ഹസി വിരമിക്കുന്നു
ഹസി വിരമിക്കുന്നു
Sunday, December 30, 2012 10:58 PM IST
മെല്‍ബണ്‍: 2012ന്റെ നഷ്ടമായി ഇതാ മറ്റൊരു ലോകോത്തര ക്രിക്കറ്റ് താരവുംകൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. റിക്കി പോണ്ടിംഗിന്റെ വിരമിക്കല്‍ ഉണ്ടാക്കിയ വിടവ് നികത്തുന്നതെങ്ങനെയെന്ന തലവേദന ഒഴിയും മുന്‍പ് ഓസീസ് സെലക്ടര്‍മാരെ വീണ്ടും പ്രതിസന്ധിയിലക്ക് തളളിയിട്ട് മിസ്റര്‍ ക്രിക്കറ്റ,് മൈക്കിള്‍ ഹസിയും വിടവാങ്ങുന്നു. എവര്‍ഗ്രീന്‍ ബാറ്റ്സ്മാന്‍ എന്നു വിശേഷണമുള്ള മൈക്ക് ഹസി ഈ ആഴ്ച സിഡ്നിയില്‍ നടക്കുന്ന ഓസീസ്- ശ്രീലങ്ക അവസാന ടെസ്റ്റിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വേണ്ടിയാണ് താന്‍ ക്രിക്കറ്റ് മതിയാക്കുന്നതെന്ന് ഹസി പ്രതികരിച്ചു. 2013ലെ ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഷെഡ്യൂളില്‍ ഹസി നേരത്തെ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.

78 ടെസ്റുകളില്‍ ഓസീസിനുവേണ്ടി കളിച്ച ഹസി 51.52 ശരാശരിയില്‍ 6183 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 19 സെഞ്ചുറിയും 29 അര്‍ധസെഞ്ചുറിയുമുണ്ട്. 185 ഏകദിനത്തില്‍നിന്ന് 48.15 ശരാശരിയില്‍ 5442 റണ്‍സാണ് ഹസിയുടെ സമ്പാദ്യം. മൂന്നു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. ഹസിയുടെ വിരമിക്കല്‍തീരുമാനം അക്ഷരാര്‍ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഫോമിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഹസി സമീപകാലങ്ങളില്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.

ഞാനെടുത്തത് ശരിയായ തീരുമാനമാണ്. എന്റെ മനസ് നൂറു ശതമാനവും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. തുടര്‍ച്ചയായ യാത്രകളും പരിശീലനവുമൊക്കെ എന്നെ തളര്‍ത്തുന്നുണ്ട്- അതുകൊണ്ട് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു. കുടുംബവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്- ഹസി പറഞ്ഞു. തന്നോടൊപ്പം കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് ഹസി നന്ദി പറഞ്ഞു. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും അനായാസം കളിക്കുന്ന ഹസി ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. വളരെ താമസിച്ചാണ് ഹസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അറങ്ങേറിയത്. 2004ല്‍ ഏകദിനത്തിലും 2005ല്‍ ടെസ്റിലും അരങ്ങേറി. അതിനുമുമ്പ് ഫസ്റ് ക്ളാസ് ലെവലില്‍ 15,313 റണ്‍സ് ഹസി സ്വന്തമാക്കി.


അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഒരു ഘട്ടത്തിലും അദ്ദേഹത്തിന് ഫോം നഷ്ടപ്പെട്ട് ഉഴലേണ്ടിവന്നിട്ടില്ല. ഓസീസിന്റെ മധ്യനിരയുടെ നെടുംതൂണായിരുന്നു സാങ്കേതിക തികവുളള ഈ ഇടംകൈയന്‍. ആക്രമണോത്സുക ശൈലിയില്‍ ആയാലും,വിക്കറ്റ് നഷ്ടപ്പെടുത്താതെ നങ്കൂരമിട്ട് കളിക്കാനായാലും തന്നെ വെല്ലാന്‍ ആരുമില്ലെന്ന് എത്രയോ വട്ടം തെളിയിച്ചതാണ്. കളിയോടുളള അദേഹത്തിന്റെ അര്‍പ്പണമനോഭാവവും, മികവും മൂലം തന്നെയാണ് മിസ്റര്‍ ക്രിക്കറ്റ് എന്ന അപരനാമധേയം അദ്ദേഹത്തെ തേടിയെത്തിയത്. താന്‍ കളിക്കുന്ന കളിയുടെ പേര് തന്നെ അപരനാമമായി ലഭിക്കുക എന്നതില്‍ കവിഞ്ഞ് എന്താണ് ഒരു താരത്തിന് അംഗീകാരമായി ലഭിക്കാനുളളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.