കേരളവും ഇന്ത്യയില്‍ തന്നെ, അര്‍ജുന അറിഞ്ഞു നല്‍കിയ അംഗീകാരം
Wednesday, August 20, 2014 11:30 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരളം ഇന്ത്യയില്‍ തന്നെയുള്ള ഒരു സംസ്ഥാനമാണെന്നുംകേരളത്തിനു മാത്രമായി നല്‍കുന്ന പുരസ്കാരമല്ല അര്‍ജുനയെന്നും പുരസ്കാര സമിതി അധ്യക്ഷന്‍ കപില്‍ദേവ്. നിരവധി കായികതാരങ്ങളെ സംഭാവന ചെയ്തതിന്റെ പേരില്‍ കേരളത്തെ അഭിനന്ദിക്കുന്നു. ശിപാര്‍ശ ചെയ്യുന്ന പട്ടികയെ കുറിച്ചു മുന്‍വര്‍ഷങ്ങളിലും തര്‍ക്കമുണ്ടായിട്ടുണ്ട്. കായികതാരങ്ങളുടെ പ്രകടനം മാത്രം അടിസ്ഥാനമാക്കിയാണു പുരസ്കാരത്തിനു നിര്‍ദേശിച്ചതെന്നും അവര്‍ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുത്തതിനു കേരളത്തിനു ലഭിച്ച അംഗീകാരമാണ് അര്‍ജുന അവാര്‍ഡുകളെന്നു പുരസ്കാര നിര്‍ണയസമിതി അധ്യക്ഷന്‍ കപില്‍ദേവ് പറഞ്ഞു .

പരാതിക്കാരന്‍ നരീന്ദ്ര ബത്ര ആരാണെന്നും ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്േടായെന്നും കപില്‍ ദേവ് ചോദിച്ചു. അര്‍ജുന അവാര്‍ഡിന്റെ പേരില്‍ പ്രാദേശിക വാദങ്ങള്‍ ഉന്നയിക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നും കപില്‍ദേവ് പറഞ്ഞു. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ശിപാര്‍ശ പട്ടികയില്‍ ഒരു മാറ്റവുമുണ്ടാകില്ല. പട്ടികയ്ക്കെതിരെ ഹോക്കി ഇന്ത്യ നല്‍കിയ പരാതി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പുരസ്കാര നിര്‍ണയസമിതിപ്പട്ടിക അന്തിമമാണെന്നും യോഗത്തിനു ശേഷം സമിതി വ്യക്തമാക്കി.

അര്‍ജുന പുരസ്കാരനിര്‍ണയ സമിതിയുടെ ശിപാര്‍ശയ്ക്കെതിരേ പരാതിയുമായി ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ശിപാര്‍ശയില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ടതിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു. ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ നരീന്ദര്‍ ബത്രയായിരുന്നു കായിക മന്ത്രാലയത്തിനു കത്തെഴുതിയത്. പുരസ്ക്കാര നിര്‍ണയത്തില്‍ സമിതി അംഗം അഞ്ജു ബോബി ജോര്‍ജ് നിക്ഷപക്ഷമായ നിലപാടാണോ സ്വീകരിച്ചതെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


പുരസ്കാര നിര്‍ണയ സമിതിയിലുണ്ടായിരുന്ന അഞ്ജു ബോബി ജോര്‍ജ് തന്റെ ബന്ധുവിന് അര്‍ജുന ശിപാര്‍ശ ചെയ്തെന്ന ആരോപണവും ബത്ര ഉന്നയിച്ചിരുന്നു. ഹോക്കി ഇന്ത്യയുടെ ഏഴ് കളിക്കാരുടെ പേര് അര്‍ജുന അവാര്‍ഡിനു പരിഗണിക്കാനായി അയച്ചിരുന്നു. ഇവരെയാരെയും സമിതി പരിഗണിക്കാതിരുന്നതാണ് ബത്രയെ ചൊടിപ്പിച്ചത്.

അത്ലറ്റിക്സ് താരമായ ടിന്റു ലൂക്ക വോളിബോള്‍ താരം ടോം ജോസഫ്, ബാസ്ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റണ്‍ താരം വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്ക്കാരം നേടിയ മലയാളി താരങ്ങള്‍. അവാര്‍ഡ് നിര്‍ണയത്തെത്തുടര്‍ന്ന് വിവാദങ്ങളുണ്ടായതോടെയാണ് മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള സമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്.

ഹോക്കി വിഭാഗത്തിന് നല്‍കിയ അവാര്‍ഡു ശിപാര്‍ശയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സമിതി വീണ്ടും യോഗം ചേര്‍ന്നത്.

ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം അവാര്‍ഡ് നിര്‍ണയ സമിതിയി അംഗവും സായ് ഡയറക്ടറുമായി ജിജി തോംസണും ശിപാര്‍ശാപട്ടികയില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നു വ്യക്തമാക്കി. നേരത്തേ തയാറാക്കിയ പട്ടികയില്‍ ഒരു മാറ്റവും വരുത്തേണ്െടന്നു സമതി ഏകകണ്ഠേനമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബോക്സിംഗ് താരം ജയ്ഭഗവാനെ പുരസ്കാരത്തിനു ശിപാര്‍ശ ചെയ്തതും വിവാദത്തിനു വഴി തെളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നോടിയ ബോക്സിംഗ് താരം മനോജ് കുമാറിനെ മറികടന്നാണ് ജയ്ഭഗവാനെ ഉള്‍പ്പെടുത്തിയതെന്നായിരുന്നു ആരോപണം. 29നാണ് അര്‍ജുന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.