കേരളം ഇന്ന് ആദ്യ സെമിയില്‍
കേരളം ഇന്ന് ആദ്യ സെമിയില്‍
Thursday, February 28, 2013 10:21 PM IST
എം.ജി ലിജോ

കൊച്ചി: എതിരാളികള്‍ ആരെന്നോ എത്ര ശക്തരെന്നോ ശ്രദ്ധിക്കേണ്ട. നമ്മള്‍ ഇറങ്ങുന്നതു ഫൈനലിലെത്താനാണെന്ന ബോധ്യവും കളിക്കളത്തില്‍ നൂറു ശതമാനം അര്‍പ്പണവും പുറത്തെടുത്താല്‍ ജയം താനേ വന്നുകൊള്ളും. പരിശീലകന്‍ എം.എം. ജേക്കബിന്റെ വാക്കുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കേരളം ഇന്നിറങ്ങുന്നു. 67-ാമതു സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിലേക്കുള്ള യാത്രയില്‍ എതിരെ വരുന്നതു കടംകൊണ്ട മലയാളി പടക്കുതിരകളുമായെത്തുന്ന മഹാരാഷ്ട്രയാണ്. മലയാളിതാരം എന്‍.പി. പ്രദീപ് നയിക്കുന്ന മഹാരാഷ്ട്രയ്ക്കാണ് കളിയില്‍ മുന്‍തൂക്കം. വൈകുന്നേരം ആറിനാണ് മത്സരം ആരംഭിക്കുക.

കട്ടക്ക് ആവര്‍ത്തിക്കാന്‍ കേരളം

കഴിഞ്ഞവര്‍ഷം കട്ടക്ക് സന്തോഷ് ട്രോഫിയില്‍ നിര്‍ണായക ക്വാര്‍ട്ടറില്‍ ഒരു ഗോളിനു പിന്നില്‍ നിന്നശേഷം മഹാരാഷ്ട്രയെ 3-1നു തകര്‍ത്തതിന്റെ മധുരസ്മരണകളുമായാകും കേരളമിന്ന് ഇറങ്ങുക. അന്ന് കണ്ണന്റെ ഇരട്ടഗോളിനൊപ്പം സുര്‍ജിത്തിന്റെ ഹെഡറുമായിരുന്നു എം.എം. ജേക്കബിന്റെ കുട്ടികളെ വിജയരഥത്തിലേറ്റിയത്. എന്നാല്‍ വര്‍ഷമൊന്നു കടന്നുപോയപ്പോള്‍ മഹാരാഷ്ട്രയും കേരളവും പ്രകടനനിലവാരത്തില്‍ രണ്ടു തട്ടിലാണ്. മലയാളിതാരങ്ങളുടെ കരുത്തില്‍ ഗോള്‍വര്‍ഷം നടത്തി മുന്നേറുന്ന മറാത്തക്കാര്‍ക്കു തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം.

കഴിഞ്ഞവര്‍ഷം മഹാരാഷ്്ട്രയ്ക്കെതിരെ കളിച്ച ടീമിലെ കെ. അനഘും മുഹമ്മദ് റാസിയും നായകന്‍ ജോബി ജോര്‍ജും ഒഴികെയുള്ള മിക്ക താരങ്ങളും ഇത്തവണ ടീമിലുണ്ട്. ഇടുക്കിക്കാരന്‍ എന്‍.പി. പ്രദീപ് നയിക്കുന്ന മഹാരാഷ്ട്രനിരയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ മലയാളി താരമായ മുഹമ്മദ് റാഫിയുമുണ്ട്. ടൂര്‍ണമെന്റില്‍

