കേരളത്തിന് ഇന്നിംഗ്സ് വിജയം
Tuesday, December 25, 2012 10:29 PM IST
പെരിന്തല്‍മണ്ണ: ഒരു ദിനം ബാക്കിനില്‍ക്കേ ജാര്‍ഖണ്ഡിനെ എറിഞ്ഞുവീഴ്ത്തി കേരളം രഞ്ജി ട്രോഫിയില്‍ ഇന്നിംഗ്സ് ജയം സ്വന്തമാക്കി. രണ്ടാമിന്നിംഗ്സില്‍ ആറുവിക്കറ്റുമായി സന്ദീപ് വാര്യര്‍ ബൌളിംഗ് നിരയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്നിംഗ്സിനും 35 റണ്‍സിനുമാണ് കേരളം ജയിച്ചത്. സന്ദീപ് വാര്യരാണ് കളിയിലെ കേമന്‍. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായ 205 റണ്‍സ് പിന്തുടര്‍ന്ന ജാര്‍ഖണ്ഡിന് 170 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

പേസ് ബൌളര്‍മാരായ ശ്രീശാന്തും സന്ദീപ് വാര്യരും മനുകൃഷ്ണനും ഇടംകയ്യന്‍ സ്പിന്നര്‍ സി.പി. ഷാഹിദും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചപ്പോള്‍ ജാര്‍ഖണ്ഡിന്റെ ആറുപേര്‍ രണ്ടക്കം കാണാതെ മടങ്ങി. അവസാന നിമിഷം വരെ പൊരുതിയ ഇഷാങ്ക് ജഗിയു (90)ടെ ചെറുത്തുനില്‍പാണ് ജാര്‍ഖണ്ഡിന്റെ പരാജയം വൈകിച്ചത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളിയാരംഭിച്ച ജാര്‍ഖണ്ഡിന്റെ സണ്ണി ഗുപ്ത(21)യെ വേഗതയാര്‍ന്ന യോര്‍ക്കറിലൂടെ വീഴ്ത്തി സന്ദീപ് വാര്യര്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തുടര്‍ന്നെത്തിയ ഇന്റര്‍നാഷണല്‍താരം സൌരഭ് തിവാരി (ഒന്ന്)യെ മനോഹരമായ ഔട്ട് സ്വിംഗറിലൂടെ ജഗദീഷിന്റെ കയ്യിലെത്തിച്ച് സന്ദീപ് ജാര്‍ഖണ്ഡിനെ ഞെട്ടിച്ചു. 23 റണ്‍സെടുത്ത കുമാര്‍ ദിയോബ്രതിനെയും ഒരു റണ്ണെടുത്ത ശിവ് ഗൌതത്തിനെയും സന്ദീപ് പുറത്താക്കി. പിന്നീടുള്ള മൂന്നുവിക്കറ്റുകളും സി.പി. ഷാഹിദ് സ്വന്തമാക്കി. ഷഹബാസ് നദീം (0), ശങ്കര്‍റാവു (ഒന്ന്), ജസ്കരണ്‍ സിംഗ് (0) എന്നിവരെയാണ് ഷാഹിദ് മടക്കിയത്. ഇഷാങ്ക് ജഗിയെ പുറത്താക്കി സന്ദീപ് വാര്യര്‍ ആറാം വിക്കറ്റ് സ്വന്തമാക്കി.


ആന്ധ്രപ്രദേശുമായി കടപ്പയിലാണ് കേരളത്തിന്റെ അടുത്ത മത്സരം. കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ആന്ധ്രയ്ക്കെതിരേ ജയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.