ഇന്ത്യ - പാക്കിസ്ഥാന്‍ ആദ്യ ട്വന്റി-20 ഇന്ന്
ഇന്ത്യ - പാക്കിസ്ഥാന്‍ ആദ്യ ട്വന്റി-20 ഇന്ന്
Tuesday, December 25, 2012 10:28 PM IST
ബാംഗളൂര്‍: അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരയ്ക്ക് ഇന്നു ബാംഗളൂര്‍ ചിന്നസ്വാമി സ്റേഡിയത്തില്‍ തുടക്കം. ക്രിസ്മസ് ദിനത്തിലെ വെടിക്കെട്ടിനായാണ് പരമ്പരയിലെ ആദ്യ ട്വന്റി-20 നടക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോഴൊക്കെ ആവേശം ഇരട്ടിയാകും. രണ്ടു മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്നു രാത്രി ഏഴിനു കൊമ്പുകോര്‍ക്കും. ഇംഗ്ളണ്ടിനെതിരായ ട്വന്റി-20 പരമ്പര സമനിലയായതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇറങ്ങുക. അഞ്ചു വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്കു ക്ഷണിക്കപ്പെട്ടതിന്റെ ആവേശം ആഘോഷമാക്കാന്‍ പാക്കിസ്ഥാനും. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും അവധിദിനങ്ങളെ സമ്പന്നമാക്കുന്നത് ഇപ്രാവശ്യം ഇന്ത്യ - പാക് പരമ്പരയാണ്. 28 ന് രണ്ടാം ട്വന്റി-20 മത്സരം നടക്കും. ട്വന്റി-20 ക്കുശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കും. ഡിസംബര്‍ 30, ജനുവരി മൂന്ന്, ആറ് തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍.

2007 ലാണ് പാക്കിസ്ഥാന്‍ - ഇന്ത്യ ക്രിക്കറ്റ് പരമ്പര അവസാനമായി അരങ്ങേറിയത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധവും ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഇരു രാജ്യവും നേര്‍ക്കുനേര്‍ ഇറങ്ങി. അന്ന് പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയിരുന്നു.

ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പര അടിയറവച്ചതിനുശേഷം ട്വന്റി-20 സമനിലയായതിന്റെ നാണക്കേടിലാണ് ഇന്ത്യ. ബൌളിംഗിലെ പിഴവാണ് ഇന്ത്യക്കു തലവേദന സൃഷ്ടിക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യന്‍ ബൌളിംഗിന്റെ ബലഹീനത മുതലാക്കാനാവും ലക്ഷ്യമിടുക. ഇംഗ്ളണ്ടിനെതിരേ അശോക് ദിന്‍ഡ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പര്‍വിന്ദര്‍ അവാന, ആര്‍. അശ്വന്‍, പീയൂഷ് ചൌള എന്നിവര്‍ ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാരുടെ കൈയില്‍ നിന്ന് കണക്കിന് ശിക്ഷമേടിക്കുകയും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇഷാന്ത് ശര്‍മയുടെ മടങ്ങിവരവാണ് ഇന്ത്യന്‍ ബൌളിംഗിന്റെ ഏക ആശ്വാസം. അഭിമന്യു മിഥുനെയോ ഭുവനേശ്വര്‍ കുമാറിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്.


യുവ്രാജ് സിംഗിന്റെ ഓള്‍ റൌണ്ട് മികവാണ് ഇന്ത്യയുടെ കരുത്ത്. ഇംഗ്ളണ്ടിനെതിരേ ആദ്യ ട്വന്റി-20 യില്‍ ഇന്ത്യ ജയത്തിലെത്തിയതും യുവിയുടെ മികവിലായിരുന്നു. പാക്കിസ്ഥാനെതിരേയും യുവി ഫോമിലെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം. ബാറ്റിംഗില്‍ വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ, ധോണി എന്നിവരാണ് ഇന്ത്യന്‍ പ്രതീക്ഷ. ഗംഭീറിനൊപ്പം രഹാനെ തന്നെയാവും ഓപ്പണിംഗിനെത്തുക. അമ്പാട്ടി റായിഡുവിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

പാക്കിസ്ഥാന്റെ കരുത്ത് ശക്തരായ സ്പിന്‍ ബൌളര്‍മാരാണ്. സയീദ് അജ്മല്‍, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി എന്നിവരുടെ സ്പിന്‍ ആക്രമണമാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒപ്പം ഉമര്‍ ഗുലിന്റെയും സൊഹൈല്‍ തന്‍വീറിന്റെയും പേസ് ആക്രമണവും. ബാറ്റിംഗില്‍ അഫ്രീദിയുടെയും ഷോയിബ് മാലിക്കിന്റെയും ഉമര്‍ അക്മലിന്റെയും പരിചയ സമ്പത്ത് പാക്കിസ്ഥാനു കരുത്താകും.

ടീം ഇവരില്‍ നിന്ന്: ഇന്ത്യ - ധോണി, ഗംഭീര്‍, രഹാനെ, യുവ്രാജ്, രോഹിത് ശര്‍മ, സുരേഷ് റെയ്ന, കോഹ്ലി, രവീന്ദ്ര ജഡേജ, അശ്വിന്‍, ദിന്‍ഡ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, പര്‍വിന്ദര്‍ അവാന, പീയൂഷ് ചൌള, അമ്പാട്ടി റായിഡു.

പാക്കിസ്ഥാന്‍ - മുഹമ്മദ് ഹഫീസ്, അഹമ്മദ് ഷഹ്ഷാദ്, ആസാദ് അലി, ജുനൈദ് ഖാന്‍, കമ്രാന്‍ അക്മല്‍, മുഹമ്മദ് ഇര്‍ഫാന്‍, നസീര്‍ ജംഷാദ്, സയീദ് അജ്മല്‍, ഷാഹിത് അഫ്രീദി, ഷൊയ്ബ് മാലിക്, സൊഹൈല്‍ തന്‍വീര്‍, ഉമര്‍ അക്മല്‍, ഉമര്‍ അമിന്‍, ഉമര്‍ ഗുല്‍, സുല്‍ഫിക്കര്‍ ബാബര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.