കാലിസ് വിരാമം സമ്പൂര്‍ണം
കാലിസ് വിരാമം സമ്പൂര്‍ണം
Thursday, July 31, 2014 11:30 PM IST
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച കാലിസ് ഏകദിനത്തില്‍ തുടര്‍ന്നു വരികയായിരുന്നു. ഏകദിനത്തില്‍നിന്നും ട്വന്റി-20യില്‍നിന്നും കാലിസ് വിരമിച്ചു. ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററെയാണ് വിരമിക്കലോടെ ക്രിക്കറ്റ് ലോകത്തിനു നഷ്ടമാകുന്നത്.

2015ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം ടീമില്‍ കാണുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈയിടെ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മല്‍സരങ്ങളില്‍ അമ്പേ പരാജയമായതാണ് കാലിസിനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്. ലങ്കയ്ക്കെതിരേ ഫോമിലാകാന്‍ സാധിച്ചില്ല. അതുകൊണ്ടു വിരമിക്കുകയാണ് -കാലിസ് പറഞ്ഞു.

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റില്‍നിന്നും പിന്‍വാങ്ങുകയാണെന്ന് 38കാരനായ കാലിസ് പറഞ്ഞു. എന്നാല്‍, ഐപിഎലില്‍ അദ്ദേഹം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎലില്‍ എല്ലാ സീസണിലും കളിച്ച താരമാണ് കാലിസ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാര്‍ എന്ന പരിഗണന ഉള്ളപ്പോള്‍ത്തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളുംകൂടിയാണ് കാലിസ്.

ഒരുകാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകള്‍ കാലിസ് തകര്‍ക്കുമെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, കരിയറിന്റെ അവസാനഘട്ടത്തിലേക്കടുത്തപ്പോള്‍ ഫോം നഷ്ടമായിരുന്നു കാലിസിന്റെ വിധി. ടീമിലെ പ്രധാന ബാറ്റ്സ്മാന്‍, യുവതാരങ്ങളുടെ മാര്‍ഗദര്‍ശി തുടങ്ങിയ റോളുകളൊക്കെ നിര്‍വഹിച്ചിരുന്ന കാലിസ് വിരമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാകും പടിയിറങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കാലിസ് മൂന്നാമതാണ് (13,289). സച്ചിന്‍(15,837), റിക്കി പോണ്ടിംഗ്(13,378) എന്നിവരാണു കാലിസിനു മുന്നിലുള്ളത്. ബൌളിംഗിലും കാലിസ് കേമനായിരുന്നു. കാലിസിന് 292 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമായുണ്ട്. ഏകദിനത്തില്‍ കാലിസ് 328 മത്സരങ്ങളില്‍നിന്ന് 11,579 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 17 സെഞ്ചുറിയും 86 അര്‍ധസെഞ്ചുറിയുമുണ്ട്. 44.36 ആണ് ശരാശരി. 273 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 25 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച കാലിസ് 666 റണ്‍സ് നേടി. ഏകദിനത്തിലും ടെസ്റിലും 10000-ലധികം റണ്‍സ് നേടിയ ഏക ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനാണ് കാലിസ്. കാലിസും ജയസൂര്യയും മാത്രമാണ് ഏകദിനത്തിലും ടെസ്റ്റിലും ഈ നേട്ടം കൈവരിച്ച താരങ്ങള്‍.


1995ല്‍ ഇംഗ്ളണ്ടിനെതിരെ ഡര്‍ബനിലാണ് കാലിസ് അരങ്ങേറിയത്. ബാറ്റിംഗില്‍ പിഴച്ചാല്‍ ബൌളിംഗില്‍ മികവോടെ തിരിച്ചുവരുന്നത് കാലിസിന്റെ പ്രത്യേകത ആയിരുന്നു. മികച്ച ഫീല്‍ഡര്‍കൂടിയാണ് കാലിസ്. അരങ്ങേറ്റം നടത്തിയ ഡര്‍ബനില്‍ത്തന്നെയായിരുന്നു കാലിസിന്റെ അവസാന ടെസ്റും. ഇന്ത്യക്കെതിരേ സെഞ്ചുറി നേടി ആധികാരികമായായിരുന്നു കാലിസിന്റെ വിരമിക്കല്‍. 166 ടെസ്റുകളില്‍ കളിച്ച കാലിസ് 55.37 ശരാശരിയില്‍ 13,289 റണ്‍സ് നേടിയപ്പോള്‍ 45 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ ഇന്നിംഗ്സുകള്‍ക്കു ചാരുതയേകി. തന്നോടൊത്ത് സഹകരിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും കളക്കാര്‍ക്കും കാലിസ് നന്ദി പറഞ്ഞു. ലോകം കണ്ട മികച്ച ക്രിക്കറ്റ് താരമായിരുന്നു ജാക് കാലിസെന്ന് ഇംഗ്ളണ്ട് താരം കെവിന്‍ പീറ്റേഴ്സന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.