ഗോവന്‍ കാറ്റില്‍ ഛത്തീസ്ഗഡ് വീണു
ഗോവന്‍ കാറ്റില്‍ ഛത്തീസ്ഗഡ് വീണു
Friday, February 15, 2013 10:59 PM IST
എം.ജി. ലിജോ

കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ പ്രതാപശാലികളായ ഗോവ, ഛത്തീസ്ഗഡിനെ 2-1ന് കെട്ടുകെട്ടിച്ചു മിഷന്‍ കൊച്ചിക്കു തുടക്കമിട്ടു. രണ്ടാം പകുതിയില്‍ ആറുമിനിറ്റിന്റെ ഇടവേളയില്‍ രണ്ടുതവണ എതിര്‍വല കുലുക്കിയാണ് സന്തോഷ് ട്രോഫി ഗ്രൂപ്പ് ഡിയില്‍ ഛത്തീസ്ഗഡിനെതിരെ ഗോവ ആദ്യവിജയം ആഘോഷിച്ചത്. ഇനാഷിയോ കൊളസോയും (62) വെലിറ്റോ ഡിക്രൂസും (68) ഗോവയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ രാം ഈശ്വര്‍ മഹാതോയാണ് ഛത്തീസ്ഗഡിനായി ആശ്വാസഗോള്‍ നേടിയത്. ഇന്ന് ഡല്‍ഹി റെയില്‍വേസിനെ നേരിടും.

കാണികള്‍ക്കു മുന്നില്‍ വിരസമായ കളിയാണ് തുടക്കത്തില്‍ ഇരുകൂട്ടരും കാഴ്ചവച്ചത്. ശക്തരായ ഗോവക്കാര്‍ക്കു മുന്നില്‍ ചടുലമല്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ സന്തോഷ് ട്രോഫിയില്‍ ഒരു ജയം മാത്രം കൈമുതലായുള്ള ഛത്തീസ്ഗഡിനായി. കളി തുടങ്ങി ആറുമിനിറ്റിനുശേഷമാണ് ഗോള്‍പോസ്റ്റ് കടന്ന ഒരു മുന്നേറ്റം ഉണ്ടായത്. ഗോവയുടെ മധ്യനിരതാരം ആഗ്നെല്‍ കൊളാസോ നല്കിയ ക്രോസിന് പെരിസെന്‍ റെബെല്ലോ കൃത്യസമയത്തു തലവച്ചെങ്കിലും ഇടതുപോസ്റ്റിനെ നോവിക്കാതെ പന്ത് കടന്നുപോയി. ഛത്തീസ്ഗഡിന്റെ യുവനിരയും ആദ്യപകുതിയില്‍ തങ്ങള്‍ക്കാവുംവിധം ഉണര്‍ന്നുകളിച്ചു.
ഒമ്പതാം മിനിറ്റില്‍ ഇടതുവിംഗിലൂടെ കൊളാസോ നടത്തിയ മുന്നേറ്റം ഛത്തീസ്ഗഡ് ഗോളി ഗുര്‍പ്രീത് സിംഗിനെ കാര്യമായി പരീക്ഷിച്ചില്ല. 13-ാംമിനിറ്റില്‍ റെബെല്ലോയുടെ മുന്നേറ്റം ചുവന്ന ജേഴ്സിയില്‍ കളിച്ച ഛത്തീസ്ഗഡ് പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ഗോളെന്ന ലക്ഷ്യം അകന്നുതന്നെനിന്നു.

ഇതിനിടെ ഛത്തീസ്ഗഡ്് സുഖ്ദീപ് സിംഗിന്റെയും ഗുമന്‍ ശ്രേഷ്ഠയുടെയും നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.

39-ാം മിനിറ്റില്‍ ഗോവയുടെ വെലിറ്റോ ഡിക്രൂസിന്റെ ലോംഗ് റേഞ്ചറും പുറത്തേക്ക് പറന്നു. മത്സരത്തിലെ ഏറ്റവും സുന്ദരമായ അവസരം കൈവന്നത് ആദ്യപകുതിയുടെ അവസാനത്തോടെ ഛത്തീസ്ഗഡിനാണ്. മധ്യനിരയില്‍ നിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ വസീം രാജയുടെ ഷോട്ട് അഡ്വാന്‍സ് ചെയ്ത ഗോളി തട്ടിയകറ്റി. റീബൌണ്ട് വന്ന പന്ത് പിടിച്ചെടുത്ത് സുഖ്ദീപ് സിംഗ് പായിച്ച ഷോട്ട് തകര്‍പ്പനൊരു ഹെഡറിലൂടെ ആഗ്നെലോ ബരേറ്റോ രക്ഷപ്പെടുത്തി. ഏറെ വൈകാതെ വിരസമായ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോവ തങ്ങളുടെ കരുത്തായ ആക്രമണഫുട്ബോള്‍ പുറത്തെടുത്തതോടെ കളി ആവേശത്തിലായി. തുടക്കത്തില്‍ത്തന്നെ ഗോവയ്ക്ക് മികച്ച രണ്ട് അവസരങ്ങളാണ് ലഭിച്ചത്.

അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആദ്യ അവസരം പിറന്നത്. ആഗ്നല്‍ കൊളാസോ എടുത്ത ഫ്രീകിക്ക് ഛത്തീസ്ഗഡ് ബോക്സില്‍ പറന്നിറങ്ങിയെങ്കിലും പിന്നീടുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. ആഗ്നല്‍ എടുത്ത കോര്‍ണറും ഛത്തീസ്ഗഡ് പ്രതിരോധം ക്ളിയര്‍ ചെയ്തതോടെ അപകടം ഒഴിവായി.

പിന്നീട് അധികം കഴിയും മുംമ്പേ ഛത്തീസ്ഗഡിന് മികച്ചൊരു അവസരം കൈവന്നു. 57-ാം മിനിറ്റില്‍ ഇടതുവിംഗില്‍ക്കൂടി മുന്നേറിയ നിര്‍മല്‍ മുണ്ഡെ ഓട്ടത്തിനിടയില്‍ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തുപോയി.

പിന്നീട് 62-ാം മിനിറ്റില്‍ ഗോവ കാത്തിരുന്ന ഗോള്‍നിമിഷം പിറന്നു. വലതുവിംഗില്‍ ക്കൂടി കുതിച്ചുകയറിയ മാര്‍ക്കോസ് ഫെര്‍ണാണ്ടസ് പന്ത് ഇനാഷിയോ കൊളസോക്കു കൈമാറി. പന്ത് സ്വീകരിച്ച ഇനാഷിയോ ഓട്ടത്തിനിടെ തൊടുത്ത വലംകാലന്‍ ഷോട്ട് ഛത്തീസ്ഗഡ്് പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി വല യില്‍ പതിച്ചു. ഗോവ 1-0 മുന്നില്‍. ഗോള്‍ വീണതോടെ ഗോവ ഒന്നുകൂടി ഉണര്‍ന്നു. അതിന്റെ ഫലമായിരുന്നു ആറുമിനിറ്റുകള്‍ക്കുള്ളില്‍ വീണ രണ്ടാംഗോള്‍. ഇത്തവണയും ഗോളിന്റെ പിന്നില്‍ കൊളാസോയുടെ സംഭാവനയുണ്ടായിരുന്നു. കൊളാസോ നല്‍കിയ പാസ് സ്വീകരിച്ച വെലിറ്റോ ഡിക്രൂസ് ഉജ്വലമായ ഷോട്ടിലൂടെ ഗോളിയെ നിഷ്പ്രഭനാക്കി.

രണ്ടു ഗോളുകളുടെ പ്രഹര ത്തില്‍ ഛത്തീസ്ഗഡ് തളര്‍ന്നു. ഗോവന്‍ മുന്നേറ്റവും ഛത്തീസ്ഗഡ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമായി അവസാനമിനിറ്റുകള്‍ മാറി. രണ്ട് സുവര്‍ണാവസരങ്ങള്‍ ഇതിനിടെ ഗോവന്‍ മുന്നേറ്റ നിര നഷ്ടപ്പെടുത്തി. എന്നാല്‍, മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഇഞ്ചുറി ടൈമില്‍ ഛത്തീസഗഡ് ആശ്വാസഗോള്‍ കണ്െടത്തി.

രാം ഈശ്വര്‍ മഹാതോയുടെ ഉശിരനൊരു ഇടംകാല്‍ ഷോട്ട് ഗോവന്‍ വലയില്‍ തറച്ചുകയറുകയാ യിരുന്നു. അവസാന മിനിറ്റില്‍ ഛത്തീസ്ഗഡ് കൈമെയ് മറന്ന് പൊരുതിയെങ്കിലും സമനില ഗോള്‍ മാത്രം അകന്നുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.