സൂപ്പര്‍ കാലിസ്
സൂപ്പര്‍ കാലിസ്
Thursday, April 17, 2014 11:57 PM IST
അബുദാബി: പ്രായം തളര്‍ത്താത്ത പോരാളിയായി ജാക് കാലിസും ഒപ്പം മനീഷ് പാണ്ഡെയും ബാറ്റേന്തിയപ്പോള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. ഐപിഎല്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മുന്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത 41 റണ്‍സിനു കീഴടക്കി. 46 പന്തില്‍ 72 റണ്‍സെടുത്ത കാലിസിന്റെയും 53 പന്തില്‍ 64 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെയും ബാറ്റിംഗ് മികവില്‍ നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ വെല്ലുവിളി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 122 ന് അവസാനിച്ചു. കാലിസാണ് മാന്‍ ഓഫ് ദ മാച്ച്.

തുടക്കത്തിലേ നായകന്‍ ഗൌതം ഗംഭീറിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ കാലിസും മനീഷ് പാണ്ഡെയും നേടിയ 131 റണ്‍സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കൈപിടിച്ചുയര്‍ത്തി. വിരമിക്കലിനുശേഷം ഐപിഎല്‍ പോരിനെത്തിയ കാലിസിന്റെ ബാറ്റിന്റെ ചൂട് മുംബൈ ഇന്ത്യന്‍സിന്റെ ബൌളര്‍മാര്‍ ശരിക്കുമറിഞ്ഞു.

ടോസ് നേടി ക്രീസിലെത്തിയ ഗംഭീറിന്റെ തുഴച്ചിലോടെയാണ് കോല്‍ക്കത്തയുടെ ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ ഓവറിലെ മുഴുവന്‍ പന്തും നേരിട്ടെങ്കിലും ഗംഭീറിന് ഒരു റണ്‍ പോലും നേടാനായില്ല. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ ഒരു റണ്ണും എടുത്ത് കാലിസ് സ്ട്രൈക്ക് ഗംഭീറിനു കൈമാറി. മലിംഗ എറിഞ്ഞ ആ ഓവറിന്റെ നാലാം പന്തില്‍ ഗംഭീറിന്റെ വിക്കറ്റ് തെറിച്ചു. ഉജ്വലമായൊരു യോര്‍ക്കറില്‍ ഗംഭീര്‍ തലകുനിച്ചു. നാലാം ഓവറിലാണ് കോല്‍ക്കത്ത ആദ്യമായി സിക്സര്‍ കണ്ടത്. കോറി ആന്‍ഡേഴ്സണ്‍ എറിഞ്ഞ ഓവറിന്റെ നാലും അഞ്ചും പന്തുകള്‍ നിലം തൊട്ടും തൊടാതെയും പറത്തിയ മനീഷ് പാണ്ഡെ സ്കോര്‍ബോര്‍ഡിലേക്ക് പത്തു റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള ഓവറില്‍ സഹീര്‍ ഖാനും പ്രഗ്യാന്‍ ഓജയും റണ്‍ വഴങ്ങുന്നതില്‍ പിശുക്കുകാണിച്ചതോടെ നൈറ്റ് റൈഡേഴ്സ് പതറി. പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും കോല്‍ക്കത്ത ഒരു വിക്കറ്റ് നഷ്ടത്തില്‍ 63. രണ്ട് ഓവര്‍ വീതം എറിഞ്ഞ ആന്‍ഡേഴ്സണും ഹര്‍ഭജനും നല്കിയ 35 റണ്‍സായിരുന്നു അതിന്റെ ഭൂരിഭാഗവും.


ഒരു വശത്ത് മനീഷ് പാണ്ഡെ അടിച്ചു തകര്‍ക്കുമ്പോള്‍ കാലിസ് സംയമനത്തോടെ പിന്തുണ നല്കി. 44 പന്തില്‍ നിന്ന് ഇവരുടെ കൂട്ടുകെട്ട് 50 റണ്‍സ് നേടി. പൊള്ളാര്‍ഡ് എറിഞ്ഞ 14-ാം ഓവറിന്റെ രണ്ടാം പന്തില്‍ മനീഷ് പാണ്ഡെ അര്‍ധ ശതകത്തിലെത്തി. 42 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്സും അടക്കമാണ് പാണ്ഡെ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഓവറിന്റെ നാലാം പന്തില്‍ കാലിസിനെ മലിംഗ വിട്ടുകളഞ്ഞതോടെ മുംബൈ ആഗ്രഹിച്ച ബ്രേക് ത്രൂ നീണ്ടു. അടുത്ത ഓവറില്‍ കാലിസിന്റെ ഉഗ്രരൂപം ഓജ ദര്‍ശിച്ചു. രണ്ടു സിക്സും ഒരു ഫോറും അടക്കം ഓവറില്‍ പിറന്നത് 20 റണ്‍സ്. തകര്‍ത്തടിച്ച കാലിസ് നേരിട്ട 37-ാം പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. മൂന്നു ഫോറും രണ്ടു സിക്സും അതിനോടകം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പ്രവഹിച്ചിരുന്നു. 17-ാം ഓവറിന്റെ അവസാന പന്തില്‍ മലിംഗയ്ക്കു മുന്നില്‍ മനീഷ് പാണ്ഡെ കീഴടങ്ങി. 53 പന്തില്‍ നിന്ന് രണ്ടു സിക്സും ആറു ഫോറും അടക്കം 64 റണ്‍സ് അപ്പോഴേക്കും നേടിയിരുന്നു. സഹീര്‍ ഖാന്‍ എറിഞ്ഞ അടുത്ത ഓവറില്‍ കാലിസ് സിക്സര്‍ പറത്തിയെങ്കിലും അവസാന പന്തില്‍ ഉത്തപ്പയുടെ വിക്കറ്റ് വീണു. 19-ാം ഓവറിന്റെ രണ്ടാം പന്തില്‍ കൂറ്റനടിക്കുശ്രമിച്ച കാലിസ് ലോംഗ് ഓഫില്‍ കോറി ആന്‍ഡേഴ്സണു ക്യാച്ച് നല്കി മടങ്ങി. 46 പന്തില്‍ നിന്ന് മൂന്നു സിക്സും നാലു ഫോറും അടക്കം ദക്ഷിണാഫ്രിക്കന്‍ താരം 72 റണ്‍സ് നേടി.

മുംബൈയുടെ തുടക്കം പതിഞ്ഞതായിരുന്നു. ആദ്യ അഞ്ച് ഓവറില്‍ എട്ടു റണ്‍സ് മാത്രം നേടാനേ മുംബൈ ഇന്ത്യന്‍സിനു സാധിച്ചുള്ളൂ. അതിനിടെ ഓപ്പണര്‍ മൈക് ഹസിയെ ഉജ്വല പന്തിലൂടെ സുനില്‍ നരെന്‍ ബൌള്‍ഡാക്കുകയും ചെയ്തു. തുടര്‍ന്ന് ആദിത്യ തരെയും അമ്പാട്ടി റായിഡുവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, എട്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ തരെയെ റിട്ടേണ്‍ ക്യാച്ചിലൂടെ ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞയച്ചു. മൂന്നു ശ്രമത്തിനുശേഷമാണ് ഷക്കീബ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. കോല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരേന്‍ നാല് ഓവറില്‍ 20 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.