ലിവര്‍പൂള്‍ കിരീടത്തിലേക്ക്
ലിവര്‍പൂള്‍ കിരീടത്തിലേക്ക്
Monday, April 21, 2014 11:41 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കു ലിവര്‍പൂള്‍ കൂടുതല്‍ അടുത്തു. നോര്‍വിക് സിറ്റിയെ അവരുടെ തട്ടകത്തില്‍വച്ച് 3-2ന് കീഴടക്കിയ ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തു തുടരുകയാണ്. ചെല്‍സിക്ക് സണ്ടര്‍ലന്‍ഡിനോട് നേരിടേണ്ടവന്ന പരാജയവും ചുവപ്പുകുപ്പായക്കാര്‍ക്കു തുണയായി. 35 മത്സരങ്ങളില്‍നിന്ന് ലിവര്‍പൂളിന് 80 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് 35 മത്സരങ്ങളില്‍നിന്ന് 75 പോയിന്റും.

മൂന്നു മത്സരങ്ങളാണ് ഇരു ടീമുകള്‍ക്കും അവശേഷിക്കുന്നത്. ആദ്യ പ്രീമിയര്‍ ലീഗ് കിരീടത്തിനാണ് ലിവര്‍പൂള്‍ ഉറ്റുനോക്കുന്നത്. രഹാം സ്റെര്‍ലിംഗിന്റെ ഇരട്ടഗോളുകളാണ് (4, 62) ലിവറിനെ ജയിപ്പിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ലിവര്‍പൂള്‍ ആധിപത്യം സ്ഥാപിച്ചു. ഇതിന്റെ ഫലമായി നാലാം മിനിറ്റില്‍ സ്റെര്‍ലിംഗ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഫിലിപ്പെ കുട്ടീഞ്ഞോയാണ് പന്തെത്തിച്ചത്.

പതിനൊന്നാം മിനിറ്റില്‍ ലൂയിസ് സുവാരസ് തന്റെ മുപ്പതാം ഗോളിലൂടെ ചുവപ്പുകുപ്പായക്കാരുടെ ലീഡുയര്‍ത്തി. ആദ്യ പകുതി ലിവര്‍പൂളിന്റെ 2-0ന്റെ ലീഡോടെ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗാരി ഹൂപ്പറിലൂടെ (54) നോര്‍വിക് ഒരു ഗോള്‍ മടക്കി. ലീഡ് വര്‍ധിപ്പിക്കാനായി പൊരുതിയ സുവരസിന്റെ ഷോട്ടുകള്‍ക്കൊന്നു നോര്‍വിച്ചിന്റെ വലയിലെത്താനായില്ല. എന്നാല്‍ 62ാം മിനിറ്റില്‍ സ്റെര്‍ലിംഗ് വീണ്ടും ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ലിവര്‍പുള്‍ 3-1ന് മുന്നിലെത്തി. നോര്‍വിച്ചിന്റെ റോബെര്‍ട്ട് സ്നോഡ്ഗ്രസ് (62) ലിവര്‍പുളിന്റെ 3-2 ആക്കി കുറച്ചു.

സുവാരസ് ചരിത്രമെഴുതി

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ മുപ്പതു ഗോളുകള്‍ തികച്ച് ലൂയിസ് സുവരസ് പുതിയ ചരിത്രമെഴുതി. നോര്‍വിക് സിറ്റിക്കെതിരെയുള്ള മത്സരത്തിലാണ് ഉറുഗ്വെന്‍ സ്ട്രൈക്കര്‍ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. 1987ല്‍ ഇയാന്‍ റഷിനുശേഷം പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ മുപ്പതു ഗോളുകള്‍ നേടുന്ന ആദ്യ ലിവര്‍പൂള്‍ താരമാണ് സുവാരസ്. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ രഹെം സ്റെര്‍ലിംഗിന്റെ ക്രോസ് നോര്‍വിക്കിന്റെ വലയിലെത്തിച്ചാണ് സുവാരസ് മുപ്പതാം ഗോള്‍ തികച്ചത്. നോര്‍വിക്കിനെതിരെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍നിന്ന് പന്ത്രണ്ട് ഗോളുകള്‍ സുവരസ് സ്കോര്‍ ചെയ്തിട്ടുണ്ട്. ഒരു ഗോളുകൂടി നേടിയാല്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ അലന്‍ ഷിയറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പമെത്താം.

ആഴ്സണല്‍ നാലില്‍ത്തന്നെ

പ്രീമിയര്‍ കിരീടപോരാട്ട അവസാനഘട്ടമായപ്പോഴും ആഴ്സണല്‍ നാലാം സ്ഥാനത്തു തുടരുന്നു. ഹള്‍സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കി പീരങ്കിപ്പട മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. ജര്‍മന്‍ സ്ട്രൈക്കന്‍ ലൂകാസ് പൊഡോള്‍സ്കിയുടെ ഇരട്ട ഗോളാണ് (45, 54) ആഴ്സണലിന് മികച്ച ജയം സമ്മാനിച്ചത്. ഹളിന്റെ ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറി.


