ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ വിമര്‍ശിച്ച് അലിമാവോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ വിമര്‍ശിച്ച് അലിമാവോ
Thursday, April 17, 2014 11:58 PM IST
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ലേലം പൂര്‍ത്തിയായതോടെ ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചു. അതേസമയം, ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ അന്തകനാവുമെന്ന് ചര്‍ച്ചില്‍ അലിമാവോയുടെ വിലയിരുത്തല്‍. ഐഎസ്എലിന് യാതൊരു വിശ്വാസ്യതയും ഉണ്ടാവില്ല. പണത്തിന്റെ ക്രയവിക്രയം മാത്രമാണ് ഐഎസ്എലിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഫുട്ബോളിന് ഒരു തരത്തിലും ഗുണം ചെയ്യില്ല. ക്ളബുകള്‍ പോലെയല്ല ഫ്രാഞ്ചൈസികള്‍ എന്നും അലിമാവോ പറഞ്ഞു. ഐ ലീഗ് ക്ളബായ ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ സിഇഒയാണ് അലിമാവോ.

ഐപിഎലിനെക്കാള്‍ സുതാര്യമായിരിക്കും ഐഎസ്എലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുത്. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന് പുതുജീവന്‍ നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐഎസ്എല്‍ യുവതാരങ്ങള്‍ അവരുടെ കഴിവും പ്രതിഭയും വളര്‍ത്താനും പരിപോഷിപ്പിക്കാനും അവസരം നല്‍കും. ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ടായ അധീശത്വം ഇതിലൂടെ ഇല്ലാതാവും. ലോകഫുട്ബോളില്‍ ഇന്ത്യ വലിയ സ്ഥാനം നേടുമെന്നുമാണ് ഫിഫയുടെ വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിനും ഗാംഗുലിയും ഐഎസ്എലില്‍ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയതും ഈ വീക്ഷണത്തിനു ശക്തി പകരുന്നു.

എന്നാല്‍, അലിമാവോയുടെ വീക്ഷണം പണമല്ല ഫുട്ബോളിനെ നിയന്ത്രിക്കേണ്ടതെന്നാണ്. പണം നിയന്ത്രണം ഏറ്റെടുത്തതു കൊണ്ട് ക്രിക്കറ്റിനുണ്ടായ പതനം കണ്ടു കൊണ്ടിരിക്കുകയാണല്ലോ? ഒരു കായിക ഇനത്തിന്റെ അധീശത്വം ഇല്ലാതാക്കിയാലേ മറ്റൊരു കായിക ഇനത്തിനു വളരാനാവൂ എന്നു പറയുന്നതു ശരിയല്ല. ലോകഫുട്ബോളില്‍ ഇന്ത്യക്കു സ്ഥാനം നേടണമെങ്കില്‍ ദീര്‍ഘമായ പദ്ധതികളും ഇച്ഛാശക്തിയുള്ള അധികാരികളുമാണ് ആവശ്യമെന്നും അലിമാവോ പറഞ്ഞു.


യൂറോപ്യന്‍ ക്ളബ് ഫുട്ബോളിലെ കരുത്തന്‍മാരായ അറ്റ്ലറ്റിക്കോ മാഡ്രിഡ്, നിക്ഷേപം നടത്താന്‍ തയാറായത് ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖം മാറ്റുമെന്ന പ്രതീക്ഷ നല്കുന്നു. ലോകോത്തര ഫുട്ബോള്‍ കാണാന്‍മാത്രമല്ല അവരുടെ സാങ്കേതിക മികവ് നമുക്ക് സ്വായത്തമാക്കാനും ഐഎസ്എല്‍ സഹായിക്കും.

ലോകകപ്പിന്റെ യോഗ്യതാ റൌണ്ടില്‍ കളിക്കാനുള്ള ഭാഗ്യം ഇതുവരെ ലഭിക്കാത്ത ഇന്ത്യപോലൊരു രാജ്യത്ത് അറ്റ്ലറ്റിക്കോ മാഡ്രിഡിനെപ്പോലൊരു വമ്പന്‍ ക്ളബ് പണമിറക്കുന്നുണ്െടങ്കില്‍ വരും കാലം ഇന്ത്യന്‍ ഫുട്ബോളിന്റേതാകുമെന്നാണ് വിലയിരുത്തല്‍. ആ വസന്തത്തിനു വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്. പ്രത്യേകിച്ചു കേരളം. കാരണം ഐഎസ്എലിന് കൊച്ചിയില്‍ നിന്നു ടീം ഉണ്ടായതുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.