ദേശീയ ഗെയിംസ്: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘം അടുത്ത മാസം എത്തും
Thursday, April 24, 2014 10:47 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളം ആതിഥേയത്വംവഹിക്കുന്ന 35-ാമതു ദേശീയ ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വിദഗ്ധ സംഘം അടുത്ത മാസം സംസ്ഥാനത്തെത്തും. ഇതിനുശേഷം ഗെയിംസിന്റെ തീയതി സംബന്ധിച്ച തീരുമാനവും ഉണ്ടാകും. ഒളിമ്പിക് അസോസിയേഷന്‍ പുനഃസംഘടിപ്പിച്ച ശേഷം ഈ മാസം മൂന്നിനു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമനുസരിച്ചാണു സംഘം എത്തുന്നത്.

സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ 26 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തും. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഗെയിംസ് തീയതി തീരുമാനിക്കുന്നതിനു തടസം സൃഷ്ടിക്കുന്നുണ്ട്. ഈ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ യോഗത്തില്‍ കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ഭാരവാഹികള്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ സംസ്ഥാന കായിക വകുപ്പ് അവതരിപ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ചു കേരള ഒളിമ്പിക് അസോസിയേഷന്റെ അഭിപ്രായം തേടിയില്ലെന്നാരോപിച്ചായിരുന്നു ഇത്.

അതേസമയം, ഗെയിംസിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു പൂര്‍ത്തിയാകുകയാണ്. 26 നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എട്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്തു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം, കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്റേഡിയം, ശംഖുമുഖം ഐആര്‍സി, പിരപ്പന്‍കോട് നീന്തല്‍ക്കുളം, തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റേഡിയം, വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റേഡിയം, കൊല്ലം കോര്‍പറേഷന്‍ സ്റേഡിയം, കോഴിക്കോട് വി.കെ.കെ. മേനോന്‍ ഇന്‍ഡോര്‍ സ്റേഡിയം എന്നിവയുടെ നിര്‍മാണ- നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്.


പത്തു നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. ശേഷിക്കുന്നവയില്‍ ഏഴു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു മാറ്റിയ ട്രാപ് ആന്‍ഡ് സ്കീറ്റ് ഷൂട്ടിംഗ് റേഞ്ചിന്റെ നിര്‍മാണം മാത്രമാണ് ഇനി ആരംഭിക്കാനുള്ളത്. ഇത് ഉടന്‍തന്നെ ആരംഭിക്കാനാകുമെന്നു ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അധികൃതര്‍ അറിയിച്ചു.

ഗെയിംസിന്റെ ഉദ്ഘാടന- സമാപന ചടങ്ങുകള്‍ നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയത്തിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. തിരുവനന്തപുരം മേനംകുളത്തു ഗെയിംസ് വില്ലേജിന്റെ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.