ഇംഗ്ളണ്ട് ജയത്തിലേക്ക്
ഇംഗ്ളണ്ട് ജയത്തിലേക്ക്
Thursday, July 31, 2014 11:31 PM IST
സതാംപ്ടണ്‍: സതാംപ്ടണ്‍ ടെസ്റ് ഇംഗ്ളണ്ടിന്റെ വരുതിയില്‍. ജയിക്കാന്‍ വേണ്ട 445 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സോടെ അജിങ്ക്യ രഹാനെയും ആറു റണ്‍സോടെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് ജയിക്കാന്‍ 333 റണ്‍സ് കൂടി വേണം.

ഒന്നാം ഇന്നിംഗ്സില്‍ 239 റണ്‍സിന്റെ മികച്ച ലീഡുണ്ടായിരുന്ന ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് നാലു വിക്കറ്റിന് 205 റണ്‍സ് എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. ഇന്ത്യയെ ഫോളോ ഓണിന് വിടാതെ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 330 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ളീഷ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന ഇന്ത്യ എത്രനേരം പിടിച്ചുനില്‍ക്കുമെന്നറിയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ബാറ്റിംഗിന്റെ ആഴം അളക്കാനുള്ള അവസരമാണ് ധോണിക്കും കൂട്ടര്‍ക്കും കൈവന്നിരിക്കുന്നത്. ഒരു ദിവസം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യക്ക് ലോര്‍ഡ്സിലെ ജയത്തോടെ നാലാം ടെസ്റ്റിന് ഇറങ്ങാം.

ഇംഗ്ളണ്ട്: ഏഴ് വിക്കറ്റിന് 569 ഡിക്ള., നാല് വിക്കറ്റിന് 205 ഡിക്ള. ഇന്ത്യ 330 എല്ലാവരും പുറത്ത്, നാലിന് 112.

എട്ട് വിക്കറ്റിന് 323 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ അര്‍ധ സെഞ്ചുറി തികച്ച് ബാറ്റിംഗ് തുടര്‍ന്ന നായകന്‍ മഹേന്ദ്രസിംഗ് ധോണിയിലായിരുന്നു. നാലാം ദിവസത്തെ മൂന്നാമത്തെ ഓവറില്‍ തലേന്നത്തെ സ്കോറില്‍വച്ചുതന്നെ ധോണി (50) വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറിനു ക്യാച്ച് നല്‍കി മടങ്ങി. ജയിംസ് ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്. പിന്നെ ഒരൊറ്റ ഓവറിന്റെ കാത്തിരിപ്പിനു ശേഷം മുഹമ്മദ് ഷാമിയും (5) പുറത്ത്. ഇതും ആന്‍ഡേഴ്സന്റെ പന്തില്‍ ബട്ലറിനായിരുന്നു ക്യാച്ച്. ആന്‍ഡേഴ്സന്റെ അഞ്ചാം വിക്കറ്റായിരുന്നു അത്്. ഇന്ത്യ അപ്പോഴും ഫോളോ ഓണിന് 39 റണ്‍സ് പിന്നിലായിരുന്നു. എന്നാല്‍ സന്ദര്‍ശകരെ ഫോളോ ഓണ്‍ എന്ന നാണക്കേടിനയയ്ക്കാതെ ഇംഗ്ളീഷ് നായകന്‍ അലിസ്റര്‍ കുക്ക് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു.


രണ്ടാം ഇന്നിംഗ്സ് ഇംഗ്ളണ്ട് സാവധാനം തുടങ്ങി. ഇംഗ്ളണ്ട് സ്കോര്‍ 22-ലെത്തിയപ്പോള്‍ സാം റോബ്സണ്‍ (13) ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി മടങ്ങി. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ഗാരി ബാലന്‍സുമായി ചേര്‍ന്ന് അലിസ്റര്‍ കുക്ക് വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും രണ്ടാം വിക്കറ്റ് സഖ്യത്തില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. ഇംഗ്ളണ്ടിനെ 80 റണ്‍സിലെത്തിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ബാലന്‍സിനെ (38) ചേതേശ്വര്‍ പുജാര പിടികൂടി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. ഇന്ത്യന്‍ ബൌളിംഗിനെതിരെ ഏകദിനശൈലിയില്‍ ബാറ്റിംഗ് നടത്തുകയായിരുന്ന ബെല്ലിനെ (23) ജഡേജ ക്ളീന്‍ബൌള്‍ഡാക്കി. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ കുക്കും ജോ റൂട്ടും 99 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. റൂട്ട് പുറത്തായതോടെ (56) ഇംഗ്ളണ്ട് ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. സ്വതസിദ്ധമായശൈലിയില്‍ ബാറ്റ് ചെയ്ത കുക്ക് 70 റണ്‍സുമായി പുറത്താകാതെനിന്നു. മൂന്നു വിക്കറ്റ് നേടിയ ജഡേജ മികച്ചു നിന്നു.

സ്കോര്‍ബോര്‍ഡ്

ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് ഏഴിന് 567

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് -330

ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ്

റ്ോബസണ്‍ സി ധവാന്‍ ബി ഭുവനേശ്വര്‍ കുമാര്‍ 13, അലിസ്റ്റര്‍ കുക്ക്് 70 നോട്ടൌട്ട് , ബാലന്‍സ് സി പുജാര ബി ജഡേജ 38, ബെല്‍ ബി ജഡേജ 23, ജോ റൂട്ട് 56 ബി ജഡേജ എക്സ്ട്രാസ് 5, ആകെ നാലു വിക്കറ്റിന് 40.4 ഓവറില്‍ 205 ഡിക്ള.

ബൌളിംഗ്

ഭുവനേശ്വര്‍ കുമാര്‍ 10-0-59-1, പങ്കജ് സിംഗ് 10-4-33-0, മുഹമ്മദ് ഷാമി 4-0-24-0, രോഹിത് ശര്‍മ 5-0-32-0, ജഡേജ 10.4-1-52-3, മുരളി വിജയ് 1-0-1-0

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

മുരളി വിജയ് റണ്ണൌട്ട് 12, ധവാന്‍ സി ജോര്‍ദാന്‍ ബി റൂട്ട് 37, പൂജാര സി ജോര്‍ദാന്‍ ബി അലി 2, കോഹ്്ലി സി ബട്ലര്‍ ബി അലി 28, രഹാനെ നോട്ടൌട്ട് 18, രോഹിത് ശര്‍മ നോട്ടൌട്ട് 6, എക്സ്ട്രാസ് 9

ആകെ 42 ഓവറില്‍ നാലിന് 112.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.