ബെല്‍ജിയത്തെ വരിച്ച് യനുസായ്
ബെല്‍ജിയത്തെ വരിച്ച് യനുസായ്
Friday, April 25, 2014 10:58 PM IST
സി.കെ. രാജേഷ്കുമാര്‍

അദ്നന്‍ യനുസായ്; പേര് അത്ര പരിചയം കാണില്ല. മാഞ്ചസ്റര്‍ യുണൈറ്റഡ് ടീമിനെ കൃത്യമായി പിന്തുടരുന്നവര്‍ക്ക് ഒരുപക്ഷേ ഈ പേര് പരിചിതമായിരിക്കും. എല്ലായ്പോഴും ടീമില്‍ സാന്നിധ്യമൊന്നുമല്ല. പക്ഷേ, ആളു വല്യ പുലിയാണ്. നല്ല ഒന്നാംതരം വിംഗര്‍. എന്നാല്‍, ഇതൊന്നുമല്ല യനുസായിനെ വാര്‍ത്താതാരമാക്കുന്നത്. 2013ല്‍ മാഞ്ചസ്റര്‍ യുണൈറ്റഡിലെത്തിയ യനുസായിക്ക് ലോകകപ്പില്‍ ആറു രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കാനുള്ള യോഗ്യതയുണ്ട് എന്നതാണ്. അതില്‍ മൂന്നു രാജ്യങ്ങള്‍ ലോകകപ്പ് യോഗ്യത നേടിയവയുമാണ്. കൊസോവോ, സെര്‍ബിയ, അല്‍ബേനിയ, ബെല്‍ജിയം, തുര്‍ക്കി, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിലേതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാമെന്നിരിക്കേ യനുസായ് തെരഞ്ഞെടുത്തത് തന്റെ വളര്‍ത്തമ്മയായ ബെല്‍ജിയത്തെയാണ്.

കേള്‍ക്കുന്നവര്‍ക്ക് അല്പം അതിശയോക്തി തോന്നാവുന്ന കാര്യമാണിത്. എന്നാല്‍, സംഗതി സത്യമാണ്. ഈ രാജ്യങ്ങള്‍ക്കൊക്കെ വേണ്ടി ഈ 19കാരനു കളിക്കാം.

കഥയിങ്ങനെ- യുഗോസ്ളാവിയയുടെ ഭാഗമായിരുന്ന കൊസോവോയില്‍നിന്നുള്ള അബേദിനും അല്‍ബേനിയക്കാരി യുവതിയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇരുവര്‍ക്കും ഒരാണ്‍കുഞ്ഞു പിറക്കുന്നു. അവനാണ് ഈ കഥയിലെ നായകന്‍ അദ്നന്‍ യനുസായ്.

കൊസോവോയില്‍ സ്ഥിരതാമസമാക്കിയ യനുസായിന്റെ കുടുംബത്തിന് പിന്നീട് ബെല്‍ജിയത്തിലേക്കു കുടിയേറേണ്ടിവന്നു. കുടുംബത്തിലെ എല്ലാവരും പട്ടാളക്കാരായതുകൊണ്ട് അബേദിനും അതില്‍നിന്നു മാറാനായില്ല. എന്നാല്‍, ആര്‍മിയില്‍ പോകുന്നതിനോടു അബേദിനു വലിയ താത്പര്യമില്ലായിരുന്നു. ആര്‍മി റിക്രൂട്ട്മെന്റിനു പോയ അദ്ദേഹം അവിടുന്നു മുങ്ങുന്നു. പിന്നീട് പൊങ്ങുന്നത് ബെല്‍ജിയത്തിലാണ്.

യനുസായിന്റെ മാതാവിന്റെ കഥയും വിചിത്രമാണ്. അല്‍ബേനിയക്കാരിയായിരുന്ന അവര്‍ ഈ ദേശീയത മറച്ചുവച്ച് കൊസോവോയില്‍ സ്ഥിരതാമസമാക്കി. ഇതു കണ്ടു പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ തുര്‍ക്കിയിലേക്കു നാടു കടത്തി. ഒടുവില്‍ രക്ഷയില്ലാതെ ബെല്‍ജിയത്തിലെത്തി.


