ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്
കേരളവാഴ്ച

ഇറ്റാവയില്‍നിന്ന് തോമസ് വര്‍ഗീസ്

ആദ്യ ദിനങ്ങളിലെ വേഗക്കുറവിന് മൂന്നും നാലു ദിനങ്ങളില്‍ പ്രായശ്ചിത്തം ചെയ്ത് 58-ാം ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം വീണ്ടും കിരീടം ഉറപ്പിച്ചു. ഇന്നലെ ട്രാക്കും ഫീല്‍ഡും കേരളം അടക്കിവാണപ്പോള്‍ സ്വന്തമാക്കിയത് 11 സ്വര്‍ണം ഉള്‍പ്പെടെ 25 മെഡലുകള്‍. പതിനാറാം ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് ഇറ്റാവയില്‍ ട്രാക്കിലിറങ്ങിയ കേരളത്തിന്റെ നാലുദിവസത്തെ മെഡല്‍സമ്പാദ്യം 26 സ്വര്‍ണവും 23 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 243 പോയിന്റ്. 10 സ്വര്‍ണവും 11 വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പടെ 91 പോയിന്റുമായി ബഹുദൂരം പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്്ട്ര. എട്ടു സ്വര്‍ണവും ഏഴു വെള്ളിയും എട്ടു വെങ്കലവുമായി പഞ്ചാബാണ് മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഇന്നലെ പിറന്ന എക ദേശീയ റിക്കാര്‍ഡ് സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരള താരം ജനിമോള്‍ ജോയി സ്വന്തം പേരിലാക്കി. കേരളത്തിന്റെ അമിതാ ബേബി 2009ല്‍ കൊച്ചി മീറ്റില്‍ സ്ഥാപിച്ച 12.66 മീറ്റര്‍ 12.84 ആയി തിരുത്തിയാണ് ജനിമോള്‍ റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേരു കുറിച്ചത്.

സ്വര്‍ണത്തുടക്കം എ.എം. ബിന്‍സിയിലൂടെ

നാലാം ദിനത്തില്‍ ബിന്‍സിയുടെ സ്വര്‍ണത്തിളക്കം കേരളത്തിനു ശുഭസൂചകമായി. തുടര്‍ന്ന് പത്തു സ്വര്‍ണമാണു കേരളത്തിന്റെ കീശയില്‍ വീണത്.കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് സ്്കൂള്‍ വിദ്യാര്‍ഥിനിയായ ബിന്‍സി അഞ്ചു കിലോമീറ്റര്‍ നടത്തമത്സരത്തില്‍ സ്വര്‍ണം നേടിയാണ് ട്രാക്ക് വിട്ടത്. ലുധിയാനാ മീറ്റിലും കേരളത്തിനായി ബിന്‍സി സ്വര്‍ണം നേടിയിരുന്നു. 26: 36.80 സമയം കുറിച്ചാണ് ബിന്‍സി സ്വര്‍ണത്തിലേക്ക് നടന്നെത്തിയത്.

100 മീറ്റര്‍ ഓട്ടത്തിലും 400 മീറ്ററിലും നഷ്ടമായ മേല്‍ക്കോയ്മ കേരളതാരങ്ങള്‍ ഹര്‍ഡില്‍സില്‍ തിരികെപ്പിടിക്കുന്നതിനാണ് ഇന്നലെ രാവിലത്തെ തണുത്ത കാലാവസ്ഥയില്‍ സയ്ഫായ് സ്റേഡിയം സാക്ഷ്യം വഹിച്ചത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂളിലെ സൌമ്യ വര്‍ഗീസ് (14.94 സെക്കന്‍ഡ് ) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളില്‍ വണ്ണപ്പുറം എസ്എന്‍എം സ്കൂളിലെ ടി.എസ്. ആര്യ (14.98) സുവര്‍ണനേട്ടത്തിന് അര്‍ഹയായി. സീനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ എം.എന്‍. നാസിമുദ്ദീന്‍ (14.89) ആണ് ഹര്‍ഡില്‍സില്‍ കേരളത്തിനായി മൂന്നാം സ്വര്‍ണം സമ്മാനിച്ചത്.