ടീമില്‍ മാറ്റങ്ങള്‍

ആദ്യമത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളം അവസാന ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. രാഹുല്‍ പരിക്കു മൂലം പുറത്തിരുന്നേക്കും. മഞ്ഞകാര്‍ഡു കണ്ടു കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന ഷെറിന്‍ സാം പ്രതിരോധത്തിലേക്കു തിരിച്ചെത്തും. ശക്തമായ മധ്യനിരയുള്ള മഹാരാഷ്ട്രയ്ക്കായി പറന്നുകളിക്കുന്ന നായകന്‍ പ്രദീപിനെ നിലയ്ക്കു നിര്‍ത്താന്‍ പ്രതിരോധത്തില്‍ നിന്നു സജിത്തിനെ മധ്യനിരയിലേക്കു കൊണ്ടുവരും. ഇത്രയുമാണ് നടപ്പിലാക്കിയേക്കാവുന്ന മാറ്റങ്ങള്‍. സ്വതന്ത്രമായി കളിക്കുന്ന പ്രദീപിനെ തളച്ചാല്‍ മുന്നേറ്റത്തിലെ പടക്കുതിര മുഹമ്മദ് റാഫിയിലേക്കുള്ള തുടര്‍ച്ചയായ പന്തൊഴുക്ക് തടയാനാകുമെന്ന തിരിച്ചറിവാണ് സജിത്തിനെ പുതിയ ദൌത്യം ഏല്‍പ്പിക്കുന്നതിനു പിന്നിലെ രഹസ്യം. സജിത്ത് ഒരു ചുവട് മുന്നിലേക്കു വരുന്നതോടെ പ്രതിരോധത്തില്‍ ജോണ്‍സനും സുര്‍ജിത്തിനുമൊപ്പമെത്തുക ഒരു കളിയില്‍ പുറത്തിരുന്ന ഷെറിന്‍ സാമാകും. ഹരിയാനയ്ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത എസ്ബിടിയുടെ ബി.ടി. ശരത്തും പ്രതിരോധക്കോട്ട കാക്കാന്‍ തുടക്കം മുതലുണ്ടാകും.

മുന്നേറ്റനിരയ്ക്ക് ഇടതു വിംഗിലൂടെ പന്തെത്തിച്ചു കൊടുക്കുന്നതില്‍ വിശ്വസ്തനായ ജോണ്‍സന്‍ വിജയിച്ചാല്‍ പ്രതിരോധത്തിലെ വിള്ളലുകളും പ്രശ്നങ്ങളും ഒരുപരിധിവരെ ഒഴിവാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

അവസരത്തിനൊത്തുയരാത്ത മധ്യനിരയാണ് കേരളത്തെ ദുര്‍ബലമാക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ചില മാറ്റങ്ങള്‍ മധ്യത്തില്‍ വന്നേക്കാം. ഹരിയാനയ്ക്കെതിരേ പരിക്കേറ്റ പി. രാഹുല്‍ കളിക്കുന്ന കാര്യം രാവിലെ മാത്രമെ തീരുമാനിക്കുകയുള്ളു. കഴിഞ്ഞ കളിയില്‍ ഫോമിലേക്കുയരാതിരുന്ന ഷിബിന്‍ലാലിനു പകരം പോലീസ് താരം ആദ്യം മുതല്‍ ഇറങ്ങിയേക്കുമെന്ന സൂചനയാണു ലഭിക്കുന്നത്. അങ്ങനെ വന്നാല്‍ വിനീത് ആന്റണിക്കും സുമേഷിനുമൊപ്പം സജിത്തും ചേരുന്നതോടെ മധ്യനിര പൂര്‍ണമാകും. മുന്നേറ്റക്കാര്‍ക്ക് പന്തെത്തിക്കുന്നതിനൊപ്പം എതിരാളികളുടെ ആക്രമണങ്ങള്‍ മുളയിലെ നുള്ളുകയെന്ന ഭാരിച്ച ചുമതല കൂടി വഹിക്കേണ്ടി വരുന്ന മധ്യനിരയുടെ പ്രകടനമാകും നിര്‍ണായകമാകുക.


മുന്നേറ്റത്തില്‍ എല്ലാ കളികളിലും വലകുലുക്കിയ കണ്ണനും ഉസ്മാനും തന്നെയാണ് ഗോളടിക്കാനുള്ള ചുമതല. ആകെ ഒരു ഗോളേ ഇതുവരെ നേടിയിട്ടുള്ളെങ്കിലും കൂട്ടുകാരനു പന്തെത്തിച്ചുനല്കുന്നതില്‍ ഉസ്മാന്‍ കാണിക്കുന്ന ശുഷ്കാന്തി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അവസാന മത്സരത്തിലൊഴികെ കേരളം ആദ്യ 20 മിനിറ്റില്‍ തന്നെ ലീഡ് നേടിയിരുന്നു. മുന്നേറ്റത്തെ അപേക്ഷിച്ച് മഹാരാഷ്ട്ര പ്രതിരോധം അത്രയ്ക്കു ശക്തമല്ലെന്നത് ഉസ്മന്‍-കണ്ണന്‍ ദ്വയത്തെ ആവേശഭരിതരാക്കുമെന്നു തീര്‍ച്ച.

