കൊടുംതണുപ്പിലും പോരാട്ടച്ചൂട്
കൊടുംതണുപ്പിലും പോരാട്ടച്ചൂട്
Tuesday, January 22, 2013 11:37 PM IST
അനീഷ് ആലക്കോട്

കല്യാണി (കോല്‍ക്കത്ത): വംഗനാട്ടിലെ കല്യാണി സര്‍വകലാശാലയുടെ പുല്‍മൈതാനിയില്‍ ഇനിയുള്ള അഞ്ചു നാളുകളില്‍ തീപാറും പോരാട്ടങ്ങള്‍. എഴുപത്തിമൂന്നാമതു ദേശീയ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന് ഇന്നു മഞ്ഞുകണങ്ങള്‍ പുല്‍കിയ മൈതാനിയില്‍ തുടക്കമാകും. നഷ്ടക്കിരീടം തിരിച്ചുപിടിക്കാന്‍ കാലിക്കട്ടും കരുത്തു വ്യക്തമാക്കാന്‍ കേരള, എംജി, കണ്ണൂര്‍ എന്നിവരും ഇറങ്ങുമ്പോള്‍ കായികകേരളത്തിന്റെ പോരാട്ടങ്ങളാകും ഇനിയുള്ള ദിനങ്ങളില്‍ കല്യാണിയുടെ സിരകളെ ചൂടുപിടിപ്പിക്കുക.

കാലാവസ്ഥയെ സാധൂകരിക്കുന്നതുപോല്‍ തണുപ്പന്‍ മട്ടിലുള്ള നീക്കങ്ങളുമായി സംഘാടകര്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകള്‍ മീറ്റിനെക്കുറിച്ചുള്ള ചിത്രംവ്യക്തമാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ സിന്തറ്റിക് ട്രാക്കിലല്ല മത്സരങ്ങളെങ്കിലും യുവ ഇന്ത്യന്‍ കായിക താരങ്ങളുടെ പോരാട്ടത്തിനു വാശികുറയില്ലെന്ന മുന്നറിയിപ്പുമായി വിവിധ സര്‍വകലാശാലാ ടീമുകള്‍ ഇന്നലെ പരിശീലനത്തിനിറങ്ങി. നിലവിലെ ഓവറോള്‍ ചാമ്പ്യന്മാരായ പഞ്ചാബും മുന്‍ ചാമ്പ്യന്മാരായ കാലിക്കട്ടുമാണ് മീറ്റിലെ വമ്പന്‍ സാന്നിധ്യങ്ങള്‍.

കാലിക്കട്ടിനോട് കിടപിടിക്കാന്‍ എംജി, കേരള, കണ്ണൂര്‍ സര്‍വകലാശാലകളും ഇറങ്ങുന്നതോടെ പതിവുപോലെ മലയാളി മേധാവിത്വം ഈ മീറ്റിലും പ്രതീക്ഷിക്കാം. പഞ്ചാബില്‍ നിന്നുള്ള ഗുരുനാനാക് സര്‍വകലാശാലയാണു മീറ്റിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

22 ഇനങ്ങളിലായി 44 പോരാട്ടങ്ങള്‍ക്കാണു കല്യാണി സര്‍വകലാശാല പുല്‍മൈതാനം വേദിയാകുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മീറ്റിനെത്തുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

മംഗലാപുരം മൂഡബിദ്രിയില്‍ 138 സര്‍വകലാശാലകളാണ് പോരാട്ടത്തിനിറങ്ങിയതെങ്കില്‍ ഇപ്രാവശ്യം 147 ടീമുകള്‍ മാറ്റുരയ്ക്കും. 61 കായിക താരങ്ങളെ പോരാട്ടവേദിയിലെത്തിക്കുന്ന അലിഗഡ് മുസ്ലിം സര്‍വകലാശാലയാണ് അംഗബലത്തില്‍ കേമന്മാര്‍. യൂത്ത് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ബാംഗളൂര്‍ സര്‍വകലാശാലയുടെ റെബേക്ക ജോസ്, കാലിക്കട്ടിന്റെ ആര്‍. അനു തുടങ്ങിയ ദേശീയ തലത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ഒരുപിടിതാരങ്ങള്‍ മീറ്റിന്റെ മാറ്റുവര്‍ധിപ്പിക്കും. വൈകുന്നേരം ആറുമണിക്കുള്ളില്‍ത്തന്നെ ഇരുട്ടുവീഴുമെങ്കിലും താത്കാലികമായൊരുക്കിയ ഫ്ളഡ്ലിറ്റിന്റെ വെളിച്ചത്തില്‍ മത്സരങ്ങള്‍ ഏഴു മണിവരെ നീളും.

