ആരാധകരുടെ നിരാശ മനസിലാകും: മോയസ്
ആരാധകരുടെ നിരാശ മനസിലാകും:  മോയസ്
Thursday, April 24, 2014 10:51 PM IST
മാഞ്ചസ്റര്‍: കഴിഞ്ഞ പത്തു മാസം ടീം നടത്തിയ പ്രകടനത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ക്കുണ്ടായ നിരാശ മനസിലാകുമെന്ന് പുറത്താക്കപ്പെട്ട പരിശീലകന്‍ ഡേവിഡ് മോയസ്. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതിനുശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ നാളുകളായി ക്ളബും ആരാധകരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമല്ല നടക്കുന്നത്. അതിനാല്‍ത്തന്നെ എല്ലാവരും എത്രമാത്രം നിരാശരാണെന്ന് മനസിലാകും- മോയസ് പറഞ്ഞു.

ഒരു പരിശീലകന്‍ അയാളുടെ കരിയറിലുടനീളം പാഠങ്ങള്‍ ഉള്‍ക്കൊള്ളാറാണ് പതിവ്. അതിനാല്‍ യുണൈറ്റഡിലുണ്ടായിരുന്ന കാലത്തെ വരുംനാളില്‍ ഗുണപ്രദമാക്കാന്‍ ശ്രമിക്കും. യുണൈറ്റഡിനെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു.ക്ളബിലേക്ക് ക്ഷണിച്ച സര്‍ അലക്സ് ഫെര്‍ഗൂസനോട് കടപ്പെട്ടിരിക്കുന്നു എന്നും മോയസ് പറഞ്ഞു.


കഴിഞ്ഞ ജൂലൈയില്‍ സര്‍ അലക്സ് ഫെര്‍ഗൂസനു പകരക്കാരനായാണ് എവര്‍ട്ടണില്‍ നിന്ന് മോയസ് യുണൈറ്റഡിലെത്തിയത്. എന്നാല്‍, ക്ളബിനെ വിജയവഴിയിലെത്തിക്കാന്‍ മോയസിനായില്ല. 1995നുശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ പോലും ഇംഗ്ളീഷ് വമ്പന്മാര്‍ക്ക് സാധിച്ചില്ല. നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റര്‍ യുണൈറ്റഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.