കേരളം 264നു പുറത്ത്; ആസാം നാലിനു 161
Monday, November 19, 2012 10:12 PM IST
പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ ആസാമിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സില്‍ 264 റണ്‍സിനു പുറത്ത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആസാം രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയിലാണ്.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ആറ് വിക്കറ്റ് ശേഷിക്കേ ആസാമിനു 103 റണ്‍സ് കൂടി വേണം. ആസാം ക്യാപ്റ്റനും ഓപ്പണറുമായ ധീരജ് യാദവും തജീന്ദര്‍ സിംഗും ചേര്‍ന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ആസാമിനെ രക്ഷിച്ചത്. 105 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് ആസാം ഇന്നിംഗ്സില്‍ കൂട്ടിച്ചേര്‍ത്തത്. ധീരജ് സിംഗ് 169 പന്തില്‍ നിന്ന് 79 റണ്‍സും തജീന്ദര്‍ സിംഗ് 127 പന്തില്‍ നിന്നും 55 റണ്‍സുമായി ക്രീസിലുണ്ട്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന സ്കോറില്‍ ഇന്നലെ കളി ആരംഭിച്ച കേരളത്തിന്റെ ശേഷിക്കുന്ന അഞ്ചുവിക്കറ്റുകളും ഉച്ചഭക്ഷണത്തിന് മുന്‍പ് നഷ്ടമായി. 26 ഓവര്‍ മാത്രമാണ് ഇന്നലെ കേരളത്തിന്റെ ഇന്നിംഗ്സ് തുടര്‍ന്നത്. കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന് അക്ഷയ് കോടോത്ത് 22 റണ്‍സും റോബര്‍ട്ട് ഫെര്‍ണാണ്ടസ് 39 റണ്‍സും നേടി. പിന്നീടു വന്ന സോണി ചെറുവത്തൂര്‍ 24 റണ്‍സും എസ്. അനീഷ് 16 റണ്‍സും നേടി. അന്‍താഫ് (2), കെ.ആര്‍. ശ്രീജിത്ത് (4) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ആസാമിനുവേണ്ടി ഓഫ് സ്പിന്നര്‍ അര്‍ലിന്‍ കെന്‍വാര്‍ അഞ്ചുവിക്കറ്റ് നേടി. അബു നച്ചിം, സയ്യിദ് മുഹമ്മദ് എന്നിവര്‍ രണ്ടുവിക്കറ്റും അരൂപ് ദാസ് ഒരു വിക്കറ്റും നേടി.


ഉച്ചഭക്ഷണത്തിന് തൊട്ടുമുന്‍പ് ഇന്നിംഗ്സ് ആരംഭിച്ച ആസാമിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. സോണി ചെറുവത്തൂരിന്റെ പന്തില്‍ അഭിഷേക് ഹെഗ്ഡെക്ക് ക്യാച്ച് നല്‍കിയ ഓപ്പണര്‍ പല്ലവ്ദാസാണ് പുറത്തായത്. തുടര്‍ന്നു വന്ന അമിത് സിന്‍ഹ(11)ക്കും ഹൊക്കൈതോ സിമോമി(4)ക്കും ഏറെയൊന്നും ചെയ്യാനായില്ല. രണ്ടുവിക്കറ്റും അന്‍താഫിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.