ട്രിപ്പിള്‍ ജംപില്‍ ഇന്നലെയും കേരളം സര്‍വാധിപത്യം തുടര്‍ന്നു. മൂന്നു വിഭാഗങ്ങളിലും കേരളത്തിനായിരുന്നു സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ ജനിമോള്‍ ജോയ്( 12.84 മീറ്റര്‍) ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. തുടര്‍ന്നു നടന്ന ജൂണിയര്‍ ആണ്‍കുട്ടികളില്‍ കല്ലടി എച്ച്എസ് കുമരംപുത്തൂരിലെ അബ്ദുള്ള അബൂബക്കറും (14.45 മീറ്റര്‍) ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഇ.ആര്‍. രഞ്ജുക (11.62)യും സ്വര്‍ണമാണ് കേരളത്തിന്റെ മെഡല്‍പ്പട്ടികയില്‍ സമ്മാനിച്ചത്. ദേശീയ സ്കൂള്‍ മീറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കോതമംഗലം മാര്‍ ബേസിലിലെ ആതിര മുരളീധരന്‍ 48 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവുമായാണ് മടങ്ങിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മിന്നും പ്രകടനം നടത്തിയ തൃശൂര്‍ സായിയുടെ പി. മെര്‍ളിന്‍ (1: 04.6) കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 3.20 മീറ്റര്‍ ഉയരം മറികടന്ന കോതമംഗലം സെന്റ് ജോര്‍ജിലെ എമിതാ ബാബുവാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.

സംസ്ഥാന മീറ്റില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനം നടത്തി ഇറ്റാവയില്‍ എത്തിയ ഹൈജംപ് താരം ശ്രീനിത് മോഹനനാണ് നാലാം ദിവസത്തെ അവസാന സ്വര്‍ണം കേരളത്തിന് സമ്മാനിച്ചത്. ഈ ഇനത്തില്‍ നിലവിലുള്ള ദേശീയ റിക്കാര്‍ഡ് ഉയരമായ 2.10 മറികടക്കാനുള്ള ശ്രീനിതിന്റെ ശ്രമം പരാജയപ്പെട്ടു. 2.08 മീറ്റര്‍ മറികടന്നാണ് എറണാകുളം എളമക്കര ഗവണ്‍മെന്റ് സ്കൂളിലെ താരം സ്വര്‍ണം സ്വന്തമാക്കിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്കൂളിലെ എഎസ് അക്ഷയ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുണ്ടൂര്‍ സ്കൂളിലെ കെ. വിന്‍സി, ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ ഡൈബി സെബാസ്റ്യന്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ സായിയിലെ പി. മെര്‍ളിന്‍, ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ അനിലാഷ് ബാലന്‍ എന്നിവര്‍ വെള്ളിമെഡല്‍ സമ്പാദിച്ചു. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മദ് സാഹിന്നൂര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മരിയ മാര്‍ട്ടിന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പറളി സ്കൂളിലെ വി.വി. ജിഷയും വെള്ളിത്തിളക്കത്തിന് അര്‍ഹയായി.


നാലാം ദിനം നാലു വെങ്കലമെഡലുകളാണ് കേരളത്തിന്റെ മെഡല്‍പ്പട്ടികയില്‍ എത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ അനസ് ബാബു, സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ പന്നിത്താടം കോണ്‍കോര്‍ഡ് സ്കൂളിലെ മുഹമ്മദ് ഷാഫി, ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ സി. നിസ്്റ്റിമോള്‍, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ തേരവ എച്ച്.എസിലെ ലിനറ്റ് ജോര്‍ജ് എന്നിവരാണ് കേരളത്തിന് വെങ്കലം സമ്മാനിച്ചത്.

ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാവാ മിഷനിലെ വൈദികരുടെ നേതൃത്വത്തില്‍ കേരളാ ടീമിന് പ്രോത്സാഹനവുമായി സയ്ഫായ് സ്റേഡിയത്തില്‍ എത്തി.ഇറ്റാവാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഔറയ്യ സെന്റ് ഫ്രാന്‍സീസ് അക്കാഡമിയിലെ വൈദികരും സ്കൂളിലെ അധ്യാപകരും ഇന്നലെ മുഴുവന്‍ സമയവും സ്റേഡിയത്തിലെത്തി കേരളാ ടീമിന് അഭിവാദ്യം അര്‍പ്പിച്ചു. ഫാ. രാജു കോയിപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളാ ടീമിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളുമായി സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരം നടക്കുന്ന സയ്ഫായ് സ്റേഡിയത്തില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ അകലെ നിന്നുമാണ് ഇവര്‍ കേരളാ ടീമിനെ കാണുന്നതിനും തങ്ങളുടെ ആശംസകള്‍ അറിയിക്കുന്നതിനുമായി എത്തിയത്. ഇറ്റാവാ മിഷനു കീഴില്‍ പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം ന്ിന്ന ഈ മേഖലയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇറ്റാവാ മിഷന്‍ ചെയ്യുന്ന പ്രവര്‍ത്തനം യു.പിക്കാര്‍ ഏറെ ആദരവോടെയാണ് കാണുന്നത്.

