ഇന്ത്യ-പാക് രണ്ടാം മത്സരം ഇന്ന്
Wednesday, August 20, 2014 11:30 PM IST
ബാംഗളൂര്‍: ഇന്ത്യ-പാക് സൌഹൃദ ഫുട്ബോള്‍ പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 1-0നു വിജയിച്ചിരുന്നു. അണ്ടര്‍ 23 കളിക്കാരാണ് ഇരു ടീമുകളിലും പ്രധാനമായുള്ളത്. ഏഷ്യന്‍ ഗെയിംസിനു മുമ്പ് ഇന്ത്യയുടെ ശക്തി ദൌര്‍ബല്യങ്ങള്‍ പരീക്ഷിച്ചറിയാനുള്ള മാര്‍ഗമാണ് ഇന്നത്തെ മത്സരം.

ആദ്യ മത്സരത്തില്‍ അവസാന മുപ്പതു മിനിറ്റ് പത്തുപേരായി ചുരുങ്ങിയെങ്കിലും ജയം കൈവിടാന്‍ ഇന്ത്യ ഒരുക്കമായിരുന്നില്ല. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ആദ്യ മത്സരത്തിലെ ഇന്ത്യയുടെ വിജയ ഗോള്‍. എന്നാല്‍, ഗോള്‍ വീണ സമയത്ത് റോബിന്‍ സിംഗിന്റെ പേരിലായിരുന്നു സ്കോറിംഗ് ചേര്‍ക്കപ്പെട്ടത്. പിന്നീടാണ് ഗോളിന്റെ യഥാര്‍ഥ അവകാശിയായി ഛേത്രിയുടെ പേരു തെളിഞ്ഞത്. വിം കോവര്‍മാന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ യുവനിരയ്ക്കുതന്നെയാണ് ഇന്നത്തെ മത്സരത്തിലും മുന്‍തൂക്കം. അതേസമയം, ഇന്ത്യയെ കീഴടക്കി പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ് പാക് നിര.


പ്രത്യാക്രമണമാണ് ഇന്ത്യയുടെ കരുത്ത്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയഗോള്‍ പിറന്നതും പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു. ഇന്ത്യന്‍ നിര കൌണ്ടര്‍ അറ്റാക്കില്‍ കരുത്തറിയിച്ചെന്ന് കോവര്‍മാനും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.