ഇന്ത്യ- പാക്കിസ്ഥാന്‍ ഏകദിന പരമ്പരക്ക് ഇന്നു തുടക്കം
ചെന്നൈ: കാര്‍മേഘങ്ങളുടെ കുടക്കീഴില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ഏകദിന പോരാട്ടം ഇന്നു തുടങ്ങുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ചെന്നൈയിലെ ചിദംബരം സ്റേഡിയത്തില്‍ നടക്കും. എന്നാല്‍, ഇന്നലെ നഗരത്തില്‍ പെയ്ത കനത്തമഴ ഇന്നത്തെ മത്സരം തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് സംഘാടകരും ക്രിക്കറ്റ് ആരാധകരും. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയായാല്‍ ആദ്യ മത്സരം നടക്കാന്‍ സാധ്യതയില്ല. മത്സരം ഇന്നുരാവിലെ ഒമ്പതിന് ആരംഭിക്കുന്നതുകൊണ്ട് ഇന്നലെ പെയ്ത മഴയുടെ ഈര്‍പ്പം ഗ്രൌണ്ടില്‍ കാണും.

ഇത് മത്സരം തുടങ്ങാന്‍ താമസിപ്പിക്കും. എന്തായാലും ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. കുറച്ച് ഓവര്‍ എങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിനം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സച്ചിന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രൌണ്ടായ ചെന്നൈയിലാണ് മത്സരമെന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ശ്രദ്ധേയമാണ്. സച്ചിന്റെ വിരമിക്കലില്‍ ചെന്നൈ കരയുകയാണ്. അതാണ് കാലം തെറ്റിയുള്ള ഈ മഴ. സച്ചിനില്ലാത്ത ഒരു കളി ഇവിടെ കളിക്കുന്നത് ചെന്നൈക്ക് താങ്ങാനാകുന്നില്ല- ഇതായിരുന്നു ആ വാചകം. ട്വന്റി-20 പരമ്പര 1-1 സമനിലയില്‍ അവസാനിച്ചുവെങ്കിലും ഇന്ത്യയുടെ ബാറ്റിംഗിലെയും ബൌളിംഗിലെയും പോരായ്മകള്‍ മുഴച്ചുനില്‍ക്കുകയാണ്.

ബൌളിംഗ് ഫോമിലായാല്‍ ബാറ്റിംഗ് ശരിയാകുന്നില്ല. ബാറ്റിംഗ് ശരിയായാല്‍ ബൌളിംഗ് ശരിയല്ല. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് ഇന്ത്യന്‍ ടീം.

വിരാട് കോഹ്്ലിയെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ബാറ്റിംഗ് തയാറെടുപ്പുകള്‍. ഏകദിനത്തില്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം കോഹ്്ലിയാണ്.


യുവിയുടെ മികച്ച ഫോമും ഇന്ത്യക്ക് ഗുണകരമാണ്. ഓപ്പണര്‍മാരായി ഗൌതം ഗംഭീറും വിരേന്ദര്‍ സെവാഗും തിരിച്ചെത്തുമ്പോള്‍ അജിങ്ക്യ രഹാനെ അവസാന ഇലവനില്‍ ഉള്‍പ്പെട്ടേക്കില്ല. രോഹിത് ശര്‍മയോ രവീന്ദ്ര ജഡേജയോ ഇവരില്‍ ഒരാള്‍ മാത്രമേ കളിക്കൂ.

സ്വന്തം നാട്ടില്‍ കളിക്കുന്ന ആര്‍. അശ്വിന്‍ ടീമില്‍ ഇടം നേടുമെന്നുറപ്പ്. ട്വന്റി-20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഇന്നു കളിക്കും. മൂന്നു ഫാസ്റ് ബൌളര്‍മാരും ഒരു സ്പിന്നറും- അതായിരിക്കും ഇന്ത്യയുടെ ടീം കോമ്പിനേഷന്‍. ഏകദിനത്തില്‍ ഇന്ത്യ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും ജയിച്ചിരുന്നു.

പാക്കിസ്ഥാന് എല്ലാക്കാലത്തും മികച്ച ഓര്‍മകളാണ് ചെപ്പോക്ക് സ്റ്റേഡിയം സമ്മാനിച്ചിട്ടുള്ളത്. ഓരിന്നിംഗ്സില്‍ സയീദ് അന്‍വര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ ഗ്രൌണ്ടാണിത്. അതുപോലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അസാമാന്യ ചെറുത്തുനില്‍പ്പിലും ടെസ്റ്റ് വിജയം നേടിയ ചരിത്രവും പാക്കിസ്ഥാന് ഇവിടെയുണ്ട്. മിസ്ബ ഉള്‍ ഹഖ് നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ ടീമില്‍ മികച്ച ബാറ്റ്സ്മാന്മാരും ബൌളര്‍മാരുമുണ്ട്. കൂറ്റനടികള്‍ക്ക് കെല്പുള്ള താരങ്ങള്‍ക്കു പുറമേ ക്ളാസ് കളി കാഴ്ചവയ്ക്കുന്നവരും ടീമിന്റെ പ്രത്യേകതയാണ്.

സാധ്യതാ ടീം

ഇന്ത്യ

ഗൌതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോഹ്്ലി, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, രോഹിത് ശര്‍മ, എം.എസ്. ധോണി, ആര്‍. അശ്വിന്‍, ഭുവനേ ശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അശോക് ദിന്‍ഡ.

പാക്കിസ്ഥാന്‍

നാസിര്‍ ജംഷീദ്, മുഹമ്മദ് ഹഫീസ്, അസ്ഹര്‍ അലി, മിസ്ബ ഉള്‍ ഹഖ്, യൂനിസ് ഖാന്‍, ഉമര്‍ അക്മല്‍, ഷോയ്ബ് മാലിക്, കമ്രാന്‍ അക്മല്‍, ഉമര്‍ ഗുല്‍, സയീദ് അജ്മല്‍, ജുനൈദ് ഖാന്‍.