അശ്വിന്‍ 0, കെവിന്‍ പീറ്റേഴ്സന്‍ ബി ഓജ 17, ഇയാന്‍ ബെല്‍ സി സച്ചിന്‍ ബി ഓജ 0, സമിത് പട്ടേല്‍ എല്‍ബിഡബ്ള്യു ബി ഉമേഷ് യാദവ് 10, മാര്‍ക്ക് പ്രിയര്‍ ബി ഓജ 48, ടിം ബ്രെസ്നന്‍ സി കോഹ്ലി ബി ഓജ 19, സ്റൂവര്‍ട്ട് ബ്രോഡ് എല്‍ബിഡബ്ള്യു ബി സഹീര്‍ഖാന്‍ 25, ഗ്രെയിം സ്വാന്‍ നോട്ടൌട്ട് 3, എക്സ്ട്രാസ് 17, ആകെ 191 ന് പുറത്ത്.

ബൌളിംഗ്: ആര്‍. അശ്വിന്‍ 27-9-80-3, സഹീര്‍ ഖാന്‍ 15-7-23-1, പ്രഗ്യാന്‍ ഓജ 22.2-8-45-5, യുവ്രാജ് സിംഗ് 3-0-12-0, ഉമേഷ് യാദവ് 7-2-14-1.

ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ്: അലിസ്റര്‍ കുക്ക് നോട്ടൌട്ട് 74, നിക് കോംപ്ടണ്‍ നോട്ടൌട്ട് 34, എക്സ്ട്രാസ് 3, ആകെ വിക്കറ്റ് നഷ്ടമില്ലാതെ 111. ബൌളിംഗ്: ഉമേഷ് യാദവ് 7-1-15-0, പ്രഗ്യാന്‍ ഓജ 14-3-34-0, ആര്‍. അശ്വിന്‍ 14-3-49-0, വിരേന്ദര്‍ സെവാഗ് 1-0-1-0, സഹീര്‍ ഖാന്‍ 1-0-1-0, സച്ചിന്‍ 1-0-8-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.