ഫുട്ബോള്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന കുടുംബം യനുസായിനെ ബെല്‍ജിയം ക്ളബായ ആന്‍ഡര്‍ലെക്റ്റിലും പിന്നീട് ലോകത്തെ ഏറ്റവും വലിയ ക്ളബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും എത്തിച്ചു. പ്രതിഭയുടെ തിളക്കവും യനുസായിനു തുണയായി. കൊസോവോ സ്വാതന്ത്യ്രം നേടിയ 2008ല്‍ യനുസായിന്റെ മാതാപിതാക്കള്‍ അങ്ങോട്ടു മടങ്ങി.

അതായത് യുഗോസ്ളാവിയയില്‍ ജനിച്ച്, ബെല്‍ജിയത്തില്‍ വളര്‍ന്ന്, അല്‍ബേനിയയുടെ മാതൃത്വം പേറുന്ന, തുര്‍ക്കിയും ഇംഗ്ളണ്ടും വളര്‍ത്തമ്മയായ യനുസായിക്ക് ഈ രാജ്യങ്ങള്‍ക്കൊക്കെ വേണ്ടി കളിക്കാനുള്ള യോഗ്യതയുണ്ട. ഒപ്പം യുഗോസ്ളാവിയയുടെ ഭാഗമായിരുന്ന സെര്‍ബിയയ്ക്കുവേണ്ടിയും കൊസോവയ്ക്കുവേണ്ടിയും കളിക്കാം.

പത്തൊമ്പതുകാരനായ യനുസായ് ഒടുവില്‍ ദീര്‍ഘകാലം ജീവിച്ച ബെല്‍ജിയത്തിനുവേണ്ടി കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യനുസായിന്റെ ഈ തീരുമാനം ലോകത്തെ അറിയിച്ചത് ബെല്‍ജിയം പരിശീലകന്‍ മാര്‍ക് വില്‍മോട്സാണ്. ലോകകപ്പിന്റെ സാധ്യതാ ടീമിലേക്ക് യനുസായിനെയും പരിഗണിക്കുന്നുണ്െടന്നായിരുന്നു വില്‍മോട്സിന്റെ ട്വിറ്റര്‍ പ്രതികരണം. അങ്ങനെയെങ്കില്‍ ആദ്യമായി യനുസായ് ബെല്‍ജിയം കുപ്പായമണിയും. ബെല്‍ജിയത്തിന്റെ അണ്ടര്‍ 18, 19 ടീമുകളില്‍ കളിക്കാന്‍ അന്നത്തെ പരിശീലകന്‍ മാര്‍ക് വാന്‍ ഗിയര്‍സം വിളിച്ചെങ്കിലും അല്‍ബേനിയയ്ക്കുവേണ്ടി കളിക്കാനാണ് യനുസായ് താത്പര്യപ്പെട്ടത്.

പിന്നീട് 2013ല്‍ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ക്രൊയേഷ്യക്കെതിരേയും വെയില്‍സിനെതിരേയുമുള്ള മത്സരങ്ങളില്‍ കളിക്കാന്‍ ഇപ്പോഴത്തെ പരിശീലകന്‍ വില്‍മോട്സ് വിളിച്ചുവെങ്കിലും യനുസായ് വഴങ്ങിയിരുന്നില്ല. പിന്നീട് ഇംഗ്ളണ്ട് പൌരത്വം സ്വീകരിച്ച് ഇംഗ്ളീഷ് ടീമിനൊപ്പം യനുസായ് കാണുമെന്നും കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ പരന്നിരുന്നു.

എന്തായാലും വില്‍മോട്സിന്റെ ഇത്തവണത്തെ ഓഫര്‍ യനുസായ് തള്ളിയില്ല. ലോകകപ്പില്‍ കറുത്ത കുതിരകളാകാന്‍ സാധ്യത കല്പിക്കപ്പെടുന്ന ബെല്‍ജിയത്തിന്റെ മുന്നേറ്റനിരയില്‍ യനുസായുമുണ്ടാകുമെന്നു കരുതാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.