മോയസിനെ പുറത്താക്കി
മോയസിനെ പുറത്താക്കി
Wednesday, April 23, 2014 11:49 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ്ബ് മാഞ്ചസ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് മോയസിനെ പുറത്താക്കി. കഴിഞ്ഞ സീസണു ശേഷം അലക്സ് ഫെര്‍ഗൂസനില്‍നിന്ന് പരിശീലകസ്ഥാനമേറ്റെടുത്ത മോയസിനു കീഴില്‍ ടീമിന്റെ ദയനീയ പ്രകടനമാണ് ക്ളബ്ബ് ഉടമകളായ ഗ്ളേസര്‍ കുടുംബത്തെ ഈ നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്.

യുണൈറ്റഡിന്റെ മുന്‍ താരം റിയാന്‍ ഗിഗ്സ് ഈ സീസണ്‍ അവസാനം വരെ ടീമിന്റെ താത്കാലിക പരിശീലക ചുമതല നിര്‍വഹിക്കും. ശനിയാഴ്ച നോര്‍വിക് സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ടീം ഇറങ്ങുക ഗിഗ്സിന്റെ കീഴിലാകും. അതേസമയം, ഹോളണ്ട് ടീം കോച്ച് ലൂയിസ് വാന്‍ ഗാലിനെ അടുത്ത സീസണില്‍ ടീം പരിശീലകനാക്കാനാണ് ക്ളബ്ബിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് വാന്‍ ഗാലുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും സൂചനയുണ്ട്. ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിന്ു ശേഷം വാന്‍ ഗാല്‍ യുണൈറ്റഡിന്റെ ചുമതലയേറ്റേക്കും.

മോയസുമായി അത്ര രസത്തിലല്ലായിരുന്ന മുന്‍നിര സ്ട്രൈക്കറും ഹോളണ്ട് താരവുമായ റോബിന്‍ വാന്‍ പേഴ്സിയാണ് ക്ളബ്് അധികൃതരും വാന്‍ ഗാലിനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

യുണൈറ്റഡ് പരിശീലകനെന്ന നിലയില്‍ മോയസിന് അധിക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. കഴിഞ്ഞ ഓഗസ്റില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ടീമിനു സമ്മാനിച്ച് യുണൈറ്റഡിന്റെ പരിശീലകനായി അരങ്ങേറിയ മോയസിന് പിന്നീട് പക്ഷേ തിരിച്ചടികളുടെ കാലമായിരുന്നു. പ്രീമിയര്‍ ലീഗില്‍ നിരവധി തോല്‍വികള്‍ വഴങ്ങി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗില്‍ സെമികാണാതെ പുറത്താകുകയും ചെയ്തു.

ഏറ്റവും ഒടുവിലത്തെ ലീഗ് മത്സരത്തില്‍ മോയസ് മുന്‍കാലത്ത് പരിശീലിപ്പിച്ച എവര്‍ട്ടണോട് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തതോടെ ഗ്ളേസര്‍ കുടുംബം കോച്ചിനെ മാറ്റുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇന്നലെ രാവിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ളബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് എഡ് വുഡ് വാര്‍ഡാണ് മോയസിനോട് പുറത്താക്കല്‍ തീരുമാനം അറിയിച്ചത്. 295 ദിവസമാണ് യുണൈറ്റഡ് പരിശീലകനായി മോയസ് തുടര്‍ന്നത്. ആകെ 51 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചു.

അതേസമയം പുറത്താക്കിയത് ഞെട്ടിച്ചുവെന്ന് മോയസ് ഫേസ്്ബുക്കിലൂടെ പ്രതികരിച്ചു. ഈയാഴ്ച എന്റെ പിറന്നാളാണ്. കുട്ടികള്‍ക്കൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. - മോയസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.