തുടക്കത്തിലേ കല്ലുകടി

മീറ്റിനെത്തിയിരിക്കുന്നത് രണ്ടായിരത്തിലധികം കായികതാരങ്ങള്‍. ഒരുക്കിയിരുന്ന സംവിധാനം ആയിരത്തില്‍ താഴെയുള്ള താരങ്ങളുടെ വരവു പ്രതീക്ഷിച്ചുമാത്രം. ഇതിനും പുറമേ അശാസ്ത്രീയമായ രീതിയിലുള്ള മത്സരക്രമങ്ങള്‍ കൂടിയായതോടെ അന്തര്‍ സര്‍വകലാശാല മീറ്റിനു തിരിതെളിയും മുമ്പേ കല്ലുകടി. രാത്രി വൈകി നടന്ന ടീം മാനേജര്‍മാരുടെ മീറ്റിംഗിനുശേഷമാണ് ഇന്നു നടക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള ചിത്രം വ്യക്തമായതുപോലും. പതിവിനു വിപരീതമായി വനിതാ വിഭാഗം ഹെപ്റ്റാത്തലന്‍ 100 മീറ്റര്‍, ലോംഗ്ജംപ്, പുരുഷ വിഭാഗം ഡിസ്കസ് ത്രോ, പുരുഷ വിഭാഗം 200 മീറ്റര്‍ ഹീറ്റ്സ് തുടങ്ങിയ ഇനങ്ങളോടെയാണ് മീറ്റിനു തുടക്കമിടാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലുള്ള മത്സരക്രമങ്ങള്‍ക്കെതിരേ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ സംഘാടകര്‍ ടീം മാനേജേഴ്സ് മീറ്റിംഗ് വിളിച്ചു.


എന്നാല്‍, നേരത്തേ മത്സര ക്രമങ്ങള്‍ വ്യക്തമാക്കാനുള്ള മര്യാദപോലും കാണിക്കാത്ത സംഘാടകരുടെ നിര്‍ബന്ധബുദ്ധിക്കുവഴങ്ങേണ്ടിവന്നു ഒടുവില്‍ ടീം മാനേജര്‍മാര്‍ക്ക്. താരങ്ങള്‍ക്കു ശരിയായ രീതിയിലുള്ള വിശ്രമത്തിനുള്ള സമയംപോലും നല്കാത്ത രീതിയിലുള്ള മത്സര ക്രമങ്ങളാണുള്ളതെന്ന് എംജിയുടെ പി.ഐ. ബാബു, കാലിക്കട്ടിന്റെ കൈമള്‍, കേരളയുടെ ഗോപാലകൃഷ്ണപിള്ള, കണ്ണൂരിന്റെ ലിജോ മാത്യു എന്നീ പരിശീലകര്‍ ദീപികയോടു പറഞ്ഞു.

