മാക്സ്വെല്‍ വീണ്ടും
മാക്സ്വെല്‍ വീണ്ടും
Monday, April 21, 2014 11:40 PM IST
ഷാര്‍ജ: ചരിത്രപ്രസിദ്ധമായ ഷാര്‍ജ ക്രിക്കറ്റ് സ്റേഡിയത്തിലെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ നിരവധി മലയാളികളെ സാക്ഷിനിര്‍ത്തി മലയാളി താരം സഞ്ജുസാംസണ്‍ നിറഞ്ഞാടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേ വിജയിക്കാനായില്ല. ഏഴുവിക്കറ്റിന്റെ പരാജയമായിരുന്നു ഫലം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് 18.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. പഞ്ചാബ് ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു സാംസണ്‍ കേവലം 34 പന്തില്‍ മൂന്നു ബൌണ്ടറിയും നാലു സിക്സറുമടക്കം 52 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ഏറ്റവും നീളംകൂടിയ(94 മീറ്റര്‍) സിക്സും സഞ്ജുവിന്റെ പേരിലായി. നായകന്‍ ഷെയ്ന്‍ വാട്സണ്‍ 29 പന്തില്‍ അഞ്ചു ബൌണ്ടറിയും മൂന്നു സിക്സറുമടക്കം 50 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 10 റണ്‍സെടുക്കുന്നതിനിടെ രണ്ടു റണ്‍സ് വീതമെടുത്ത വിരേന്ദര്‍ സെവാഗിനെയും വൃദ്ധിമാന്‍ സാഹയെയും നഷ്ടമായി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാരയും ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗ്ളെന്‍ മാക്സ്വെലും ചേര്‍ന്ന് പഞ്ചാബിനെ കരകയറ്റി. മിന്നും ഫോമിലായിരുന്നു മാക്സ്വെല്‍. ചെന്നൈക്കെതിരേ നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ മാക്സ് വെലിന്റെ ബാറ്റില്‍നിന്ന് സിക്സറുകള്‍ പറന്നു. ഇതോടെ രാജസ്ഥാന്‍ താരങ്ങളുടെ മുഖത്ത് ആത്മവിശ്വാസം നഷ്ടപ്പെട്ടു. രാജസ്ഥാന്റെ എല്ലാ ബൌളര്‍മാരെയും കണക്കറ്റു പ്രഹരിച്ച മാക്സ്വെല്‍ പഞ്ചാബിനെ ഒരിക്കല്‍ക്കൂടി വിജയത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, 45 പന്തില്‍ 89 റണ്‍സ് നേടിയ മാക്സ് വെല്‍ പുറത്തായശേഷമെത്തിയ ഡേവിഡ് മില്ലര്‍(19 പന്തില്‍ 51) പഞ്ചാബിന് മറ്റൊരു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.