വാതുവയ്പ് മുദ്ഗല്‍ കമ്മിറ്റി അന്വേഷിക്കും
Wednesday, April 23, 2014 11:44 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുയ്പ് ബിസിസിഐ ശിപാര്‍ശ ചെയ്ത മൂന്നംഗ സമിതി അന്വേഷിക്കേണ്െടന്നു സുപ്രീം കോടതി. വാതുവയ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റിസ് മുകുള്‍ മുദ്ഗല്‍ സമിതിക്കു തന്നെ തുടര്‍ന്നുള്ള അന്വേഷണം നടത്താനാകുമോയെന്നു കോടതി ചോദിച്ചു.

ജസ്റീസ് എ.കെ. പട്നായ്ക് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ആരാഞ്ഞത്. മുദ്ഗല്‍ സമിതി തന്നെ തുടര്‍ അന്വേഷണം നടത്താന്‍ തയാറാണെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ സഹായം നല്‍കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഈ മാസം 29നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് ജെ.എന്‍. പട്ടേല്‍, മുന്‍ സിബിഐ ഡയറക്ടറും മലയാളിയുമായ ആര്‍.കെ. രാഘവന്‍ എന്നിവരടങ്ങുന്ന സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന ബിസിസിഐയുടെ ശിപാര്‍ശയാണു ഇന്നലെ സുപ്രീം കോടതി തള്ളിയത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അന്വേഷണത്തിനു ബിസിസിഐ ശിപാര്‍ശ ചെയ്ത സമിതിയെ പരിഗണിക്കാതിരിക്കാന്‍ കാരണമായത്.


സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഐപിഎല്‍ വാതുവയ്പിന്റെ തുടരന്വേഷണം നടത്താന്‍ തയ്യാറാണെന്നു ജസ്റിസ് മുകുള്‍ മുദ്ഗല്‍ അറിയിച്ചു. ഇക്കാര്യം തനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചിട്ടുണ്െടന്നും ഇനി കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എല്‍. നാഗേശ്വര റാവു, മുതിര്‍ന്നഅഭിഭാഷകനായ നിലയ് ദത്ത എന്നിവരാണ് മുദ്ഗല്‍ സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസനും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും മുദ്ഗല്‍ സമിതിക്കു മുന്‍പാകെ നല്‍കിയ മൊഴിയുടെ സംഭാഷണങ്ങളുടെ ഏതാനും വിവരങ്ങള്‍ ബിസിസിഐക്ക് നല്‍കാമെന്നും കോടതി പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സംഭാഷണങ്ങളുടെ പകര്‍പ്പ് സുപ്രീം കോടതി സെക്രട്ടറി ജനറലിനു കൈമാറും. തുടര്‍ന്നു കോടതിയില്‍ വച്ചു തന്നെ ബിസിസിഐക്കും ശ്രീനിവാസന്റെ അഭിഭാഷകനും ടേപ്പുകള്‍ കേള്‍ക്കാനുള്ള അവസരം നല്‍കും. ടേപ്പുകളിലെ പരാമര്‍ശങ്ങള്‍ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.