ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: കേരളം വനിതാ ചാമ്പ്യന്മാര്‍
ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: കേരളം വനിതാ ചാമ്പ്യന്മാര്‍
Wednesday, August 20, 2014 11:22 PM IST
പാട്യാല: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കേരളം ഓവറോള്‍ കിരീടം നഷ്ടപ്പെടുത്തി. ഇന്നലെ അവസാനിച്ച 18-ാം ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ കേരളത്തെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി തമിഴ്നാട് ഓവറോള്‍ ചാമ്പ്യന്മാര്‍. തമിഴ്നാടിന് 125 പോയിന്റ് ലഭിച്ചപ്പോള്‍ കേരളത്തിന് 121 പോയിന്റ് ലഭിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഒഎന്‍ജിസി 120 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. അതേസമയം, വനിതാ വിഭാഗത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. 57 പോയിന്റുള്ള കേരളം 55 പോയിന്റുള്ള ഒഎന്‍ജിസിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി.

48 പോയിന്റുള്ള ആതിഥേയരായ പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്. പുരുഷന്മാരുടെ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തമിഴ്നാട് 82 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ 65 പോയിന്റുമായി ഒഎന്‍ജിസിക്കാണ് രണ്ടാം സ്ഥാനം. കേരളത്തിന് 64 പോയിന്റുണ്ട്.

മീറ്റിലെ മികച്ച അത്ലറ്റുകളായി പുരുഷ വിഭാഗത്തില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റിക്കാര്‍ഡിനൊപ്പമെത്തുന്ന പ്രകടനം നടത്തിയ ഒഎന്‍ജിസിയുടെ സിദ്ധാന്ത് തിങ്കലായയും വനിതാ വിഭാഗത്തില്‍ 400 മീറ്റര്‍ താരമായി ഒഎന്‍ജിസിയുടെ എം.ആര്‍. പൂവമ്മയും തെരഞ്ഞെടുക്കപ്പെട്ടു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് അവസാനിക്കുമ്പോള്‍ ഒരു ദേശീയ റിക്കാര്‍ഡും 14 മീറ്റ് റിക്കാര്‍ഡും പിറന്നു.

പ്രീജയും ജിന്‍സണും പിന്നെ കുഞ്ഞുമുഹമ്മദും

മീറ്റിന്റെ അവസാന ദിവസം കേരളത്തിന്റെ മുന്നേറ്റത്തിന് അടിത്തറയായത് 10000 മീറ്ററില്‍ പ്രീജ ശ്രീധരന്‍ നേടിയ സ്വര്‍ണവും 400 മീറ്ററില്‍ കുഞ്ഞുമുഹമ്മദിന്റെ സ്വര്‍ണവും 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന്റെ സ്വര്‍ണവുമാണ്.

34 മിനിറ്റ് 27.94 സെക്കന്‍ഡിലാണ് പ്രീജ 10,000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. മഹാരാഷ്്ട്രയുടെ സ്വാതി ഗഥാവെ(36:28.46) വെള്ളിയും മോനിക്ക അത്താരെ(36:44.15) വെങ്കലവും നേടി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് കുഞ്ഞുമുഹമ്മദ് 400 മീറ്ററില്‍ സ്വര്‍ണം നേടിയത്. സമയം-46.40. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന്റെ ആരോക്യ രാജീവിനാണ്(46.41) രണ്ടാം സ്ഥാനം. ഏവരും പ്രതീക്ഷിച്ചതുപോലെ വനിതാ വിഭാഗം 400 മീറ്ററില്‍ ഒഎന്‍ജിസിയുടെ എം.ആര്‍. പൂവമ്മ (52.42) സ്വര്‍ണം നേടി. ഈ പ്രകടനത്തോടെ പൂവമ്മ ഇഞ്ചിയോണില്‍ അടുത്തമാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി. പുരുഷന്മാരുടെ 1500കൃഷമ മീറ്ററില്‍ 3 മിനിറ്റ് 52.60 സെക്കന്‍ഡിലാണ് ജിന്‍സണ്‍ സ്വര്‍ണം നേടിയത്.


പുരുഷന്മാരുടെ 200 മീറ്ററില്‍ തമിഴ്നാടിന്റെ മണികണ്ഠന്‍ അറുമുഖന്‍ സ്വര്‍ണം(21.21 സെക്കന്‍ഡ്) നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ആഷ റോയി സ്വര്‍ണമണിഞ്ഞു. ഒറീസയുടെ ശബാന നന്ദ വെള്ളി നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ തന്നെ വേലായുധത്തിനാണ് വെള്ളി.വനിതകളുടെ ഡിസ്കസ് ത്രോയില്‍ കൃഷ്ണ പൂനിയ സ്വര്‍ണം നേടി.

ദേശീയചാമ്പ്യനായി സിദ്ധാന്ത്

110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചരിത്രംകുറിച്ച് ഒഎന്‍ജിസിയുടെ സിദ്ധാന്ത് തിങ്കലായ ദേശീയ റിക്കാര്‍ഡിനൊപ്പമെത്തുന്ന പ്രകടനവുമായി സ്വര്‍ണം നേടി. 13.65 സെക്കന്‍ഡിലാണ് സിദ്ധാന്ത് സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാര്‍ഖണ്ഡിനുവേണ്ടി മത്സരിച്ച മലയാളി താരം എം.എം. അഞ്ജു (13.80) സ്വര്‍ണം നേടി. 1500 മീറ്ററിലും മലയാളി താരത്തിനാണ് സ്വര്‍ണം.

പഞ്ചാബിനുവേണ്ടിയിറങ്ങിയ ഒ.പി. ജയ്ഷ സ്വര്‍ണം നേടിയപ്പോള്‍ ഒഎന്‍ജിസിക്കുവേണ്ടിയിറങ്ങിയ മലയാളി താരം സിനി മാര്‍ക്കോസ് വെള്ളിയും നേടി. ട്രിപ്പിള്‍ ജംപില്‍ തമിഴ്നാടിനുവേണ്ടിയിറങ്ങിയ രഞ്ജിത് മഹേശ്വരി രണ്ടാം സ്ഥാനത്തായി. 16.70 മീറ്റര്‍ കണ്െടത്തിയ പഞ്ചാബിന്റെ അര്‍പ്പീന്ദര്‍ സിംഗിനാണ് സ്വര്‍ണം. രഞ്ജിത് 16.43 മീറ്റര്‍ കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.