കാല്‍പ്പന്തില്‍ വീണ്ടും മലപ്പുറം മഹിമ
കാല്‍പ്പന്തില്‍ വീണ്ടും മലപ്പുറം മഹിമ
Saturday, July 26, 2014 11:34 PM IST
മലപ്പുറം: കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ യുവനിര കുതിപ്പു തുടരുന്നു. ഇക്കുറി രണ്ടു സുവര്‍ണനേട്ടങ്ങളാണ് മലപ്പുറത്തെ കുട്ടികള്‍ കൈവരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന സ്കൂള്‍തല ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ സുബ്രതോ കപ്പിന്റെ ഫൈനല്‍ റൌണ്ടിലേക്കു ആണ്‍കുട്ടികളുടെ രണ്ടു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് മലപ്പുറത്തെ സ്കൂളുകളാണ്. പെണ്‍വിഭാഗത്തില്‍ അയല്‍ജില്ലയായ കോഴിക്കോട്ടെ സ്കൂളും പങ്കെടുക്കും.

തൊടുപുഴയില്‍ നടന്ന സംസ്ഥാനതല മത്സരങ്ങളിലാണു സീനിയര്‍ വിഭാഗമായ അണ്ടര്‍-17ല്‍ മലപ്പുറം എംഎസ്പിഎച്ച്എസും ജൂണിയര്‍ വിഭാഗമായ അണ്ടര്‍-14 ല്‍ മലപ്പുറം ജില്ലയിലെ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്ടീമും യോഗ്യത നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ പ്രതിനിധീകരിച്ചെത്തിയ നടക്കാവ് ജിവിഎച്ച്എസ് അണ്ടര്‍ 17 വിഭാഗത്തില്‍ ഫൈനല്‍ റൌണ്ടിലേക്കു യോഗ്യത നേടി. ആണ്‍കുട്ടികളുടെ രണ്ടു വിഭാഗങ്ങളിലും ശക്തമായ മത്സരം നേരിട്ടാണ് മലപ്പുറം ഇരട്ടവിജയം നേടിയത്. സീനിയര്‍ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറില്‍ കോട്ടയത്തെ സ്കൂളിനെ ഒന്നിനെതിരേ ഏഴു ഗോളിനു തോല്‍പ്പിച്ചാണ് മലപ്പുറം എംഎസ്പി സ്കൂള്‍ തുടങ്ങിയത്. ക്വാര്‍ട്ടറില്‍ മൂന്നാര്‍ ജിഎച്ച്എസ്എസിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കു തോല്‍പ്പിച്ചു സെമിയിലെത്തി. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളുമായി വാശിയേറിയ പോരാട്ടം കാഴ്ചവച്ച് ഫൈനലിലുമെത്തി. ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ ജയം. ഫൈനലില്‍ തൃശൂര്‍ ദീപ്തി എച്ച്എസ്എസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കു തോല്‍പ്പിച്ചു.

മാഹിന്‍ രണ്ടും നബീല്‍ ഒരു ഗോളും നേടി. ജൂണിയര്‍ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ തൃശൂരിലെ സ്കൂളിനോടു സമനില വഴങ്ങിയ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് ടൈബ്രേക്കറില്‍ ജയം നേടി. സെമിയില്‍ കാസര്‍ഗോട്ടെ സ്കൂളിനെ ഒരു ഗോളിനു തോല്‍പ്പിച്ചു ഫൈനലിലെത്തി. ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനു എറണാകുളം തേവര എസ്എച്ച് തേവരയെ കീഴടക്കി. രത്തിന്‍ലാല്‍ രണ്ടും സമീല്‍ ഒരു ഗോളും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് നടക്കാവ് സ്കൂള്‍ കഴിഞ്ഞവര്‍ഷം കേരളത്തെ പ്രതിനിധീകരിച്ച തിരുവനന്തപുരം വെള്ളയാണി എച്ച്എസ്എസിനെ ഒരു ഗോളിനു കീഴ്പ്പെടുത്തി. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് കോഴിക്കോടിന്റെ ജയം.

