വീഴാതെ വമ്പന്മാര്‍ മുന്നോട്ട്
വീഴാതെ വമ്പന്മാര്‍ മുന്നോട്ട്
Thursday, April 17, 2014 12:01 AM IST
മൊണാക്കോ: മോണ്ടി കാര്‍ലോ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്മാര്‍ മുന്നോട്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, സോംഗ തുടങ്ങിയവര്‍ മൂന്നാം റൌണ്ടില്‍ കടന്നു. നിലവിലെ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സീസണിലെ തുടര്‍ച്ചയായ 11-ാം വിജയത്തോടെയാണ് മൂന്നാം റൌണ്ടില്‍ കടന്നത്. ആല്‍ബെര്‍ട്ട് മോണ്‍ടാന്‍സിനെ 6-1, 6-0 എന്ന സ്കോറിനാണ് ജോക്കോവിച്ച് തകര്‍ത്തത്. മത്സരം 45 മിനിറ്റുമാത്രമേ നീണ്ടുള്ളൂ. ഈ മത്സരത്തോടെ ഈ സീസണില്‍ കളിച്ച 19 മത്സരങ്ങളില്‍ 17 മത്സരങ്ങളിലും വിജയം ജോക്കോവിച്ചിനൊപ്പം നിന്നു.

റാഡക് സ്റെഫാനെകിനെ കീഴടക്കിയാണ് റോജര്‍ ഫെഡറര്‍ മൂന്നാം റൌണ്ടിലെത്തിയത്. 52 മിനിറ്റു നീണ്ട പോരാട്ടത്തില്‍ ഫെഡറര്‍ 6-1, 6-2നാണ് വിജയമാഘോഷിച്ചത്. 2011നുശേഷം ഇതാദ്യമായാണ് സ്വിസ് താരം മോണ്ടികാര്‍ലോയിലെത്തുന്നത്.


ടോപ് സീഡ് റാഫേല്‍ നദാല്‍ റഷ്യയുടെ തീമുറാസ് ഗബഷ്വിലിയെയാണ് രണ്ടാം റൌണ്ടില്‍ കീഴടക്കിയത്. 72 മിനിറ്റു നീണ്ട പോരാട്ടത്തില്‍ 6-4, 6-1ന് സ്പാനിഷ് താരം ജയത്തിലെത്തി.

ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗയും മൂന്നാം റൌണ്ടില്‍ കടന്നു. ജര്‍മന്‍കാരനായ ഫില്പ് കോഷിബെറിനെ 6- 4,1-6, 6-4നാണ് സോംഗ കീഴടക്കിയത്. ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണ-പാക് താരം ഖുറേഷി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.