ഗോദയില്‍ വെള്ളിടി
ഗോദയില്‍ വെള്ളിടി
Thursday, July 31, 2014 11:28 PM IST
ഗ്ളാസ്ഗോ: ഗുസ്തി തുടങ്ങി ആദ്യ ദിനംതന്നെ മൂന്നു സ്വര്‍ണം നേടി കുതിച്ച ഇന്ത്യക്ക് രണ്ടാം ദിനം നിരാശ സമ്മാനിച്ചുകൊണ്ടു വെള്ളി മെഡലുകള്‍. സ്വര്‍ണം പ്രതീക്ഷിച്ച നാല് ഇനങ്ങളില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരങ്ങള്‍ നാലിലും പരാജയപ്പെട്ട് വെള്ളി മെഡലിലൊതുങ്ങി. ഒരു വെങ്കലവും ലഭിച്ചു. വനിതകള്‍ നൈജീരിയന്‍ താരങ്ങളോടു തോറ്റപ്പോള്‍ പുരുഷന്മാര്‍ കനേഡിയന്‍ താരങ്ങളോടു തോറ്റു. വനിതാ ഫ്രീ സ്റൈല്‍ ഗുസ്തിയിലെ വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. 53 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലളിത വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. ഫൈനലില്‍ നൈജീരിയയുടെ ഒഡുനായോ അഡേകുറോയെയോടു പരാജയപ്പെടുകയായിരുന്നു. കേവലം 31 സെക്കന്‍ഡിലാണ് ലളിത പരാജയപ്പെട്ടത്. വനിതകളുടെ 58 കിലോഗ്രാമിലും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിധി. സാക്ഷി മാലിക് നൈജീരിയയുടെ അമിനാത് അദേനിയിയോടു തോറ്റു. രണ്ടു മിനിറ്റ് 24 സെക്കന്‍ഡില്‍ പരാജയം സമ്മതിക്കുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 10-0 എന്നു തെളിഞ്ഞു. സാക്ഷിയുടേത് ഗുസ്തിയില്‍ ഇന്ത്യക്കു ലഭിക്കുന്ന മൂന്നാമത്തെ വെള്ളിയായിരുന്നു. പുരുഷന്മാരുടെ 61 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ്, കാനഡയുടെ ഡേവിഡ് ടിംബ്ളേയോട് പരാജയപ്പെട്ടു. 12-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 97 കിലോഗ്രാം ഫ്രീസ്റൈല്‍ വിഭാഗത്തില്‍ സത്യജിത് കദിയാന്‍ കാനഡയുടെ അര്‍ജുന്‍ ഗില്ലിനോടു തോറ്റു. 69 കിലോഗ്രാം വനിതാ ഗുസ്തിയില്‍ നവ്ജ്യോത് കൌര്‍ വെങ്കലം സ്വന്തമാക്കി. ഇതോടെ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒമ്പതായി. മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

സ്ക്വാഷില്‍ കുതിപ്പ്

സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ സഖ്യം മുന്നേറി. മലേഷ്യയുടെ നികോള്‍ ഡേവിഡ്- ലോ വീ വേന്‍ സഖ്യത്തെ 11-8, 11-5 എന്ന സ്കോറിനാണ് അഞ്ചാം സീഡ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡിന്റെ മേഗന്‍ ക്രെയ്ഗ്- കൈല്‍ ലിന്‍ഡ്സെ സഖ്യമാണ് പൂള്‍ ഡിയിലെ ഇന്ത്യന്‍ സഖ്യത്തിന്റെ അവസാന എതിരാളികള്‍. നിക്കോള്‍ ജേവിഡിനെ സ്ക്വാഷിലെ ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്. സിംഗിള്‍സില്‍ ഇവിടെ സ്വര്‍ണവും നേടിയിരുന്നു.


വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ പിങ്കി റാണിയും ലെയ്ഷറാം ദേവിയും സെമിയിലെത്തി. ഇതോടെ ഇരുവര്‍ക്കും ഒരു മെഡല്‍ ഉറച്ചു. 57-60 കിലോഗ്രാം വിഭാഗത്തില്‍ ലെയ്ഷറാം ദേവി വെയില്‍സിന്റെ ചാര്‍ളിന്‍ ജോണ്‍സിനെ പരാജയപ്പെടുത്തിയപ്പോള്‍ 48-51 കിലോഗ്രാം വിഭാഗത്തില്‍ പിങ്കി പപ്പുവ ന്യൂഗിനിയയുടെ ജാക്വലിന്‍ വാംഗിയെ തോല്‍പ്പിച്ചു സെമിയില്‍ കടന്നു. പുരുഷവിഭാഗത്തില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ മന്ദീപ് ജംഗ്റ സെമിയിലെത്തി. എതിര്‍താരം ഡോപ് ടെസ്റില്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു. അതേസമയം 91 കിലോഗ്രാം വിഭാഗത്തില്‍ അമന്‍പ്രീത് സിംഗ് സ്കോട്ലന്‍ഡിന്റെ സ്റ്റീഫന്‍ ലെവില്ലെയോട് ക്വാര്‍ട്ടറില്‍ തോറ്റു.

ആര്‍ട്ടിസ്റിക് ജിംനാസ്റിക്സ് ഫൈനലില്‍ ഇന്ത്യയുടെ രാകേഷ് പത്രയും ആദിത്യ റാണയും ആശിഷ്കുമാറും യഥാക്രമം 14,17,18 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

തുളസി, സിന്ധു, കശ്യപ്, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഗ്ളാസ്ഗോ: ഇന്ത്യന്‍ ഷട്ടില്‍ താരങ്ങള്‍ക്ക് ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങളില്‍ ജയം. മത്സരിച്ച എല്ലാ ഇന്ത്യന്‍ താരങ്ങളും വിജയത്തോടെ പ്രീക്വാര്‍ട്ടറിലെത്തി.

മലയാളി താരം പി.സി. തുളസി, പി.വി. സിന്ധു, പി. കാശ്യപ്, ആര്‍.വി. ഗുരുസായിദത്ത്, കിഡാമ്പി ശ്രീകാന്ത് എന്നിവര്‍ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. അവസാന പതിനാറിലേക്കുള്ള മത്സരത്തില്‍ തുളസി ഉത്തര അയര്‍ലന്‍ഡിന്റെ സിനെദ് ചേംബേഴ്സിനെ രണ്ടു ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ 21-10, 21-2ന് കീഴടക്കി. വെറും 24 മിനിറ്റുകൊണ്ടാണ് തുളസി എതിരാളിയെ തറപറ്റിച്ചത്. മറ്റൊരു വനിത സിംഗിള്‍സില്‍ പി.വി. സിന്ധു ദക്ഷിണാഫ്രിക്കയുടെ സാന്ദ്ര ലെ ഗ്രേഞ്ചിനെ രണ്ടു ഗെയിം നീണ്ട മത്സരത്തില്‍ 21-4, 21-6ന് പരാജയപ്പെടുത്തി. പുരുഷന്‍മാരുടെ മത്സരങ്ങളില്‍ പി. കാശ്യപ്, ആര്‍.വി. ഗുരുസായിദത്ത്, കിഡാമ്പി ശ്രീകാന്ത് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ ഡബിള്‍സില്‍ പ്രണവ് ചോപ്ര-അക്ഷയ് ദെവാല്‍കര്‍ സഖ്യം ശ്രീലങ്കയുടെ സച്ചിന്‍ ഡയസ്-ഭുവനേക ദുലേവ കൂട്ടുകെട്ടിനെ 21-10, 21-9ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.