സ്കൂള്‍ ഫുട്ബോള്‍ രംഗത്ത് തകര്‍പ്പന്‍ ഫോം തുടരുന്ന മലപ്പുറം എംഎസ്പി സ്കൂള്‍ സീനിയര്‍ ടീം ഇതു രണ്ടാംതവണയാണ് ദേശീയ സ്കൂള്‍ ഫുട്ബോളിന്റെ പ്രമുഖ ചാമ്പ്യന്‍ഷിപ്പായ സുബ്രതോയില്‍ പങ്കെടുക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എംഎസ്പി കളിച്ചിരുന്നു. ഉക്രൈനിലെ ഡൈനമോകീവിന്റെ ജൂണിയര്‍ ടീമിനോടു രണ്ടിനെതിരേ നാലുഗോളിനു തോല്‍ക്കുകയായിരുന്നു എംഎസ്പി ടീം. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ യോഗ്യത നേടിയിരുന്നില്ല. ജൂണിയര്‍വിഭാഗത്തിലായിരുന്നു എംഎസ്പി കളിച്ചിരുന്നത്. ഇക്കുറി വന്‍ തിരിച്ചുവരവാണ് സീനിയര്‍ടീം നടത്തിയിരിക്കുന്നത്. കോച്ച് ബിനോയ് സി. ജെയിംസാണ് എംഎസ്പി ടീമിന്റെ പരിശീലകന്‍. കായികാധ്യാപകരായ ശുഹൈബിന്റെയും സന്തോഷിന്റെയും പിന്തുണയും വിജയത്തിനു ഘടകങ്ങളായി. മലപ്പുറം എംഎസ്പി സ്കൂളിനോടനുബന്ധിച്ചു സ്പോര്‍ട്സ് ഹോസ്റ്റല്‍ വന്നതോടുകൂടിയാണ് എംഎസ്പിയുടെ കുതിപ്പ് തുടങ്ങിയത്. ഇതിനകം സംസ്ഥാനതലത്തില്‍ സ്കൂള്‍തലത്തില്‍ നടത്തിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം എംഎസ്പി സ്കൂള്‍ ജേതാക്കളായിട്ടുണ്ട്.


സെപ്റ്റംബറില്‍ നടക്കുന്ന മത്സരത്തിലേക്കു കുട്ടികളെ ഒരുക്കാന്‍ കൂടുതല്‍ പരിശീലനങ്ങളും ടൂര്‍ണമെന്റുകളും നടത്തേണ്ടതുണ്െടന്നു കോച്ച് ബിനോയ് സി. ജെയിംസ് പറഞ്ഞു. ജൂണിയര്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസില്‍ കഴിഞ്ഞവര്‍ഷമാണ് സ്പോര്‍ട്സ് ഹോസ്റ്റല്‍ ആരംഭിച്ചത്. മികച്ച കുട്ടികളെ കണ്െടത്തി പരിശീലനം നല്‍കുകയായിരുന്നു ആദ്യഘട്ടത്തില്‍ ചെയ്തത്. മികച്ചതാമസ സൌകര്യവും ഭക്ഷണവും കുട്ടികള്‍ക്കു ഏര്‍പ്പെടുത്താനും കഴിഞ്ഞു. നാല്‍പ്പതു കുട്ടികള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നതെന്നു കോച്ച് മന്‍സൂറലി പറഞ്ഞു. രാവിലെയും വൈകുന്നേരവും മുടങ്ങാതെയുള്ള പരിശീലനമാണ് ടീമിനു തുണയായത്. ടൂര്‍ണമെന്റിലുടനീളം ശക്തമായ മത്സരവും കാഴ്ചവയ്ക്കാനായി. ഇനിയാണ് ശരിക്കുള്ള മത്സരം വരുന്നത്. മറ്റു സംസ്ഥാനത്തുനിന്നുള്ള ശക്തരായ ടീമുകളോടാണ് ഏറ്റുമുട്ടേണ്ടത്. അതിനായി കുട്ടികളെ ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്‍സൂറലി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടക്കാവ് ജിവിഎച്ച്എസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാനതലത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കാളായ തിരുവനന്തപുരത്തെയാണ് കോഴിക്കോട് കീഴടക്കിയത്. കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സിലിലെ പരിശീലകയായ എം. ഫൌസിയയുടെ ശിക്ഷണത്തിലാണ് നടക്കാവ് സ്കൂള്‍ ഇറങ്ങിയത്. ഓരോ മത്സരങ്ങളിലും ഭേദപ്പെട്ട നിലയിലാണ് കുട്ടികള്‍ കളിച്ചതെന്നു ഫൌസിയ പറഞ്ഞു. രാവിലെയും വൈകുന്നേരവും കഠിനമായ പരിശീലനമാണ് നല്‍കിവന്നത്. അതിനു ഫലമുണ്ടാവുകയും ചെയ്തു. ഡല്‍ഹിയില്‍ നടക്കുന്ന ഫൈനല്‍ റൌണ്ടിലേക്കു ടീമിനെ സജ്ജമാക്കുകയാണ് അടുത്ത ദൌത്യമെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.