സിറ്റിക്കു ജയം, കിരീട സാധ്യത
Wednesday, April 23, 2014 11:50 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ സിറ്റി കിരീട സാധ്യത നിലനിര്‍ത്തി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ വെസ്റ്ബ്രോംവിച്ച് ആല്‍ബിയനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സിറ്റി കീഴടക്കി. പാബ്ളോ സബലേറ്റ, സെര്‍ജിയോ അഗ്യൂറോ, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവര്‍ സിറ്റിക്കായി സ്കോര്‍ ചെയ്തു. വെസ്റ്ബ്രോമിനായി ഗ്രഹാം ഡൊറാന്‍സ് ഒരു ഗോള്‍ മടക്കി. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് വീണത്. 69-ാം മിനിറ്റില്‍ വലതു കാലിനു പരിക്കേറ്റ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ പുറത്തായത് സീസണില്‍ നിര്‍ണായക മത്സരങ്ങള്‍ ശേഷിക്കെ സിറ്റിക്ക് തിരിച്ചടിയായി. നാലു മത്സരങ്ങള്‍ ശേഷിക്കെ 74 പോയിന്റാണ് സിറ്റിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ ആറ് പോയിന്റ് പിന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ ഒരു പോയിന്റും കുറവുള്ള സിറ്റി മൂന്നാമത്. എന്നാല്‍ ഈ രണ്ട് ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതാണ് പ്രധാന വ്യത്യാസം. അതേസമയം, അടുത്ത സീസണിലെ പ്രീമിയര്‍ ലീഗിലേക്കായി ലെയ്സെസ്ററും ബേണ്‍ലിയും യോഗ്യത നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.