റോയല്‍ തുടക്കം
റോയല്‍ തുടക്കം
Saturday, April 19, 2014 12:14 AM IST
ഷാര്‍ജ: കരുത്തരുടെ പോരാട്ടത്തില്‍ ബാംഗളൂര്‍ റോയല്‍ചലഞ്ചേഴ്സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ വിക്കറ്റിനു എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍ലെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂര്‍16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 29 പന്തില്‍ മൂന്നു ബൌണ്ടറിയും അഞ്ചു പടുകൂറ്റന്‍ സിക്സറുമടക്കം 52 റണ്‍സ് നേടിയ യുവ്രാജ് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്്ലി ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ബാറ്റിംഗിനയച്ചു. നായകന്റെ തീരുമാനം ശരിവയ്ക്കുംവണ്ണം പന്തെറിഞ്ഞ ബാംഗളൂര്‍ ബൌളര്‍മാര്‍ ഡല്‍ഹിയെ പിടിമുറുക്കാനനുവദിക്കാതെ 35 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൂടയിലാക്കി. മായങ്ക് അഗര്‍വാള്‍(6) മുരളി വിജയ്(18), മനോജ് തിവാരി എന്നിവര്‍ക്കൊപ്പം 12.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേഷ് കാര്‍ത്തിക്(0) എന്നിവരാണ് കൂടാരം കയറിയത്. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജെപി ഡുമിനിയും റോസ് ടെയ്ലറും ചേര്‍ന്ന് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലേക്കു നയിച്ചു. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഡുമിനി 48 പന്തില്‍ 67 റണ്‍സോടെയും ടെയ്ലര്‍ 39 പന്തില്‍ 43 റണ്‍സോടെയും പുറത്താകാതെ നിന്നു.


ബാംഗളൂരിനുവേണ്ടി സ്റാര്‍ക്, മോര്‍ക്കല്‍, ആരോണ്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങിയ അശോക് ദിന്‍ഡയാണ് ഡല്‍ഹിക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിനുവേണ്ടി പരിക്കേറ്റ ക്രിസ് ഗെയ്ലിനു പകരം മാഡിന്‍സനാണ് ഓപ്പണറായത്. സ്കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ മാഡിന്‍സണെ പുറത്താക്കി മുഹമ്മദ് ഷാമി ഡല്‍ഹിക്കു പ്രതീക്ഷ നല്‍കി. എന്നാല്‍, പാര്‍ഥിവ് പട്ടേലിനൊപ്പം(37) ചേര്‍ന്ന് വിരാട് കോഹ്്ലി മികച്ച കൂട്ടുകെട്ടുണ്ടാക്കി. പാര്‍ഥിവ് പുറത്തായ ശേഷം ക്രീസിലെത്തിയ യുവ്രാജ് സിംഗ് കോഹ്്ലിക്കു മികച്ച പിന്തുണ നല്‍കി. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയ യുവിയുടെ ബാറ്റില്‍നിന്ന് സിക്സുകളും ബൌണ്ടറികളും പറന്നു. പതിഞ്ഞതാ ളത്തിലായിരുന്നു കോഹ്്ലിയുടെ തുടക്കമെങ്കിലും പിന്നീട് വേഗതാളമായി.

ഇതിനിടെ, കോഹ്്ലിയുടെ ക്യാച്ച് ഡല്‍ഹി താരം മായങ്ക് അഗര്‍വാള്‍ പാഴാക്കിയത് അവര്‍ക്കു തിരിച്ചടിയായി.

ക്യാച്ച് കളഞ്ഞതിനുശേഷമുള്ള ആദ്യപന്തുതന്നെ കോഹ്്ലി ബൌണ്ടറിക്കു മുകളിലൂടെ പറത്തി. സിക്സ് പായിക്കുന്നതില്‍ ഇരുവരും മത്സരിച്ചു. കളിയവസാനിക്കുമ്പോള്‍ കോഹ്ലി 38 പന്തില്‍ 49 റണ്‍സോടെ പുറത്താകാതെനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.