രണ്ടിലൊന്ന് ഇന്നറിയും
Monday, April 21, 2014 11:41 PM IST
പനാജി: അരങ്ങേറ്റത്തില്‍ത്തന്നെ കിരീടം നേടി ചരിത്രംകുറിക്കാനൊരുങ്ങുകയാണ്. ബാംഗളൂര്‍ എഫ്സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ബാംഗളൂര്‍ എഫ്സി ഇന്ന് ഡെംപോ ഗോവയെ നേരിടും. പോയിന്റ് നിലയില്‍ മുന്നിലുള്ള ബാംഗളൂര്‍ എഫ്സി ഇന്നു വിജയിച്ചാല്‍ കിരീടം ബാംഗളൂരേക്കുകൊണ്ടുപോകും. വിജയിച്ചാല്‍ ഐലീഗ് ചരിത്രത്തില്‍ ആദ്യമായി പുതുമുഖങ്ങള്‍ കിരീടത്തില്‍ മുത്തമിടും. ഇന്നത്തേതുകൂടാതെ ലീഗില്‍ ഇനി ഒരു മത്സരംകൂടി അവേശേഷിക്കേ ബാംഗളൂരിന് 22 മത്സരങ്ങളില്‍നിന്ന് 41 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ്ബംഗാളിന് 23 മത്സരങ്ങളില്‍നിന്ന് 40 പോയിന്റാണുള്ളത്. ബംഗാള്‍ടീമിന്റെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. 23 മത്സരങ്ങളില്‍നിന്ന് 38 പോയിന്റുള്ള സാല്‍ഗോക്കര്‍ ഗോവ മൂന്നാം സ്ഥാനത്താണ്. ഇന്ന് ബാംഗളൂരിനെ നേരിടുന്ന ഡോംപോയ്ക്ക് 22 മത്സരങ്ങളില്‍നിന്ന് 32 പോയിന്റാണുള്ളത്. മലയാളി താരം സി.കെ വീനീത്്, സൂപ്പര്‍ താരം സുനില്‍ഛേത്രി, റോബിന്‍ സിംഗ് തുടങ്ങിയവരടങ്ങിയ ടീമാണ് ബാംഗളൂരിന്റേത്.


മുംബൈ ടീമിനെ സമനിലയില്‍ പിടിച്ചെത്തിയ ഗോവന്‍ ടീമിന് സ്വന്തം മൈതാനത്തെ റിക്കാര്‍ഡ് അത്രമികച്ചതല്ല. അവസാനം കളിച്ച 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. എന്നാല്‍, ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ അവസാന മത്സരത്തില്‍ ഡെംപോയ്ക്കായിരുന്നു വിജയം. ഇന്നു വൈകിട്ട് ആറിനാണ് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.