സെഞ്ചുറി രുചിയില്‍ കുക്കിംഗ്
സെഞ്ചുറി രുചിയില്‍ കുക്കിംഗ്
Monday, November 19, 2012 10:07 PM IST
അഹമ്മദാബാദ്: അലിസ്റര്‍ കുക്ക് വലിയ ഒരു യാത്രയിലാണ്. എല്ലാത്തരം പിച്ചിലും, പ്രത്യേകിച്ച് സ്പിന്‍ പിച്ചുകളില്‍ കഴിവു തെളിയിച്ചു മുന്നേറുന്ന ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ അഭാവത്തിന് അപവാദമായി കുക്ക് മുന്നേറുന്നു. ഈ യാത്രയുടെ പാതിവഴിയില്‍ അലിസ്റര്‍ കുക്ക് ഇംഗ്ളണ്ട് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. മൊട്ടേറയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ ഒന്നാം ടെസ്റില്‍ ഫോളോ ഓണ്‍ ചെയ്ത ഇംഗ്ളണ്ടിനെ ഒറ്റയ്ക്കു ചുമലിലേറ്റി ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേടില്‍നിന്ന് കുക്ക് രക്ഷപ്പെടുത്തി.

ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സിനു മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിനു പുറത്തായ ഇംഗ്ളണ്ട് 330 റണ്‍സിന്റെ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ കുക്കിന്റെ വീരോചിത പോരാട്ടം ഇംഗ്ളണ്ടിനു ലീഡ് സമ്മാനിച്ചു. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ളണ്ട് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 340 എന്ന നിലയിലാണ്; 10 റണ്‍സ് ലീഡ്. സെഞ്ചുറി രുചിയോടെ 168 റണ്‍സുമായി കുക്കും 84 റണ്‍സുമായി മാറ്റ് പ്രയറുമാണ് ക്രീസില്‍. ഒരു ദിവസം മുഴുവനും ബാറ്റ് ചെയ്ത കുക്കിന്റെ പോരാട്ടവീര്യം തകര്‍ക്കാന്‍ ഇന്ത്യയുടെ ഒരു ബൌളര്‍ക്കുമായില്ല.

മത്സരത്തില്‍ ഇപ്പോഴും ഇന്ത്യക്കുതന്നെയാണ് മേല്‍ക്കൈ എങ്കിലും ഇന്ന് ഒരു സെഷന്‍കൂടി ഇരുവരും തുടര്‍ന്നാല്‍ മത്സരം സമനിലയിലാകുമെന്നുറപ്പാകും. കുക്കിന്റെ അനുപമ ചാരുതയാര്‍ന്ന ബാറ്റിംഗില്‍ ഓജയുടെയും അശ്വിനിന്റെയും സ്പിന്‍ പാടവത്തിന് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. നായകനെന്ന നിലയില്‍ മൂന്നാമത്തെ മത്സരം മാത്രം കളിക്കുന്ന കുക്ക് ഈ മൂന്നു തവണയും സെഞ്ചുറി നേടി എന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിച്ച ഏക നായകനാണ് കുക്ക്. വളരെ ക്ഷമയോടെ ഓരോ പന്തും നേരിട്ട് എട്ടു മണിക്കൂറിലേറെയാണ് കുക്ക് ക്രീസില്‍ ചെലവഴിച്ചത്. സ്പിന്‍ ബൌളിംഗിനെ നേരിടുന്നതില്‍ എന്നും ദുര്‍ബലരായ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ ഇടയില്‍ അപവാദമാവുകയാണ് അലിസ്റര്‍ കുക്ക് എന്ന 27കാരന്‍.

ഒരു സമനില അസാധ്യമാണെന്നു കരുതിയ ഇംഗ്ളീഷ് ടീമിനും ആരാധകര്‍ക്കും കുക്ക് പ്രതീക്ഷ നല്കിയിരിക്കുകയാണ്. 12 വര്‍ഷം മുമ്പ് നാഗ്പൂരില്‍ സിംബാബ്വെ ഫോളോ ചെയ്ത അവസരത്തില്‍ മനോഹരമായ മാരത്തോണ്‍ ഇന്നിംഗ്സിലൂടെ സമനില സമ്മാനിച്ച ഇതിഹാസ ബാറ്റ്സ്മാനായ ആന്‍ഡ് ഫ്ളവറാണ് ഇംഗ്ളണ്ടിന്റെ ഇപ്പോഴത്തെ പരിശീലകനെന്നതും ശ്രദ്ധേയമാണ്. അന്ന് ഒമ്പതു മണിക്കൂറിലേറെ ക്രീസില്‍ ചെലവഴിച്ച ഫ്ളവര്‍ ഇരട്ട സെഞ്ചുറി നേടി പുറത്താകാതെ നിന്നു.

ഡിസിഷന്‍ റിവ്യൂ സിസ്റത്തെ(ഡിആര്‍എസ്) കണ്ണടച്ചെതിര്‍ക്കുന്ന ഇന്ത്യന്‍ സംഘത്തിന് ഓര്‍ക്കാപ്പുറത്ത് ലഭിക്കുന്ന അടികൂടിയായി ഈ മത്സരം. കുക്ക് 41 റണ്‍സില്‍ നില്‍ക്കെ ഓജയെ സ്വീപ്പ് ചെയ്തപ്പോള്‍ ഓജ ചെയ്ത അപ്പീല്‍ അമ്പയര്‍ നിരസിച്ചു. അതുപോലെ പ്രയര്‍ 61ല്‍ നില്‍ക്കേ ഇത്തരത്തിലുള്ള മറ്റൊരു അനുഭവവും ഉണ്ടായി. രണ്ടു ഘട്ടത്തിലും അമ്പയറായ അലീം ദാര്‍ അപ്പീല്‍ നിരസിക്കുകയായിരുന്നു. ടെലിവിഷന്‍ റീപ്ളേയില്‍ ഇരുവരും ഔട്ടാണെന്നു വ്യക്തമാവുകയും ചെയ്തു.


