റയല്‍- ബയേണ്‍ ക്ളാസിക് ഇന്ന്
റയല്‍- ബയേണ്‍ ക്ളാസിക് ഇന്ന്
Wednesday, April 23, 2014 11:47 PM IST
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ ഗ്ളാമര്‍ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്‍മാര്‍ ബയേണ്‍ മ്യൂണിക് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെതിരെ ആദ്യപാദ സെമിയില്‍ സാന്റിയാഗോ ബര്‍ണേബുവില്‍ ബൂട്ടുകെട്ടും. ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ യൂറോപ്പിലെ ക്ളാസിക് പോരാട്ടത്തിനാവും ലോകം ഇന്നു സാക്ഷ്യം വഹിക്കുക. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നത് റയലിനു കൂടുതല്‍ കരുത്തുപകരുന്നു. രണ്ടു പാദങ്ങളിലുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ബയേണ്‍ തോല്‍വി അറിഞ്ഞിരുന്നില്ല. ആദ്യ പാദത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനോട് 1-1ന് സമനില വഴങ്ങി. എന്നാല്‍, രണ്ടാംപാദത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം മൂന്നു ഗോളുകളടിച്ച് വിജയിച്ചു. എന്നാല്‍, റയലിന് അവസാന പാദത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടേണ്ടിവന്നു. പക്ഷേ ആദ്യ പാദത്തില്‍ റയല്‍ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് കുറിച്ചത്.

കിംഗ്സ് കപ്പ് ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ബയേണിനെതിരെ ഇറങ്ങുമ്പോള്‍ റയലിനൊപ്പമുണ്ട്. ഈ സീസണില്‍ ഒരു തോല്‍വിപോലുമറിയാതെ ബുണ്ടസ് ലിഗ കിരീടം റിക്കാര്‍ഡ് വേഗത്തില്‍ ഉയര്‍ത്തിയ ബയേണും ആത്മവിശ്വാസത്തിലാണ്. ഇതുവരെ പത്ത് പ്രാവശ്യം റയല്‍-ബയേണ്‍ പോരാട്ടത്തിനു മാഡ്രിഡ് സാക്ഷിയായിട്ടുണ്ട്. ഇതില്‍ രണ്ടു പ്രാവശ്യം മാത്രമേ ബയേണിനു വിജയിക്കാനായിട്ടുള്ളൂ. അവസാന ജയം 2012ലെ ചാമ്പ്യന്‍സ് ലീഗ് സെമിയിലായിരുന്നു.


അഞ്ചു തവണ യൂറോപ്യന്‍ കിരീടമുയര്‍ത്തിയ ബയേണിന് പരിക്കില്‍ നിന്നു മുക്തനായി ഗോള്‍ കീപ്പര്‍ മാനുവല്‍ നുവര്‍ തിരിച്ചുവരുന്നത് കരുത്തുപകരുന്നു. മറുവശത്തുള്ള റയലിനു പ്രതീക്ഷകളുമായി സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയും ഇന്ന് ഇറങ്ങും.

ഇരുടീമുകളും ചാമ്പ്യന്‍സ്് ലീഗിന്റെ സെമിയില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടി. നാലു വിജയം ബാവേറിയന്‍മാര്‍ക്കൊപ്പം നിന്നു. 1976, 1987, 2001, 2012 വര്‍ഷങ്ങളില്‍ വിജയം ബയേണിനായിരുന്നു. ഒരിക്കല്‍മാത്രം വിജയിച്ച സ്പാനിഷ് ടീമിന്റെ ജയം 2000ലായിരുന്നു.

ഇന്ന് ഇരുടീമും ഒരിക്കല്‍ ക്കൂടി കളത്തിലെത്തുമ്പോള്‍ 2012 മധുര ഓര്‍മകള്‍ ബയേണിനൊപ്പമുണ്ട്. അന്ന് റയലിനെ പെനാല്‍റ്റി ഷൂട്ടില്‍ പരാജയപ്പെടുത്തിയ മത്സരത്തിലെ താരം നുവറായിരുന്നു. ഒമ്പതു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയലിനു 2002ലെ കിരീട വിജയത്തിനുശേഷം ഇതുവരെ ജേതാക്കളാകാനായില്ല. സ്പാനിഷ് ലീഗില്‍ കിരീട പോരാട്ടം അവസാനഘട്ടത്തിലേക്ക കടന്ന സ്ഥിതിക്ക് റയലിന് കിരീട പ്രതീക്ഷകള്‍ വളരെ ദൂരെയാണ്. അതിനാല്‍ യൂറോപ്യന്‍ കിരീടത്തിലാണ് റയലിന്റെ സ്വപ്നങ്ങളത്രയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.