എന്നാല്‍ 31ാം മിനിറ്റില്‍ ആരോണ്‍ രാംസെ പീരങ്കിപ്പടയെ മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ വെറും ഒരു നിമിഷം മാത്രമുള്ളപ്പോള്‍ പൊഡോള്‍സ്കി ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം പകുതിയില്‍ തിരിച്ചെത്തിയ പീരങ്കിപ്പടയെ ജര്‍മന്‍ സ്ട്രൈക്കര്‍ തന്റെ രണ്ടാം ഗോളിലൂടെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് ഇരുകൂട്ടരും ഗോളിനായി ശ്രമം നടത്തി പരാജയപ്പെട്ടു.

മൌറിഞ്ഞോയുടെ റിക്കാര്‍ഡ് പ്രയാണത്തിനു വിരാമം

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു പോരാടുന്ന ചെല്‍സിയെ അവസാന സ്ഥാനക്കാരായ സണ്ടര്‍ലന്‍ഡ് സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രണ്ടിനെതിരെ ഒരു ഗോളിനു കീഴടക്കി. ഒന്നാം ഡിവിഷനില്‍ നിന്ന് പുറത്താക്കലിന്റെ വക്കില്‍ നില്ക്കുന്ന ചെല്‍സിക്കെതിരെ നേടിയ ജയം ആശ്വാസം പകര്‍ന്നു. പ്രീമിയര്‍ ലീഗ് സീസണില്‍ സ്വന്തം ഗ്രൌണ്ടില്‍ തോല്‍വി അറിയാതെ മുന്നേറിയ ഹൊസെ മൌറിഞ്ഞോയുടെ കുട്ടികളുടെ ആദ്യ തോല്‍വിയാണിത്. പതിനാലു മത്സരങ്ങളില്‍ സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി തോല്‍വി അറിഞ്ഞിട്ടില്ല. സണ്ടര്‍ലന്‍ഡിനോടേറ്റ പരാജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ മറികടക്കാനുള്ള അവസരം നഷ്ടമായി. ചെല്‍സി താരം സെസര്‍ അസ്പിലിക്യൂട്ട് ബോക്സില്‍ വരുത്തിയ ഫൌളാണ് സണ്ടര്‍ലന്‍ഡിന്റെ വിജയത്തിനു കാരണമാക്കിയ പെനാല്‍റ്റിക്കിടയാക്കിയത്.

സ്വന്തം ഗ്രൌണ്ടില്‍ കളിച്ച നീല കുപ്പായക്കാര്‍ ആദ്യം മുതലേ ഗോള്‍ ശ്രമം തുടങ്ങി. 12ാം മിനിറ്റില്‍ മുതിര്‍ന്നതാരം സാമുവല്‍ എറ്റുവിലൂടെ ചെല്‍സി മുന്നിലെത്തി. വില്യന്‍ എടുത്ത കോര്‍ണര്‍കിക്ക് വലംകാലന്‍ ഷോട്ടിലൂടെ ഗോളിലെത്തിക്കുകയായിരുന്നു. വെറും ആറു മിനിറ്റുകളുടെ ഇടവേളയ്ക്കു ശേഷം ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് സണ്ടര്‍ലന്‍ഡ് കോണര്‍ വിക്ഹാമിലൂടെ ഗോള്‍ മടക്കി. പിന്നീട് ചെല്‍സി സണ്ടര്‍ലന്‍ഡ് ഗോള്‍ മുഖത്ത് കനത്ത ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ആദ്യ പകുതി 1-1ന് സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയിലും ചെല്‍സിക്കു തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഗോള്‍ അടിക്കാന്‍ മാത്രം സാധിച്ചില്ല. നീലക്കുപ്പായക്കാരുടെ ആക്രമണങ്ങള്‍ പലതും സണ്ടര്‍ലന്‍ഡ് പ്രതിരോധത്തിലും ഗോള്‍ കീപ്പര്‍ വിറ്റോ മാനോനിലും തട്ടി തെറിക്കുകയായിരുന്നു. 82ാം മിനിറ്റില്‍ സണ്ടര്‍ലന്‍ഡ് താരം ജോസി അല്‍റ്റിഡോറിനെ സെസര്‍ അസ്പിലിക്യൂട്ട്പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തി.

ഇതിനെത്തുടര്‍ന്ന് സ്പോട് കിക്കെടുക്കാനെത്തിയ ഫാബിയോ ബോറിനി ഗോള്‍ കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. തോല്‍വി ചെല്‍സിയുടെ കിരീട പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി. മറ്റു മത്സരങ്ങളില്‍ ടോട്ടനം 3-1ന് ഫുള്‍ഹാമിനെയും സ്വാന്‍സി സിറ്റി 2-1ന് ന്യൂകാസില്‍ യുണൈറ്റഡിനെയും പരാജപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.