ഇന്നു യോഗ്യതാ റൌണ്ടുകള്‍; ഫൈനല്‍ മൂന്നാം ദിനം മാത്രം

രാവിലെ നടക്കുന്ന വനിതാ വിഭാഗം ലോംഗ്ജംപ്, ഹെപ്റ്റാത്തലന്‍ 100 മീറ്റര്‍, പുരുഷവിഭാഗം ഡിസ്കസ് ത്രോ എന്നീ ഇനങ്ങളോടെയാണ് എഴുപത്തിമൂന്നാമതു ദേശീയ അന്തര്‍സര്‍വകലാശാല മീറ്റിന് ഇപ്രാവശ്യം തുടക്കംകുറിക്കുക. ആദ്യ രണ്ടു ദിനങ്ങളിലും ഫൈനലുകള്‍ ഇല്ല. മീറ്റിന്റെ മൂന്നാം ദിനം 200, പോള്‍വാള്‍ട്ട്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 5000 മീറ്റര്‍ ഉള്‍പ്പെടെ എട്ടു ഫൈനലുകള്‍ നടക്കും. വനിതകളുടെ ലോംഗജംപില്‍ കാലിക്കട്ടിന്റെ സ്നേഹ രാജ് ആലപ്പാട്ട്, കണ്ണൂരിന്റെ അനീറ്റ മാത്യു, എംജിയുടെ ശില്‍പ്പ ചാക്കോ, ജൂലിയന്‍ ക്ളീറ്റസ് എന്നിവര്‍ പോരാട്ടത്തിനിറങ്ങും. ഉച്ചതിരിഞ്ഞു 2.30 മുതല്‍ പുരുഷ വിഭാഗം 200 മീറ്റര്‍ ഹീറ്റ്സ് നടക്കും.

കാലിക്കട്ടിന്റെ കെ.എസ്. ഷഹന്‍ഷ, പി.ജി. അമല്‍ രാജ്, കേരളയുടെ മനു കെ. സഖറിയ, എംജിയുടെ അനുരൂപ് ജോണ്‍, ജെറിസ് ജോസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകളുടെ കരുത്തുമായി ട്രാക്കിലിറങ്ങുക. വനിതകളുടെ 200 മീറ്ററില്‍ എംജിയുടെ അനില്‍ഡ തോമസ്, നിമിഷ ജയപ്രകാശ്, കാലിക്കട്ടിന്റെ ജി. ലാവണ്യ, ശില്‍പ,കേരളയുടെ കെ.ആര്‍. അനി, അനുപമ എന്നിവരും ഇന്നിറങ്ങും.

രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡോ. കുന്തള്‍ റോയ് മീറ്റ് ഉദ്ഘാടനം ചെയ്യും. കല്യാണി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. അലോക് ബാനര്‍ജി അധ്യക്ഷത വഹിക്കും. ബംഗാളിലെ കായികമന്ത്രി മദന്‍ മിത്ര മുഖ്യാഥിതിയായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

സിന്തറ്റിക്കില്‍ നിന്നു മാറിയ മീറ്റ്

തുടര്‍ച്ചയായ മൂന്നാം പ്രാവശ്യമാണ് അന്തര്‍സര്‍വകലാശാലാ മീറ്റ് സിന്തറ്റിക് ട്രാക്കുപേക്ഷിക്കുന്നത്. 2008ല്‍ കൊച്ചിക്കുശേഷം 2009 ല്‍ ചെന്നൈയിലെ മീറ്റോടെ സര്‍വകലാശാല മീറ്റ് സിന്തറ്റികില്‍നിന്നും വഴിമാറി കളിമണ്‍ ട്രാക്കിലേക്കു പ്രവേശിച്ചു. 2010 ല്‍ ഗുണ്ടൂരിനും 2011 ല്‍ മൂഡബിദ്രിക്കും ശേഷം കല്യാണിയിലും മണ്‍ ട്രാക്കില്‍ പോരാട്ടം നടക്കാനൊരുങ്ങുമ്പോള്‍ താരങ്ങള്‍ക്കു പരിക്കിന്റെ ഭീഷണി നേരിടേണ്ടിവരും.

കല്യാണിയില്‍ പുല്‍മൈതാനമാണെങ്കിലും നിരപ്പല്ലാത്തതു കായിക താരങ്ങള്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫോട്ടോ ഫിനിഷ് ഉണ്െടങ്കില്‍പ്പോലും മണ്‍ ട്രാക്കായതിനാല്‍ പാകപിഴകള്‍ സംഭവിച്ചേക്കാമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഹീറ്റ്സ് പിന്നിട്ടപ്പോഴേക്കും പൂട്ടിയ കണ്ടംപോലെയായ ട്രാക്കാണു താരങ്ങള്‍ക്കു വെല്ലുവിളിയായത്. ഇപ്രാവശ്യവും അതിനു മാറ്റമുണ്ടാകില്ലെന്നു നിലവിലെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.