യുവതുര്‍ക്കികളുടെ പൂരക്കളം
യുവതുര്‍ക്കികളുടെ പൂരക്കളം
Tuesday, April 15, 2014 10:49 PM IST
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം സീസണ്‍ നാളെ തുടങ്ങുമ്പോള്‍ ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര സൃഷ്ടിച്ച കളിക്കാര്‍ക്കൊപ്പം തന്റെ പ്രതിഭയെ ലോകത്തെ കാണിക്കാന്‍ ഒരുപിടി യുവതാരങ്ങളും പോരാട്ടങ്ങള്‍ക്കിറങ്ങുകയാണ്. ഇതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാബ അപരാജിത്, റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ വിജയ് സോള്‍ എന്നിവരാണ് അവര്‍. ഇതില്‍ സഞ്ജു കഴിഞ്ഞ ഐപിഎല്‍ സീസണിലെ പ്രകടനത്തോടെ തന്റെ കേളീമികവ് ക്രിക്കറ്റ് ലോകത്തെ കാട്ടിയതുമാണ്. ബാബ അപരാജിത്, വിജയ് സോള്‍ എന്നിവരുടെ ലക്ഷ്യം ഈ സീസണില്‍ മികച്ച പ്രകടനം നടത്തി അടുത്ത സീസണുകളില്‍ മറ്റ് ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കാനായിരിക്കും. ഇവര്‍ക്കൊപ്പമുള്ള യുവതാരങ്ങളുടെ ലക്ഷ്യവും അതുതന്നെ. അണ്ടര്‍ 19 ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ ഐപിഎല്‍ ഏഴാം സീസണില്‍ ഇറങ്ങുന്നുണ്ട്. സ്പിന്നര്‍ കുല്‍ദിപ് യാദവ്, റിക്കി ബുയി, സി.വി. മിലിന്ദ്, അങ്കുഷ് ബെയ്ന്‍സ് എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ പതിനേഴുകാരനായ റിക്കി ബുയി യുഎഇയിക്കു പോകും മുമ്പ് കടുത്ത പരിശീലനമാണ് നടത്തിയത്. ഇന്ത്യന്‍ ടീമിലെ പ്രധാന ബൌളര്‍മാരായ ഇര്‍ഫാന്‍ പഠാനെയും ഇഷാന്ത് ശര്‍മയെയും നെറ്റ്സില്‍ നേരിട്ടു. പല പ്രമുഖ ബൌളര്‍മാരും ഉയര്‍ത്തുന്ന സമ്മര്‍ദം എങ്ങനെ അതിജീവിക്കണം എന്നതിനെക്കുറിച്ച് ടീം മെന്റര്‍ വി.വി.എസ്. ലക്ഷ്മണ്‍ ഉപദേശം നല്കിയെന്നും ബുയി പറഞ്ഞു. യുവതാരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ ഒരു പരീക്ഷണമായിരിക്കുമെന്ന് ബുയിയുടെ അണ്ടര്‍ 19 ലെ സഹതാരം സി.വി. മിലിന്ദും പറഞ്ഞു.


ഐപിഎല്‍ മത്സരങ്ങള്‍ക്ക് ധാരാളം പരിചയസമ്പന്നരായ കളിക്കാരാണെത്തുന്നത്. ഗൌതം ഗംഭീര്‍, ജാക് കാലിസ് തുടങ്ങിയ പ്രമുഖര്‍ എങ്ങനെയാണ് ഫീല്‍ഡിലുണ്ടാകുന്ന കടുത്ത സമ്മര്‍ദത്തെ അതിജീവിക്കുന്നതെന്ന് പഠിക്കേണ്ടതുണ്ട്. കൂടാതെ സുനില്‍ നരേനില്‍ നിന്നു ബാറ്റ്സ്മാന്‍മാരെ പുറത്താക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും പഠിക്കണമെന്ന് കുല്‍ദീപ് യാദവ് പറഞ്ഞു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളിക്കാരനാണ് യാദവ്. യുഎഇയിലെ സാഹചര്യങ്ങള്‍ പരമാവധി ഉപയോഗിക്കുമെന്ന് സോള്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റിലൂടെയാണ് ലോകത്തെ പല പ്രമുഖര്‍ക്കൊപ്പം ഇറങ്ങുന്നത്. അവസരങ്ങള്‍ നന്നായി ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് അണ്ടര്‍ 19 നായകന്‍ പറഞ്ഞു.

പ്രധാന യുവതാരങ്ങള്‍

റിക്കി ബുയി : 17 വയസ്, സണ്‍റൈസേഴ്സ് ഹൈദരബാദ്,
സി.വി. മിലിന്ദ് 19 വയസ്, സണ്‍റൈസേഴ്സ്
ബാബ അപരാജിത് 19 വയസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്
കുല്‍ദീപ് യാദവ് - 19 വയസ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
അങ്കുഷ് ബെയ്ന്‍സ്- 18 വയസ്, രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണ്‍ - 19 വയസ്, രാജസ്ഥാന്‍ റോയല്‍സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.