ലോകകപ്പ് നേടാന്‍ ജര്‍മനിക്കു സാധ്യത: ബ്രയന്‍ റോബ്സണ്‍
ലോകകപ്പ് നേടാന്‍ ജര്‍മനിക്കു സാധ്യത: ബ്രയന്‍ റോബ്സണ്‍
Thursday, April 24, 2014 10:53 PM IST
ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യനാകാന്‍ ജര്‍മനിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് മുന്‍ ഇംഗ്ളണ്ട് നായകന്‍ ബ്രയന്‍ റോബ്സണ്‍. യൂറോപ്യന്‍ ടീമുകളില്‍ ഏറ്റവും ഒത്തിണങ്ങിയ ടീമാണ് ജര്‍മനിയെന്നും അദ്ദേഹം പറഞ്ഞു. 1982ലെ ലോകകപ്പില്‍ ഫ്രാന്‍സിനെതിരേയുള്ള മത്സരത്തില്‍ 27-ാം സെക്കന്‍ഡില്‍ ഗോളടിച്ച് ഏറ്റവും വേഗത്തില്‍ ഗോളടിച്ചതിന്റെ റിക്കാര്‍ഡിട്ട താരമാണ് റോബ്സണ്‍. ഇരുപതു വര്‍ഷം നിലനിന്ന ഈ റിക്കാര്‍ഡ് 2002 ലോകകപ്പില്‍ ടര്‍ക്കിയുടെ ഹക്കന്‍ സൂക്കര്‍ മറികടന്നു.

ജര്‍മന്‍ ടീമില്‍ പരിചയ സമ്പന്നരും അവര്‍ക്കൊപ്പം യുവാക്കളുമുണ്ട്. ഫിലിപ് ലാം മികച്ച കളിക്കാരനും പരിചയസമ്പന്നനായ നായകനുമാണ്. ഇതിനുപുറമെ ഓരോ മേഖലകളിലും ശക്തരായ കളിക്കാരുണ്ട്. ഗോള്‍ കീപ്പര്‍ മാനുവല്‍ നുവര്‍, ബാസ്റിന്‍ ഷ്വെയ്ന്‍സ്റീഗര്‍, മരിയോ ഗോട്സെ, മെസ്യൂട്ട് ഓസില്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍- റോബ്സണ്‍ പറഞ്ഞു. ജര്‍മനിക്കു പുറമെ ബ്രസീലാണ് കിരീടം നേടാന്‍ സാധ്യതയുള്ള മറ്റൊരു ടീം. സ്വന്തം മണ്ണില്‍ ലോകകപ്പ് നേടാനുള്ള ഒരു തിരക്കഥയാണ് അവര്‍ക്കു മുന്നില്‍ രചിക്കപ്പെട്ടിരിക്കുന്നത്. കളിയോടുള്ള അഭിനിവേശവും ബ്രസീലിന്റെ കേളീ ശൈലിയും ബഹുമാനാര്‍ഹമാണ്. ഇവര്‍ക്കു പുറമെ ഇറ്റലി, സ്പെയിന്‍ ടീമുകളും മികച്ചതാണ്. നെയ്മറേക്കാളുപരി ക്രിസ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമായിരിക്കും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളവര്‍. കാരണം രണ്ടു പേരുടെയും ലോകകപ്പിലെ പ്രകടനങ്ങള്‍ അത്ര മികച്ചതായിരുന്നില്ല.


നിലവിലെ ഇംഗ്ളണ്ട് ടീമിനെ കരുത്തരായി ആരും കരുതുന്നില്ല. പക്ഷേ, വെയ്ന്‍ റൂണി, സ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയ ലോകോത്തര കളിക്കാരുണ്ട്. ഇവര്‍ക്ക് ഏതു ശക്തര്‍ക്കെതിരെയും ടീമിനെ വിജയിപ്പിക്കുന്ന കളി കാഴ്ചവയ്ക്കാന്‍ സാധിക്കും.

കഴിവുറ്റ കളിക്കാരുള്ള ബല്‍ജിയം സുവര്‍ണകാലഘട്ടത്തിലൂടെയാണ് പോകുന്നത്. ഇംഗ്ളണ്ടിന്റെ ഭാവിയും മികച്ചതായിരിക്കും. 2015ലെ യുവേഫ അണ്ടര്‍-21 ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ ഇംഗ്ളണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ്. അവസാനത്തെ നാലു മത്സരങ്ങളില്‍നിന്ന് പതിനെട്ട് ഗോളുകളാണ് അടിച്ചത്. റോസ് ബാര്‍ക്ലി, ലൂക്ക് ഷാ, അലക്സ് ഓക്ലേഡ് ചേംബര്‍ലെയ്ന്‍ തുടങ്ങിയ യുവാക്കളും ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ കഴിവുള്ളവരാണ്-റോബ്സണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.