മെസിയല്ല, കേമന്‍ റൊണാള്‍ഡോ
മെസിയല്ല, കേമന്‍ റൊണാള്‍ഡോ
Thursday, February 28, 2013 10:23 PM IST
ബാഴ്സലോണ: ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ കേമന്‍ എന്നു ചോദിച്ചാല്‍ ഒരുപക്ഷേ, കൂടുതല്‍പ്പേരും പറയുന്നത് ലയണല്‍ മെസി എന്നായിരിക്കും. എന്നാല്‍, കിംഗ്സ് കപ്പ് സെമിയിലെ രണ്ടാംപാദ മത്സരത്തില്‍ റൊണാള്‍ഡോ തന്നെ കേമന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഇരട്ട ഗോളുകളുടെ മികവില്‍ ബാഴ്സലോണയെ റയല്‍ മാഡ്രിഡ് തകര്‍ത്തു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ബാഴ്സയുടെ മടയില്‍ച്ചെന്നാണ് റൊണാള്‍ഡോയും കൂട്ടരും അവരെ തകര്‍ത്തെറിഞ്ഞത്.

സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന ആദ്യപാദത്തില്‍ റയല്‍ 1-1ന് സമനില വഴങ്ങിയിരുന്നു. ഇരുപാദങ്ങളിലുമായി ഇതോടെ 4-2ന്റെ ഉജ്വല വിജയമാണ് റയല്‍ സ്വന്തമാക്കിയത്. അത്ലറ്റിക്കോ മാഡ്രിഡ്- സെവിയ്യ മത്സരവിജയികളാണ് ഫൈനലില്‍ റയലിന്റെ എതിരാളികള്‍. 13-ാം മിനിറ്റിലും(പെനാല്‍റ്റി) 57-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 68-ാം മിനിറ്റില്‍ റാഫേല്‍ വരാനെയും റയലിനുവേണ്ടി ഗോള്‍ നേടിയപ്പോള്‍ കളി തീരാന്‍ ഒരു മിനിറ്റുമാത്രം ബാക്കിയുള്ളപ്പോള്‍ ജോര്‍ഡി ആല്‍ബ ബാഴ്സയുടെ ആശ്വാസഗോള്‍ നേടി.

ആര്‍ത്തിരമ്പുന്ന ന്യൂകാമ്പിലെ ബാഴ്സ ആരാധകരുടെ മുന്നില്‍ തകര്‍പ്പന്‍ ആക്രമണങ്ങളുടെ വേലിയേറ്റവുമായാണ് റയല്‍ മത്സരം തുടങ്ങിയത്. ലയണല്‍ മെസിയെ തികച്ചും അപ്രസക്തനാക്കുന്ന കളിയായിരുന്നു റൊണാള്‍ഡോയുടേത്. 11-ാം മിനിറ്റില്‍ മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നു ലഭിച്ച പാസുമായി ഇടതുവിംഗിലൂടെ മുന്നേറിയ റൊണാള്‍ഡോ പെനാറ്റി ബോക്സില്‍. റൊണാള്‍ഡോയുടെ മുന്നേറ്റം തടയുന്നതിനിടെ ബാഴ്സ പ്രതിരോധഭടന്‍ ജറാള്‍ഡ് പിക്വെ റൊണാള്‍ഡോയെ മറിച്ചിട്ടു. റഫറിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പെനാല്‍റ്റി. ബാഴ്സ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.

പെനാല്‍റ്റി എടുത്ത റൊണാള്‍ഡോയ്ക്കു പിഴച്ചില്ല. ഗോളി ഹൊസെ മാനുവല്‍ പിന്റോയെയും കടന്ന് പന്തു വലയില്‍. ആദ്യ ഗോള്‍ വീണതോടെ ബാഴ്സ പ്രത്യാക്രമണം ശക്തമാക്കി. സെസ് ഫാബ്രിഗസിനെ റയല്‍, ബോക്സില്‍ വീഴ്ത്തിയെന്ന ആരോപണവുമായി ബാഴ്സ താരങ്ങള്‍ രംഗത്തെത്തിയെങ്കിലും വീഡിയോയും റഫറിയും അതുകണ്ടില്ല. 37-ാം മിനിറ്റില്‍ ബാഴ്സയ്ക്കനുകൂലമായി ലഭിച്ച ഫ്രീ കിക്കില്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക് നിര്‍ഭാഗ്യംകൊണ്ട് ഗോള്‍ നേടാനായില്ല. പന്ത് പോസ്റ്റിന്റെ ഇടതുമൂലയെ ചുംബിച്ച് പുറത്തേക്കു പോയി.


