സ്കൂള്‍ മീറ്റ് നവംബര്‍ 27 മുതല്‍ 30 വരെ
Thursday, July 31, 2014 11:30 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് നവംബര്‍ 27 മുതല്‍ 30 വരെ നടക്കും. തിരുവനന്തപുരം എല്‍എന്‍സിപിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്നലെ ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്കൂള്‍ അത്ലറ്റിക് മീറ്റുകള്‍ സിന്തറ്റിക് ട്രാക്കില്‍ നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണു തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ തിരുവനന്തപുരവും കൊച്ചിയും മത്സരവേദിയാകുന്നത്.

ദേശീയ ഗെയിംസിന്റെ പ്രധാന വേദിയായി യൂണിവേഴ്സിറ്റി സ്റേഡിയം മാറിയതോടെയാണ് സ്കൂള്‍ ഗെയിംസ് കാര്യവട്ടത്തെ എല്‍എന്‍സിപിയില്‍ നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 14 റവന്യു ജില്ലകളില്‍ നിന്നായി 2000 കായികതാരങ്ങളാണ് നാലു ദിവസം നടക്കുന്ന മീറ്റില്‍ പങ്കെടുക്കുക. 95 മത്സര ഇനങ്ങളാണ് സ്റേറ്റ് സ്കൂള്‍ അത്ലറ്റിക് മീറ്റിനുള്ളത്.

കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന മീറ്റില്‍ 251 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്തും 218 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. വ്യക്തിഗത സ്കൂള്‍ ഗെയിംസില്‍ കോതമംഗലം സെന്റ് ജോര്‍ജ് 100 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കോതമംഗലം മാര്‍ ബസേലിയോസ് 80 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. ഇക്കുറിയും എറണാകുളം, പാലക്കാട് സ്കൂളുകള്‍ തമ്മിലാവും സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പോരാടുക. ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്ന പ്രകടനം 13 പേരാണ് കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ കാഴ്ച വച്ചത്. 13 പേര്‍ സംസ്ഥാന മീറ്റ് റിക്കാര്‍ഡുകള്‍ക്കും അര്‍ഹരായിരുന്നു. ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്നതിനാല്‍ ഇക്കുറി സംസ്ഥാന സ്കൂള്‍ മീറ്റ് നേരത്തെയാക്കാനായിരുന്നു കായികവകുപ്പിന്റെ തീരുമാനം.


സ്കൂള്‍ മീറ്റിനോട് അനുബന്ധിച്ചുള്ള തൈക്വാണ്ടാ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 18 മുതല്‍ 21 വരെ ആലപ്പുഴയിലാണു നടത്തുക. സോണല്‍ അടിസ്ഥാനത്തിലുള്ള ഗെയിംസുകള്‍ നോര്‍ത്ത് സോണിലെ മത്സരങ്ങളോടെ ഒക്ടോബര്‍ എട്ടിന് ആരംഭിക്കും.

ഒക്ടോബര്‍ എട്ടുമുതല്‍ 10 വരെ കണ്ണൂരിലാണ് നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ നടക്കുക. കോട്ടയത്ത് 13 മുതല്‍ 15 വരെയാണ് സൌത്ത് സോണ്‍ മത്സരങ്ങള്‍. ഫൈനല്‍ മത്സരങ്ങള്‍ 16,17 തീയതികളില്‍ കോട്ടയത്ത് നടത്തും. തൃശൂരില്‍ ഒക്ടോബര്‍ 28 മുതല്‍ 31 വരെയാണ് നീന്തല്‍.

സ്റേറ്റ് ഗെയിംസ് ഗ്രൂപ്പ് ഒന്ന് മത്സരങ്ങള്‍ നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ പാലക്കാട്ടും ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ ഒന്‍പതുമുതല്‍ 11 വരെ കൊല്ലത്തും നടത്തും.

ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ 13 മുതല്‍ 15 വരെ കാസര്‍ഗോഡാണു നടത്തുന്നത്. ഹോക്കി മലപ്പുറത്തും സൈക്കിള്‍പോളോ തിരുവനന്തപുരത്തും നടത്തും. രണ്ട് ഇനങ്ങളുടെയും മത്സരതീയതി പിന്നീട് തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.