പീറ്റര്‍ ഷില്‍ട്ടണ്‍ ജോ ഹാര്‍ട്ടിനെതിരേ
പീറ്റര്‍ ഷില്‍ട്ടണ്‍ ജോ ഹാര്‍ട്ടിനെതിരേ
Saturday, April 19, 2014 12:17 AM IST
ലണ്ടന്‍: ഇംഗ്ളീഷ് ടീം ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിനെതിരേ ഗോള്‍ കീപ്പിംഗിലെ ഇംഗ്ളീഷ് ഇതിഹാസം പീറ്റര്‍ ഷില്‍ട്ടണ്‍. ഇന്നു നിലവിലുള്ള ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ജോ ഹാര്‍ട്ട് വരില്ലെന്നാണ് ഷില്‍ട്ടണ്‍ ആരോപിച്ചിരിക്കുന്നത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജോ ഹാര്‍ട്ട് മോശമായാണ് കളിക്കുന്നതെന്ന് ഷില്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മികച്ച സ്വാഭാവിക കഴിവ് ജോഹാര്‍ട്ടിനുണ്ട്. ഒപ്പം ആത്മവിശ്വാസവും അതു വളരെനല്ലതാണ്. കഠിനാധ്വാനം ചെയ്താല്‍ കൂടുതല്‍ മെച്ചപ്പെടാനാകും- ഷില്‍ട്ടണ്‍ പറഞ്ഞു. ഇംഗ്ളണ്ടിനുവേണ്ടി ഇതുവരെ 39 മത്സരങ്ങളില്‍ ജോ ഹാര്‍ട്ട് ഗോള്‍വല കാത്തിട്ടുണ്ട്. നിലവില്‍ മാഞ്ചസ്റര്‍ സിറ്റിയുടെ ഗോള്‍ കീപ്പറായ ജോ ഹാര്‍ട്ട് കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷില്‍ട്ടന്റെ പ്രതികരണം. സെല്‍റ്റിക്കിന്റെ ഫ്രേസര്‍ ഫോസ്റ്ററും നോര്‍വിക് സിറ്റിയുടെ ജോണ്‍ റൂഡിയുമാണ് ഇംഗ്ളീഷ് പരിശീലകന്‍ റോയി ഹോഡ്ജ്സ്റ്റന്റെ രണ്ടും മൂന്നും ഗോള്‍കീപ്പര്‍ ചോയ്സുകള്‍. 1970 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ളണ്ടിനുവേണ്ടി 125 മത്സരങ്ങളില്‍ വലകാത്ത താരമാണ് പീറ്റര്‍ ഷില്‍ട്ടണ്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.