നാനോ കാര്‍ എത്തി

മുലായം നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി. 13 നാനോ കാര്‍ ആണ് ഇന്നലെ സയ്ഫായ് സ്റേഡിയത്തില്‍ എത്തിച്ചത്. മീറ്റിലെ മികച്ച താരത്തിന് കാര്‍ നല്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, മികച്ച താരങ്ങള്‍ക്കൊപ്പം റിക്കാര്‍ഡുകള്‍ ഭേദിച്ചവര്‍ക്കും നാനോ സമ്മാനമായി നല്കുമെന്നാണ് ഇപ്പോള്‍ അനൌദ്യോഗികമായി അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കേരളാ ടീം അധികൃതര്‍ അറിയിച്ചു.

ദേശീയ റിക്കാര്‍ഡ് ഭേദിച്ചവര്‍ക്ക്് എല്ലാം നാനോ സമ്മാനമായി ലഭിച്ചാല്‍ കേരളത്തിലേക്ക് നാല് നാനോ കാര്‍ എത്തും. പി.യു. ചിത്ര, ജനിമോള്‍ ജോയ്, മരിയ ജയ്സണ്‍, വിഷ്ണു ഉണ്ണി എന്നിവരാണ് റിക്കാര്‍ഡ് ഭേദിച്ച മലയാളി താരങ്ങള്‍.

കൊടിയിറക്കം ഇന്ന്

58-ാം ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്് ഇന്ന് കൊടിയിറങ്ങും. അവസാന ദിനമായ ഇന്ന് 800 മീറ്ററിന്റെയും 200 മീറ്ററിന്റെയും 4- 400 മീറ്റര്‍ റിലേയുടെയും ഫൈനലുകളാണ് നടക്കാനുള്ളത്. റിലേയിലും 800 മീറ്ററിലും കേരളം സുവര്‍ണനേട്ടമാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചാബ് , ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായിരുന്ന ശക്തമായ മത്സരം ഇക്കുറി കേരളത്തിനു നേരിടേണ്ടി വന്നില്ല. മൂന്നാം ദിനം മുതല്‍ കേരളം ഏകപക്ഷീയമായ മുന്നേറ്റമാണ് നടത്തുന്നത്. കിരീടം ഉറപ്പിച്ച കേരളം പരമാവധി സ്വര്‍ണം സ്വന്തമാക്കാനാണ് ഇന്ന് ട്രാക്കില്‍ ഇറങ്ങുക. മീറ്റിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍വഹിക്കും.

പ്രോത്സാഹനവുമായി സ്പോര്‍്ട്സ് കൌണ്‍സില്‍

സയ്ഫായില്‍ കേരളാ ടീമിന് പ്രോത്സാഹനവുമായി കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി സെല്‍വന്‍. ഇന്നലെ പത്മിനി സ്റേഡിയത്തില്‍ താരങ്ങളുടെ മത്സരങ്ങള്‍ കണ്ടു.കേരളാ ടീമിന് പാരിതോഷികം നല്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പത്മിനി മാധ്യമങ്ങളെ അറിയിച്ചു.

പോയിന്റ് നില

സംസ്ഥാനം, സ്വര്‍ണം വെള്ളി, വെങ്കലം, പോയിന്റ് എന്ന ക്രമം)

കേരളം: 26-23-16- 243
മഹാരാഷ്ട്ര 10-11-5- 91
പഞ്ചാബ് 8-7-8- 75
യു.പി 6-9-6 -63
ഡല്‍ഹി7-5-5-55
ഹരിയാന- 7-4-6 55

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.