വിക്കറ്റ് നഷ്ടപ്പെടാതെ 111 എന്ന നിലയില്‍ മത്സരം തുടങ്ങിയ ഇംഗ്ളണ്ടിന് പക്ഷേ, തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. ഒന്നിലധികം തവണ എല്‍ബിഡബ്ള്യു അപ്പീലില്‍നിന്നു രക്ഷപ്പെട്ട കോംപ്ടണ്‍ ഒടുവില്‍ കീഴടങ്ങി. സഹീര്‍ഖാനായിരുന്നു കോപ്ടണെ(37) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. പിന്നീടു ക്രീസിലെത്തിയ ജൊനാഥന്‍ ട്രോട്ട് മികച്ച പിന്തുണയാണ് കുക്കിനു നല്കിയത്. മോശം പന്തുകളെ ശിക്ഷിച്ചു മുന്നേറിയെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ ട്രോട്ടിനെ വീഴ്ത്തി. ഓജ ട്രോട്ടിനെ കുക്കിന്റെ കൈക്കുള്ളിലെത്തിക്കുകയായിരുന്നു. പിന്നീട് തുടരെത്തുടരെ വിക്കറ്റുവീണതോടെ ഇംഗ്ളണ്ട് നാലാം ദിനം തന്നെ അവസാനിക്കുമെന്നു കരുതി. പീറ്റേഴ്സനെ(2) മനോഹരമായ പന്തില്‍ ഓജ ക്ളീന്‍ ബൌള്‍ഡാക്കിയപ്പോള്‍ ഇയാന്‍ ബെല്ലിനെയും(22) സമിത് പട്ടേലിനെയും(0) ഉമേഷ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതോടെ ഇംഗ്ളണ്ട് അഞ്ചിന് 199 എന്ന നിലയിലേക്കു കൂപ്പുകുത്തി. ഇതിനിടെ, കുക്ക് തന്റെ കരിയറിലെ 21-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യക്കെതിരായ മൂന്നാമത്തേതും. അഞ്ചുവിക്കറ്റ് വീണശേഷമാണ് അലിസ്റര്‍ കുക്കും പ്രയറും ഒത്തു ചേര്‍ന്നത്. മികച്ച ഒത്തിണക്കത്തോടെ മുന്നേറിയ ഇരുവരും കൂടുതല്‍ നഷ്ടങ്ങള്‍ വരുത്താതെ ഇംഗ്ളണ്ടിനു ശ്വാസം സമ്മാനിച്ചു. ഇരുവരും ഇതുവരെ 141 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ ബൌളിംഗില്‍ ഇന്നലെയും തിളങ്ങിയത് പ്രഗ്യാന്‍ ഓജ തന്നെയായിരുന്നു. അപുകടകാരികളായ ട്രോട്ടിന്റെയും പീറ്റേഴ്സന്റെയും വിക്കറ്റുകള്‍ സ്വന്തമാക്കിയ ഓജയ്ക്ക് പക്ഷേ, കുക്കിന്റെയും പ്രയറിന്റെയും പോരാട്ടവീര്യത്തെ തകര്‍ക്കാനായില്ല. ഉമേഷ് യാദവിന് രണ്ടുവിക്കറ്റ് ലഭിച്ചപ്പോള്‍ സഹീര്‍ഖാനു ലഭിച്ചു ഒരു വിക്കറ്റ്. നിഗൂഢമായ ഒരു ബോള്‍ താന്‍ പ്രയോഗിക്കുമെന്നു വീമ്പിളക്കിയ ആര്‍. അശ്വിന്‍ നാലാം ദിനവും അതു പ്രയോഗിച്ചില്ല.

സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് എട്ടിന് 521 ഡിക്ളയേര്‍ഡ്

ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 191

ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ്

അലിസ്റ്റര്‍ കുക്ക് നോട്ടൌട്ട് 168, കോപ്ടണ്‍ എല്‍ബി ഡബ്ള്യു ബി സഹീര്‍ഖാന്‍ 37, ജൊനാഥന്‍ ട്രോട്ട് സി ധോണി ബി ഓജ 17, പീറ്റേഴ്സണ്‍ ബി ഓജ 2, ബെല്‍ എല്‍ബി ഡബ്ള്യു ബി യാദവ് 22, സമിത് പട്ടേല്‍ എല്‍ബിഡബ്ള്യു ബി യാദവ് 0, മാറ്റ് പ്രയര്‍ നോട്ടൌട്ട് 84, എക്സട്രാസ് 10

ആകെ 128 ഓവറില്‍ അഞ്ചിന് 340(ഫോളോ ഓണ്‍)

വിക്കറ്റ് വീഴ്ച

1-123(കോപ്ടണ്‍), 2-156(ട്രോട്ട്), 3-156(പീറ്റേഴ്സണ്‍), 4-199(ബെല്‍), 5-199(സമിത് പട്ടേല്‍)

ബൌളിംഗ്

ഉമേഷ് യാദവ് 19-1-60-2, പ്രഗ്യാന്‍ ഓജ 44-13-102-2, ആര്‍. അശ്വിന് 41-9-104-0, സെവാഗ് 1-0-1-0, സഹീര്‍ഖാന്‍ 18-3-38-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.