ബഗാന് രണ്ടുവര്‍ഷം വിലക്ക്
ബഗാന് രണ്ടുവര്‍ഷം വിലക്ക്
Sunday, December 30, 2012 10:52 PM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഫുട്ബോള്‍ ക്ളബുകളില്‍ ഒന്നായ മോഹന്‍ ബഗാന് ദേശീയ ഐ ലീഗ് ഫുട്ബോളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്. കോല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നു ബഗാന്‍ കളിയില്‍ നിന്നു പിന്‍മാറിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഐ ലീഗ് ഉന്നതാധികാരസമിതി ബഗാനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതോടെ 2012-13 കാലയളവില്‍ ഐ ലീഗില്‍ ബഗാന് ഒരു മത്സരവും കളിക്കാനാകില്ല. ഐലീഗില്‍ ഇനിയുള്ള ബഗാന്റെ എല്ലാ മത്സരങ്ങളും റദ്ദാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എ.കെ. ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഐ ലീഗിന്റെ ഉന്നതാധികാര സമിതിക്കു കൈമാറിയിരുന്നു. കോല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഒന്‍പതിനായിരുന്നു അനിഷ്ടസംഭവങ്ങള്‍.

മോഹന്‍ ബഗാന്റെ ഒഡേഫ ഒക്കേലിയെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഗാലറിയില്‍ നിന്നു വന്ന തടിക്കഷണംകൊണ്ട് ബഗാന്‍ താരം റഹിം നബിക്കു മുഖത്തു പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ബഗാന്‍ കളിയില്‍ നിന്നു പിന്‍മാറി. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് സയീദ് റഹിം നബി. ജസ്റ്റിസ് ഗാംഗുലിയുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി വിശദമായി പരിശോധിച്ചു. ഇതിനുശേഷമാണ് ബഗാനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്.

അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നിയമമനുസരിച്ച് മതിയായ കാരണമില്ലാതെ ഒരു ക്ളബ് മല്‍സരത്തിനിടെ ഒരു ടീം പിന്‍മാറിയാല്‍ നടപ്പു സീസണും പിന്നീടുള്ള രണ്ടു സീസണും കളിക്കാന്‍ യോഗ്യരല്ല. ഇതു പരിഗണിച്ചാണ് നടപടി. അതേസമയം, ഫെഡറേഷന്‍ കപ്പ്, ലോക്കല്‍ മത്സരങ്ങള്‍ തുടങ്ങിയവയില്‍ കളിക്കാന്‍ മോഹന്‍ബഗാനാകും. 2015-16 വര്‍ഷത്തെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് കളിച്ച ശേഷം യോഗ്യത നേടിയാല്‍ മാത്രമേ മോഹന്‍ ബഗാന് 2016-17 സീസണില്‍ ഇനി കളിക്കാനാവൂ.


അതുപോലെ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശവും ബഗാനില്ലെന്ന് ഫുട്ബോള്‍ ഫെഡറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മോഹന്‍ബഗാന്റെ ചരിത്രത്തില്‍ ഇത്രയും കാലം വിലക്കുവന്ന ഒരുകാലമുണ്ടായിട്ടില്ലെന്ന് പഴയകാല കളിക്കാര്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ കറുത്ത ദിവസമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജനുവരി ഒമ്പതിന് വീണ്ടും എഐഎഫ്എഫ് യോഗം ചേര്‍ന്ന് മോഹന്‍ബഗാനുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് കാര്യങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കും. ശരിയായ സമയത്ത്, ശരിയായ തീരുമാനമെടുക്കുമെന്ന് മോഹന്‍ബഗാന്‍ ജനറല്‍ സെക്രട്ടറി അഞ്ജന്‍ മിത്ര പറഞ്ഞു. ടീമില്‍ തുടരുന്ന താരങ്ങള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ സ്വന്തമായ ഏടുകള്‍ രചിച്ച ടീമാണ് മോഹന്‍ബഗാന്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച ക്ളബ്ബാണ് 123 വര്‍ഷം പഴക്കമുള്ള മോഹന്‍ബഗാന്‍ 1889ലാണ് രൂപീകരിക്കപ്പെട്ടത്.

യൂറോപ്യന്‍ കോളനി വാഴ്ചക്കാലത്ത് അവിടെനിന്നുള്ള ടീമിനെപ്പോലും തോല്പിച്ച പാരമ്പര്യമുള്ള ടീമായ ബഗാന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1911ല്‍ നടന്ന ഐഎഫ്എ ഷീല്‍ഡ് മത്സരത്തില്‍ യോര്‍ക്ഷെയറിനെ മോഹന്‍ബഗാന്‍ 2-1ന് പരാജയപ്പെടുത്തിയത് ചരിത്രസംഭവമായിരുന്നു.

അന്ന് ബഗാന്‍ വിജയിച്ചശേഷമുള്ള ആഹ്ളാദപ്രകടനം രണ്ടുദിവസം തുടര്‍ന്നുവത്രേ. ടെലിവിഷനില്ലാതിരുന്ന അക്കാലത്ത് കോല്‍ക്കത്ത മൈതാനിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളായിരുന്നു. അത്രയൊക്കെ പാരമ്പര്യമുള്ള മോഹന്‍ബഗാനെ വിലക്കിയതില്‍ കോല്‍ക്കത്തയിലെ മാത്രമല്ല, ഇന്ത്യയിലെ ഓരോ ഫുട്ബോള്‍ ആരാധകരും ദു:ഖിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.