ജെഫ് ഹസ്റും ഹാട്രിക് സ്വപ്നങ്ങളും...
ജെഫ് ഹസ്റും ഹാട്രിക് സ്വപ്നങ്ങളും...
Friday, April 25, 2014 10:59 PM IST
അനീഷ് ആലക്കോട്

നിറത്തില്‍ ആറാടി നില്‍ക്കുന്ന ആരാധകരെ ആനന്ദ നൃത്തമാടിക്കാനൊരു ഹാട്രിക്... ഏതൊരു താരത്തിനും ആരാധകനുമുണ്ടാകാം ആ സ്വപ്നം. അതു ലോകകപ്പില്‍, തന്റെ രാജ്യത്തിന്റെ നിറത്തിലിറങ്ങി നേടാനായാലോ? ഇരട്ടി മധുരവും. ഒരു പടികൂടി കടന്ന്, ലോകകപ്പ് ഫൈനലിലാണ് ഹാട്രിക് നേടുന്നതെങ്കില്‍ അതു വീരപരിവേഷം ചാര്‍ത്തുമെന്നതിനു മറുപക്ഷമില്ല. അങ്ങനെ ചരിത്രം സൃഷ്ടിച്ച താരമാണ് സര്‍ ജെഫ്രി ചാള്‍സ് ഹസ്റ്. 1966 ലോകകപ്പ് ഫൈനലില്‍ വെസ്റ് ജര്‍മനിക്കെതിരേയാണ് ഇംഗ്ളീഷ് സ്ട്രൈക്കറായിരുന്ന ഹസ്റിന്റെ ഹാട്രിക് പിറന്നത്, ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏക ഹാട്രിക്. നിശ്ചിത സമയത്ത് രണ്ടു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചു. ഇംഗ്ളണ്ടിനായി ആദ്യ ഗോള്‍ നേടിയ ഹസ്റ് അധിക സമയത്ത് രണ്ടു പ്രാവശ്യംകൂടി വലകുലുക്കി ഇംഗ്ളണ്ടിനു കിരീടം സമ്മാനിച്ചു. ആ ഹാട്രിക് കുലുക്കിയത് ചരിത്രത്തിന്റെ ഗോള്‍ വലകൂടിയായിരുന്നു.

ലോക താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവര്‍ പന്തു തട്ടാന്‍ ബ്രസീലിന്റെ മടിത്തട്ടിലിറങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെട്ടേക്കാം. ജെഫ് ഹസ്റ് നേടിയതുപോലൊരു ഹാട്രിക് ഇവരില്‍ ആരു നേടിയാലും അതു ചരിത്രമാകും.

ലയണല്‍ മെസി ലോകകപ്പ് നേടിത്തരുന്നതു സ്വപ്നം കണ്ടാണ് അര്‍ജന്റൈന്‍ ആരാധകര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. അതുതന്നെയാണ് ബ്രസീലുകാര്‍ നെയ്മറിലും പോര്‍ച്ചുഗീസുകാര്‍ റൊണാള്‍ഡോയിലും കാണുന്നതും. കാരണം, ഫുട്ബോള്‍ ലോകത്ത് സ്വന്തം ക്ളബ്ബുകള്‍ക്കുവേണ്ടി ഹാട്രിക് യഥേഷ്ടം നേടുന്നതില്‍ ഇവര്‍ മിടുക്കരാണെന്നതുതന്നെ. ലോക ഫുട്ബോളര്‍ പട്ടത്തിനു സമീപ വര്‍ഷങ്ങളില്‍ പരസ്പരം മത്സരിക്കുന്ന മെസിയും റൊണാള്‍ഡോയും ഇതിനോടകം ഹാട്രികില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലോകകപ്പ് പ്ളേ ഓഫില്‍ സ്വീഡനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്യാനോ റൊണാള്‍ഡോ ബ്രസീലിലും മിന്നല്‍പ്പിണര്‍ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. സ്വന്തം നാട്ടുകാരുടെ മുന്നില്‍ താരമാകാനാണ് നെയ്മറിന്റെയും തയാറെടുപ്പ്. രണ്ടു മാസം മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൌഹൃദത്തില്‍ ഹാട്രിക് നേടി നെയ്മറും ഗോള്‍ കമ്പക്കാരെ ആവേശത്തിലാഴ്ത്തിയിരുന്നു.


ബ്രസീലില്‍ പന്തു തട്ടാനെത്തുന്നതില്‍ അര്‍ജ ന്റീനയുടെ ഗോണ്‍സാലോ ഹിഗ്വിനുമാത്രമാണ് ലോകകപ്പിലൊരു ഹാട്രിക് അവകാശപ്പെടാനുള്ളത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ആദ്യ റൌണ്ടില്‍ ദക്ഷിണ കൊറിയയ്ക്കെതിരേയായിരുന്നു (33, 76, 80) ഹിഗ്വിന്റെ ഹാട്രിക്. മെസി, റൊണാള്‍ഡോ, ലോകകപ്പില്‍ ഏറ്റവും അധികം ഗോളടിച്ച റിക്കാര്‍ഡിനൊപ്പമുള്ള മിറോസ്ളാവ് ക്ളോസെ തുടങ്ങിയവര്‍ക്കാര്‍ക്കും മൂന്നെന്ന മാന്ത്രിക സംഖ്യ ഇതുവരെ കണ്െടത്താനായിട്ടില്ല.

ചില ലോകകപ്പ് ഹാട്രിക്കുകള്‍

1930 ജൂലൈ 17ന് പരാഗ്വെയ്ക്കെതിരേ അമേരിക്കയുടെ ബെര്‍റ്റ് പറ്റെന്യൂഡാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക് നേടിയത്. ഗില്ലെര്‍മോ സ്റാബിലെ (അര്‍ജന്റീന), പെഡ്രോ സീ (ഉറുഗ്വെ) എന്നിവരും കന്നി ലോകകപ്പില്‍ ഹാട്രിക് സ്വന്തമാക്കി. അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയ താരമെന്ന നേട്ടം സ്റാബിലെയ്ക്കാണ്. നാലു താരങ്ങള്‍ രണ്ട് ഹാട്രിക് വീതം സ്വന്തമാക്കി- ഹങ്കറിയുടെ സന്‍ഡോര്‍ കൊക്സിക് (1954ല്‍), ഫ്രാന്‍സിന്റെ ജെസ്റ് ഫോണ്െടയ്ന്‍ (1958ല്‍), ജര്‍മനിയുടെ ഗെര്‍ദ് മുള്ളര്‍ (1970), അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റൂട്ട (1994, 1998) എന്നിവരാണവര്‍.

രണ്ടു വ്യത്യസ്ത ലോകകപ്പില്‍ ഹാട്രിക് നേടിയ ഏക താരം ബാറ്റിസ്റൂട്ടയാണ്. ഇതുവരെ ലോകകപ്പില്‍ പിറന്നത് 48 ഹാട്രികുകള്‍. 1954 ലോകകപ്പാണ് ഏറ്റവും അധികം ഹാട്രികിനു സാക്ഷ്യംവഹിച്ചത്, എട്ട്.

17 വയസും 244 ദിവസവും പ്രായമുള്ളപ്പോള്‍ ഹാട്രിക് നേടിയ ഇതിഹാസ താരം പെലെയാണ് ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍. അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്കു ലോകകപ്പില്‍ ഹാട്രിക് ഭാഗ്യം കൈവന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.