അത്ലറ്റികോ കിരീടത്തോട് അടുത്തു
അത്ലറ്റികോ കിരീടത്തോട് അടുത്തു
Sunday, April 20, 2014 11:57 PM IST
മാഡ്രിഡ്: ജയത്തോടെ സ്പാനിഷ് ലീഗ് ഫുട്ബോള്‍ കിരീടത്തിലേക്ക് അത്ലറ്റിക്കോ മാഡ്രിഡ് ഒരുപടി കൂടി അടുത്തു. ഇനി ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നിലെങ്കിലും വിജയിച്ചാല്‍ 1996ന് ശേഷം ഇതാദ്യമായി ഈ മാഡ്രിഡ് ടീമിന് സ്പാനിഷ് ലീഗ് കിരീടം സ്വന്തമാകും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എല്‍ച്ചെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കുകയായിരുന്നു അത്ലറ്റിക്കോ. ഈ ആഴ്ച ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ആദ്യപാദത്തില്‍ ചെല്‍സിയെ നേരിടുന്ന അത്ലറ്റിക്കോയ്ക്ക് ഈ ജയം ഏറെ ആത്മവിശ്വാസമേകും. ലീഗില്‍ അത്ലറ്റിക്കോയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. പ്രതിരോധ താരം മിറാന്‍ഡയിലൂടെ എല്‍ച്ചെയ്ക്കെതിരേ ഗോള്‍ പട്ടിക തുറന്ന അത്ലറ്റിക്കോയ്ക്കായി ഡിയേഗോ കോസ്റ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും വലയിലാക്കി.

ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്കു ശേഷം 72-ാം മിനിറ്റിലായിരുന്നു മിറാന്‍ഡയുടെ ഓപ്പണിംഗ് ഗോള്‍. സ്റ്റോപ്പേജ് ടൈമില്‍ കോസ്റയും സ്കോര്‍ ചെയ്തു. ലീഗില്‍ കോസ്റയുടെ 27-ാം ഗോളുമായിത്. ഗോളി കോര്‍ട്ടിയോ തിബൌട്ടിന്റെ തുടരന്‍ രക്ഷപ്പെടുത്തലുകളും എല്‍ച്ചെയ്ക്കെതിരേ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് അത്ലറ്റിക്കോയെ രക്ഷിച്ചു.


51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡേവിഡ് വിയയ്ക്ക് വലയിലെത്തിക്കാനാകാത്തതിന്റെ തിരിച്ചടിയും മിറാന്‍ഡ, കോസ്റ എന്നിവരുടെ ഗോളുകളിലൂടെ മറികടക്കുകയായിരുന്നു അത്ലറ്റിക്കോ. 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്ലറ്റിക്കോയ്ക്ക് ഇപ്പോള്‍ 85 പോയിന്റുണ്ട്. 79 പോയിന്റോടെ തൊട്ടുപിന്നിലുള്ള റയല്‍ മാഡ്രിഡ് ഒരു മത്സരം കുറച്ചാണ് കളിച്ചത്. ഞായറാഴ്ച അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടുന്ന ബാഴ്സലോണ 78 പോയിന്റുമായി മൂന്നാം സ്ഥാനത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.