രണ്ടാം പകുതിയില്‍ റയല്‍ വീണ്ടും തകര്‍ത്താടി. ഡി മരിയയുടെ മുന്നേറ്റത്തിനൊടുവില്‍ തൊടുത്ത ഷോട്ട് പിന്റോ തടഞ്ഞെങ്കിലും കയ്യിലൊതുക്കുന്നതില്‍ പരാജയപ്പെട്ടു. റീബൌണ്ട് നേരേ വന്നത് റൊണാള്‍ഡോയുടെ ഇടംകാലിലേക്ക്. നിമിഷാര്‍ധംകൊണ്ട് പന്ത് വലയില്‍. റയല്‍-2, ബാഴ്സ--0. രണ്ടു ഗോളുകള്‍ വീണതോടെ ബാഴ്സ ക്യാമ്പ് വിറച്ചു. അവരുടെ പ്രത്യാക്രമണത്തിനു വേഗം കുറഞ്ഞു. ഇതോടെ ഫാബ്രിഗസിനെ വലിച്ച് ഡേവിഡ് വിയ്യയെ ഇറക്കി. എന്നാല്‍, മെസിക്കും വിയ്യയ്ക്കും പെഡ്രോയ്ക്കും പന്തെത്തിക്കാന്‍ സാവിക്കും ഇനിയസ്റയ്ക്കും കഴിഞ്ഞില്ല. ഇതിനിടെ, റയല്‍ തങ്ങളുടെ മൂന്നാം ഗോളും നേടി. മെസ്യൂട്ട് ഓസില്‍ എടുത്ത കോര്‍ണര്‍ വരാനെയുടെ തലയില്‍. പോസ്റ്റില്‍നിന്ന് എട്ടടിയോളം മാറിനിന്ന വരാനെയുടെ തകര്‍പ്പന്‍ ഹെഡര്‍ വലയില്‍. റയല്‍ മൂന്നു ഗോളുകള്‍ക്ക് മുന്നില്‍. പിന്നീട് പരാജിതരെപ്പോലെയായി ബാഴ്സയുടെ കളി. സ്പാനിഷ് ലീഗില്‍ കുതിപ്പുതുടരുന്ന ബാഴ്സയ്ക്ക് പരമ്പരാഗതവൈരികളോട് ജയിക്കാനാകാത്തത് തിരിച്ചടിയാവുകയാണ്. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ ഇനിയസ്റ്റ നല്‍കിയ പാസില്‍ ആല്‍ബ ആശ്വാസഗോള്‍ കണ്െടത്തി.

കാറ്റലന്‍ ക്ളബിന്റെ ആസ്ഥാനത്ത് പന്തു തട്ടാനെത്തിയ ക്രി സ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെ ഗോള്‍ നേട്ടമാണിത്. റയലിന്റെ തട്ടകത്തിലെത്തിയ മെസി നേടിയ ഗോളുകളേക്കാള്‍ കൂടുതലാണിത്. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് സഹതാരം സെര്‍ജി റാമോസ് പറയുന്നത് ഇങ്ങനെയാണ്. അവാര്‍ഡുകള്‍ ലഭിച്ചില്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ താങ്കളാണ് എന്നാണ്.

സ്പാനിഷ് ലീഗിലെ എല്‍ ക്ളാസിക്കോ ശനിയാഴ്ച നടക്കും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ ബാഴ്സ എത്തുമ്പോള്‍ തുടര്‍ച്ചയായ രണ്ട് എല്‍ ക്ളാസിക്കോ കാണാനുള്ള ഭാഗ്യമാണ് ഫുട്ബോള്‍ ആരാധകര്‍ക്കുണ്ടാകുന്നത്. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ 16 പോയിന്റിനു പിന്നിലാണ് മൂന്നാം സ്ഥാനത്തുള്ള റയല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.