താരങ്ങള്‍ ഫിറ്റ്; ഹരി ഹാപ്പിയാണ്
താരങ്ങള്‍ ഫിറ്റ്; ഹരി ഹാപ്പിയാണ്
Wednesday, August 20, 2014 11:26 PM IST
സി.കെ. രാജേഷ്കുമാര്‍

കോട്ടയം: പാട്യാലയിലെ ദേശീയ കായിക ഇന്‍സ്റിറ്റ്യൂട്ടിലെ ട്രാക്കില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ മലയാളി താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍ ചെന്നൈയിലിരുന്ന് ഒരാള്‍ സന്തോഷിക്കുന്നു, ഹരിശങ്കര വര്‍മരാജ. കുറേക്കാലം ഇന്ത്യന്‍ ബോക്സിംഗ് ടീമിന്റെ ഫിസിയോ ആയിരുന്ന ഹരി ഇപ്പോള്‍ ചെന്നൈയില്‍ രാജാസ് ക്ളിനിക് എന്ന സ്ഥാപനം നടത്തുകയാണ്. പരിക്കേറ്റ കായികതാരങ്ങളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ക്ളിനിക്കില്‍ ദേശീയതാരങ്ങള്‍ നിത്യസന്ദര്‍ശകരാണ്.

ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന പ്രജുഷയും ഇര്‍ഫാനും നിഖിലും സജീഷ് ജോസഫും ജിതിന്‍ പോളും കുഞ്ഞുമുഹമ്മദുമൊക്കെ സ്വര്‍ണം വാരുമ്പോള്‍ അതിന് അവരെ തയാറാക്കുന്നതില്‍ ഹരിശങ്കര വര്‍മയെന്ന കോഴിക്കോട് പുറമേരി സ്വദേശിയുടെ പങ്ക് വിസ്മരിക്കാനാവില്ല. ഒളിമ്പിക്സിലെ 10-ാം സ്ഥാനത്തിനുശേഷം നടത്തത്തില്‍ കെ.ടി. ഇര്‍ഫാനില്‍നിന്ന് മികച്ച പ്രകടനങ്ങളൊന്നും പിറന്നിരുന്നില്ല.

എന്നാല്‍, ഫെഡറേഷന്‍ കപ്പില്‍ ഭേദപ്പെട്ട പ്രകടനവുമായി ഇര്‍ഫാന്‍ സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന നാഷണല്‍ വാക്കിംഗ് ചാ മ്പ്യന്‍ഷിപ്പിനിടെയാണ് ഇര്‍ഫാനു പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് നിരാശനായ ഇര്‍ഫാന്‍ ഹരിയെ സമീപിക്കുകയായിരുന്നു. ബോക്സിംഗ് ടീമിന്റെ ഫിസിയോ ആയിരുന്നെങ്കില്‍ ഹരി ഇന്ത്യന്‍ ക്യാമ്പിലുള്ളപ്പോള്‍ അത്ലറ്റുകളുടെ കാര്യവും നോക്കിയിരുന്നു. ബോക്സര്‍മാരുടെ ആരോഗ്യം ശ്രദ്ധിക്കുന്ന ഇടയില്‍ എത്ര തിരക്കുണ്െടങ്കിലും മലയാളി അത്ലറ്റുകളുടെ കാര്യത്തില്‍ ഹരി പ്രത്യേകം ശ്രദ്ധ കാണിച്ചു. ഇര്‍ഫാനും സിനിമോള്‍ പൌലോസും പൂവമ്മയും മയൂഖ ജോണിയും പ്രജുഷയുമൊക്കെ ഹരിയുടെ ശുശ്രൂഷ വളരെ ഇഷ്ടപ്പെട്ടിരുന്നു. എത്രവലിയ പരിക്കാണെങ്കിലും ഹരിയുടെ അടുത്തെത്തിയാല്‍ അതു മാറുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

ഇന്ത്യന്‍ ബോക്സിംഗ് താരങ്ങള്‍ ഒളിമ്പിക്സിലടക്കമുള്ള രാജ്യാന്തര മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ ചെറുതല്ലാത്ത സംഭാവന ഹരിടേതുമുണ്ട്.

2006 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയിരുന്നു ഹരി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലും ഇന്ത്യന്‍ ബോക്സിംഗ് ടീമിന്റെ ഭാഗമായിരുന്നു ഹരി. മൂന്ന് ലോകചാമ്പ്യന്‍ഷിപ്പുകളിലും രണ്ട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയുടെ ആരോഗ്യം കാത്തുസൂക്ഷിച്ചത് ഹരിയെന്ന ഫിസിയോ ആയിരുന്നു.


കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഹരിക്കു പക്ഷേ, കരാര്‍ അവസാനിച്ചതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ പ്രവേശനമില്ല. പാട്യാലയിലെ ദേശീയ കായിക ഇന്‍സ്റിറ്റ്യൂട്ടില്‍ ഹരി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ ജോലിയിലുണ്ടായിരുന്നു. തന്നെ സ്ഥിരപ്പെടുത്താനുള്ള ആവശ്യവുമായി സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണടക്കമുള്ളവരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തില്‍ ജോലി ചെയ്യുന്നതിനുള്ള താത്പര്യവും ബന്ധപ്പെട്ടവരെ ഹരി അറിയിച്ചിരുന്നു.

എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ചെന്നൈയില്‍ നുങ്കമ്പാക്കം റോഡില്‍ സ്വന്തമായി ഒരു ഫിസിയോ തെറാപ്പി സെന്റര്‍ തുടങ്ങാന്‍ ഹരി തീരുമാനിച്ചത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ തുടങ്ങിയ ക്ളിനിക്കില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട അത്ലറ്റുകളാണ് എത്തുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ജോസഫ് മത്സരത്തിനിറങ്ങുന്നതിനുമുമ്പ് പിന്‍തുടഞരമ്പിലെ പരിക്ക് അലട്ടിയിരുന്നു. എന്നാല്‍, തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നടത്തിയ ശുശ്രൂഷ ഫലപ്രദമാവുകയും ജോസഫ് സ്വര്‍ണം നേടുകയും ചെയ്തത് മറക്കാനാവാത്ത അനുഭവമാണെന്ന് ഹരി പറഞ്ഞു. അതുപോലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ വിജേന്ദര്‍ സിംഗിന്റെ പരിക്ക് മത്സരത്തിനുമുമ്പ് ഭേദമാക്കാനും തനിക്കായിയെന്ന് അഭിമാനത്തോടെ ഹരി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ ഭൂരിഭാഗം അത്ലറ്റുകളും പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍, ഹരിയുടെ സമര്‍ഥമായ ഇടപെടല്‍ അവര്‍ക്ക് ആശ്വാസമായി. കായികതാരങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും പരിക്കില്ലാതെയിരിക്കാനും ഒരു ഫിസിയോയുടെ സേവനം അനിവാര്യമാണ്. നമ്മുടെ ടീം ദേശീയ മത്സരങ്ങളിലൊക്കെ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഹരിയെപ്പോലുള്ള ഫിസിയോമാരെ നിയമിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.