മലയാളി കരുത്തില്‍ മഹാരാഷ്ട്ര

ഇത്തവണ സ്ഥിരതയാര്‍ന്ന കളി കാഴ്ചവയ്ക്കുന്ന ടീമുകളിലൊന്നാണ് എന്‍.പി. പ്രദീപ് നയിക്കുന്ന മഹാരാഷ്ട്ര. കഴിഞ്ഞവര്‍ഷം സെമിയിലെത്താത്തതിനാല്‍ ഗ്രൂപ്പ് തലം മുതല്‍ കളിച്ചതിന്റെ ഒത്തിണക്കവും കളിപരിചയവും നേടാന്‍ അവര്‍ക്കായിട്ടുണ്ട്. ഡോട്ട്സെല്‍ എഫ്സിയുടെ താരങ്ങളായ മലയാളികള്‍ക്കൊപ്പം മുംബൈ ലീഗില്‍ കളിക്കുന്ന പരിചയസമ്പത്തുള്ള താരങ്ങളാലും സമ്പന്നമാണ് ടീം. കഴിഞ്ഞ തവണ കട്ടക്കില്‍ കേരളത്തോടു തോറ്റ ടീമില്‍ ഭൂരിഭാഗവും ഒഎന്‍ജിസി താരങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ ഒഎന്‍ജിസി താരങ്ങളാരും ടീമിലില്ല.

ഗ്രൂപ്പ് തലത്തില്‍ ഉത്തര്‍പ്രദേശിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മഹാരാഷ്ട്ര ക്വാര്‍ട്ടറിലെത്തിയത്. അതും യുപിയോടും ദുര്‍ബലരായ മിസോറാമിനോടും സമനില വഴങ്ങിയും.

യുപിയെയാകട്ടെ കേരളം ക്വാര്‍ട്ടറില്‍ 3-2നു തോല്‍പിച്ചതുമാണ്. എന്നാല്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ രൌദ്രഭാവത്തില്‍ ഉറഞ്ഞുതുള്ളുന്ന മറാത്തക്കാരെയാണ് കണ്ടത്. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയില്‍ അവര്‍ തമിഴ്നാട്, ഗോവ, ജാര്‍ഖണ്ഡ് ടീമുകളെയാണ് നേരിട്ടത്. ആദ്യ ക്വാര്‍ട്ടറില്‍ ജാര്‍ഖണ്ഡിനെ 4-1നു തകര്‍ത്തെറിഞ്ഞ പ്രദീപിന്റെ ടീം ശക്തരായ ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പറത്തിയത്. അവസാന മത്സരത്തില്‍ തമിഴ്നാടിനെതിരെ 2-1നും അവര്‍ ജയിച്ചു.

ക്വാര്‍ട്ടറില്‍ മൊത്തം ഒമ്പതു ഗോളുകള്‍ എതിര്‍പോസ്റ്റില്‍ വര്‍ഷിച്ച മഹാരാഷ്ട്രക്കാര്‍ തിരികെ രണ്െടണ്ണം മാത്രമെ വാങ്ങിയുള്ളു. അടിച്ച ഒമ്പതില്‍ ഏഴും മലയാളികളായ റാഫിയുടെയും പ്രദീപിന്റെയും ബൂട്ടില്‍ നിന്നാണ്.

ഇരുവരുടെയും ഗോളടി മികവാണ് മറാത്തക്കാരുടെ ശക്തിയും ദൌര്‍ബല്യവും. ഇരുവരെയും പിടിച്ചുകെട്ടിയാല്‍ ജയം അകലെയല്ലെന്ന ബോധ്യം പ്രകടിപ്പിച്ചാല്‍ ഞായറാഴ്ച്ച കലാശപോരാട്ടത്തിന് ബൂട്ടുകെട്ടാന്‍ കേരളത്തിനു പ്രയാസപ്പെടേണ്ടി വരില്ല. മലയാളിയായ അനസ് ടീമിലുണ്െടങ്കിലും കളത്തിലിറങ്ങിയേക്കില്ല.

കളി കാണാം ദൂരദര്‍ശനില്‍

കൊച്ചി: ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ന് നടക്കുന്ന കേരളം-മഹാരാഷ്ട്ര ആദ്യ സെമി ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ആകാശവാണിയില്‍ വൈകു ന്നേരം 6.30മുതല്‍ കമന്ററിയുമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.