ഇന്ത്യ പാക്കിസ്ഥാന്‍ അവസാന ഏകദിനം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ തോല്‍വികളില്‍പ്പെട്ടുഴലുന്ന ഇന്ത്യന്‍ ടീമിന് ഇന്ന് അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും പോരാട്ടം. ഇന്ത്യയുടെ ഭാവി നായകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്്ലിയായിരിക്കും മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യത.

പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരേയുള്ള ഏകദിനപരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങും. ഇംഗ്ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഒരു ജയമെങ്കിലും നേടുക എന്നതായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ പരാജയപ്പെടുന്ന ഇന്ത്യന്‍ ടീം ഇവിടെയും പരാജയപ്പെട്ടാല്‍ വന്‍ അഴിച്ചുപണിക്ക് ബിസിസിഐയും സെലക്്ഷന്‍ കമ്മിറ്റിയും തയാറായേക്കും. വിരേന്ദര്‍ സെവാഗ്, ഗൌതം ഗംഭീര്‍ എന്നിവരെ മാറ്റണമെന്ന് നാനാ കോണുകളില്‍നിന്ന് ആവശ്യം ഇതിനോടകം ഉര്‍ന്നു കഴിഞ്ഞു. മികച്ച തുടക്കം ലഭിക്കാത്തതിനാലാണ് ഇന്ത്യ ഇത്ര മോശമായി പുറത്താകുന്നതെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍, മറ്റുള്ളവരെ അപേക്ഷിച്ച് ഇരുവരുടെയും പ്രകടനം ശരാശരിയേക്കാള്‍ മുകളിലാണെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍, ഇന്ന് സെവാഗിനു പകരം അജിങ്ക്യരഹാനയെ പരീക്ഷിക്കണമെന്ന വാദത്തിനാണ് ശക്തി കൂടുതല്‍. സെവാഗിന് താളം കണ്െടത്താന്‍ പറ്റാത്തതും ഫീല്‍ഡിലെ അദ്ദേഹത്തിന്റെ പെരുമാറ്റവും വിമര്‍ശനവിധേയമായിട്ടുണ്ട്.

സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചിട്ടുള്ള വിരാട് കോഹ്്ലിക്കും കാര്യമായി ഒന്നും ചെയ്യാനാകാത്തത് ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തുന്നു. യുവ് രാജ് സിംഗില്‍നിന്നാകട്ടെ സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകുന്നുമില്ല. സുരേഷ് റെയ്ന ബാധ്യതയായിട്ട് കാലമേറെയായി.

തമ്മില്‍ ഭേദം നായകന്‍ ധോണിയാണ്. രണ്ട് മത്സരങ്ങളിലും ധോണിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എന്നാല്‍, കോല്‍ക്കത്ത ഏകദിനത്തില്‍ സ്വന്തം താത്പര്യം സംരക്ഷിക്കാനും നോട്ടൌട്ടാകാനും വേണ്ടിയാണ് ധോണി കളിച്ചതെന്ന ആക്ഷേപവുമുണ്ട്. ഇതേ ആരോപണം ധോണി ഗൌതം ഗംഭീറിനെതിരേ ബിസിസിഐക്ക് അയച്ച കത്തിലും ഉന്നയിച്ചിരുന്നുവെന്നത് വിചിത്രമായി തോന്നാം. അതേസമയം, ഇന്നത്തെ മത്സരത്തില്‍ ധോണി കളിക്കില്ല.

ബൌളിംഗിന്റെ കാര്യമെടുത്താലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ആര്‍. അശ്വിനും അശോക് ദിന്‍ഡയും സമ്പൂര്‍ണ പരാജയമായപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് പുതുമുഖം ഭുവനേശ്വര്‍കുമാറും ഇഷാന്ത് ശര്‍മയും മാത്രമാണ്. ഭുവനേശ്വര്‍ രണ്ടാം ഏകദിനത്തില്‍ പരാജയമായിരുന്നുതാനും. പാര്‍ട്ട് ടൈം ബൌളര്‍മാരാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസം പകര്‍ന്നത്.


സുരേഷ് റെയ്നയും യുവ്രാജ് സിംഗും രവീന്ദ്ര ജഡേജയും ചേര്‍ന്ന് മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തിലെ പുതിയ നിയമത്തിലും ടീം ഇന്ത്യക്കു വിയോജിപ്പുണ്ട്.

ഇന്നലെ ഫിറോസ് ഷാ കോട്ലയില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഡങ്കന്‍ ഫ്ളച്ചറുടെ കീഴില്‍ കഠിന പരിശീലനത്തിലേര്‍പ്പെട്ടു. മൂന്നു മണിക്കൂറോളമാണ് ടീം അംഗങ്ങള്‍ പരിശീലനത്തിനു ചെലവഴിച്ചത്. യുവി നിരന്തരമായ പരിശീലനം നടത്തി.

പാക്കിസ്ഥാന്റെ കാര്യമെടുത്താല്‍ അവര്‍ വളരെ ആത്മവിശ്വാസത്തിലാണ്. ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും അവര്‍ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.

മുഹമ്മദ് ഹഫീസും നസീര്‍ ജംഷീദും യൂനിസ് ഖാനും ഷോയ്ബ് മാലിക്കുമൊക്കെ മികച്ച ഫോമിലാണ്. ബൌളിംഗിന്റെ കാര്യമെടുത്താല്‍, സയീദ് അജ്മല്‍, ജുനൈദ് ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ രണ്ടുവട്ടം തകര്‍ത്തുകഴിഞ്ഞു.

ഇന്നും അതുതുടര്‍ന്നാല്‍ ഇന്ത്യയുടെ കാര്യം കുഴപ്പത്തിലാകും. ഇന്നത്തെ മത്സരത്തിലും ഇന്ത്യ തോറ്റാല്‍ നാട്ടില്‍ 1983-84നു ശേഷം ആദ്യമായി ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് തോല്‍വി ഏറ്റുവാങ്ങേണ്ടിവരും.

അന്ന് വിന്‍ഡീസായിരുന്നു ഇന്ത്യയെ വൈറ്റ്വാഷ് ചെയ്തത്. ഓസ്ട്രേലിയയും പാക്കിസ്ഥാനുമാണ് അവസാന പത്തുവര്‍ഷത്തിനിടെ, ഇന്ത്യയില്‍വച്ച് ഇന്ത്യക്കെതിരേ ഏകദിനപരമ്പര സ്വന്തമാക്കിയിട്ടുള്ളത്.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കല്‍കൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാന്‍ ഇന്ത്യക്ക് കാലങ്ങള്‍ വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സാധ്യതാ ടീം / ഇന്ത്യ

വിരേന്ദര്‍ സെവാഗ്/ അജിങ്ക്യ രഹാനെ, ഗൌതം ഗംഭീര്‍, വിരാട് കോഹ്്ലി, യുവ് രാജ് സിംഗ്, രോഹിത് ശര്‍മ, സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, രവീന്ദ്രജഡേജ, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.

പാക്കിസ്ഥാന്‍

മുഹമ്മദ് ഹഫീസ്, നസിര്‍ ജംഷീദ്, അസ്ഹര്‍ അലി, യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ്, ഷോയിബ് മാലിക്, കമ്രാന്‍ അക്മല്‍, ജുനൈദ് ഖാന്‍, ഉമര്‍ ഗുല്‍, സയീദ് അജ്മല്‍, മുഹമ്മദ് ഇര്‍ഫാന്‍.