ലോകകപ്പിനു ഞാന്‍ കാണും: നെയ്മര്‍
ലോകകപ്പിനു ഞാന്‍ കാണും: നെയ്മര്‍
Sunday, April 20, 2014 11:58 PM IST
ബാഴ്സലോണ: ബ്രസീലിന്റെ ആരാധകര്‍ ഇടിവെട്ടുംവണ്ണമാണ് ആ വാര്‍ത്ത ശ്രവിച്ചത്; സ്പാനിഷ് കിംഗ്സ് കപ്പില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ് ബാഴ്സലോണയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് നാലാഴ്ചത്തേക്കു കളിക്കാനാകില്ല.

ലോകകപ്പ് സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ നെയ്മര്‍ക്ക് കളിക്കാനാവില്ലേ എന്ന ആശങ്കയും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരുന്നു. എന്തായാലും ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ താന്‍ ഉണ്ടാകുമെന്ന് നെയ്മര്‍ വിശ്വാസം പ്രകടിപ്പിച്ചു. 22കാരനായ നെയ്മര്‍ക്ക് സ്പാനിഷ് ലീഗിലെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനിവില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ലോകകപ്പിന് രണ്ടുമാസത്തില്‍ത്താഴെ മാത്രം സമയം അവശേഷിക്കുമ്പോള്‍ നെയ്മര്‍ക്കു പരിക്കേറ്റത് ബ്രസീല്‍ ടീമിനു തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍, ക്ളബ് സീസണില്‍ ബാഴ്സലോണയുടെ അവസാന മത്സരത്തില്‍ കളിക്കാനാകുമെന്ന് നെയ്മര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകകപ്പിനുമുമ്പ് പരിക്കുപറ്റുമോ എന്നുള്ള പേടി എന്നെ അലട്ടിയിരുന്നു. എന്തായാലും അതുപോലെ സംഭവിച്ചു. എന്നാല്‍, ഉടന്‍ കളിക്കളത്തില്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയെന്ന് നെയ്മര്‍ പറഞ്ഞു. ബ്രസീലിന്റെ മെഡിക്കല്‍ ടീം ബാഴ്സലോണ അധികൃതരുമായി നെയ്മറുടെ പരിക്കിനേക്കുറിച്ചു സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.