നാട്ടില്‍ പുലിയായി റയല്‍
നാട്ടില്‍ പുലിയായി റയല്‍
Friday, April 25, 2014 10:57 PM IST
മാഡ്രിഡ്: കാര്‍ലോ ആന്‍സലോട്ടിയുടെ കുട്ടികള്‍ വീണ്ടും നാട്ടില്‍ പുലികളായി. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിഫൈനല്‍ ആദ്യപാദത്തില്‍ സാന്റിയാഗോ ബര്‍ണേബുലില്‍ നടന്ന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിനെതിരേ സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം. ഫ്രഞ്ച് താരം കരീം ബെന്‍സേമയുടെ ആദ്യപകുതിയിലെ ഗോളിലാണ് മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. അടുത്തയാഴ്ച (29-ാം തീയതി) നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ മ്യൂണിക്കിന്റെ ഹോം ഗ്രൌണ്ടില്‍ സമനില നേടിയാലും റയലിന് 12 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താന്‍ കഴിയും.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈയടക്കി വച്ചതും റയല്‍ ഗോള്‍മുഖത്ത് നിരന്തരം മുന്നേറ്റങ്ങളെത്തിച്ചതും ബയേണായിരുന്നു. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ മുതലാക്കി അതിവേഗമേറിയ പ്രത്യാക്രമണങ്ങളിലൂടെ റയല്‍ നിരവധി സുവര്‍ണാവസരങ്ങളൊരുക്കി. ക്രിസ്റ്യാനോ റൊണാള്‍ഡോയും ഫാബിയോ കൊയെന്‍ട്രാവും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തില്‍ ലഭിച്ച ക്രോസ് സ്വീകരിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു ബെന്‍സേമ.


19-ാം മിനിറ്റില്‍ പിറന്ന ഈ ഗോളിന് ശേഷം റൊണാള്‍ഡോയ്ക്കും ഏയ്ഞ്ചല്‍ ഡി മരിയയ്ക്കും ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പാഴാകുന്നതിനും ആദ്യ പകുതി സാക്ഷിയായി. പരിക്കു മാറിയതിന്റെ എല്ലാ ലക്ഷണങ്ങളും റൊണാള്‍ഡോ കാണിച്ചു. മികച്ച പ്രതിരോധത്തില്‍ ബയേണിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം തടയാന്‍ റയലിനായി. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ മരിയോ ഗൊയെറ്റ്സെയുടെ ഗോള്‍ ശ്രമം മാത്രമാണ് റയല്‍ ഗോളിയും ക്യാപ്റ്റനുമായ ഇകര്‍ കസീയസിന് നേരിട്ട പ്രധാന വെല്ലുവിളി.

ആദ്യപാദത്തിലെ വിജയം റയലിനു മേല്‍ക്കൈ നല്‍കുന്നുണ്െടങ്കിലും ബയേണിലെ അലിയന്‍സ് അരീനയില്‍ തീപാറും പോരാട്ടം കാഴ്ചവച്ചില്ലെങ്കില്‍ റയലിനു ദുഃഖിക്കേണ്ടിവരും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കില്‍നിന്നു മോചിതനായി മടങ്ങിയെത്തിയത് റയലിനു വലിയ ആശ്വാസമാണ്.

രണ്ടാം പാദത്തില്‍ 2-0നെങ്കിലും ജയിച്ചാലേ ബയേണിനു ഫൈനല്‍ സാധ്യതയുള്ളൂ. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമി ആദ്യപാദത്തില്‍ ചെല്‍സി അത്ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.