കലൂര്‍ സ്റേഡിയം അടി തുടങ്ങി; ക്രിക്കറ്റോ ഫുട്ബോളോ?
കലൂര്‍ സ്റേഡിയം അടി തുടങ്ങി; ക്രിക്കറ്റോ ഫുട്ബോളോ?
Thursday, August 21, 2014 11:06 PM IST
കൊച്ചി: കൊച്ചിയില്‍ ഒക്ടോബറില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരവും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളും(ഐഎസ്എല്‍)ഒരുമിച്ച് നടക്കാന്‍ സാധ്യതയില്ലെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍(കെഎഫ്എ) പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ വ്യക്തമാക്കി. ഐഎസ്എല്‍ മത്സരങ്ങളുടെ മത്സരക്രമം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോളിനോടൊപ്പം ക്രിക്കറ്റും കലൂര്‍ സ്റേഡിയത്തില്‍ നടക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ഏകദിനം നടക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം. അല്ലെങ്കില്‍ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലുള്ളതുപോലെ റെഡിമെയ്ഡ് ക്രിക്കറ്റ് പിച്ച് വച്ച് കളിക്കാന്‍ പറ്റണം.

ഇന്ത്യ-വെസ്റിന്‍ഡീസ് ഏകദിന മത്സരം ഒക്ടോബര്‍ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് പത്രങ്ങളില്‍ കൂടി അറിഞ്ഞു. ഫുട്ബോള്‍ ലീഗ് കൊച്ചിയില്‍ 15 ന് ആരംഭിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്റേഡിയം കെഎഫ്എ ബുക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മേയ് 19 മുതല്‍ സ്റ്റേഡിയം ഫുട്ബോളിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.

സ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയുടെ സമ്മതത്തോടെയാണ് സ്റേഡിയത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഏകദിനം എട്ടിന് നടത്തിയാല്‍ 15 ന് ഫുട്ബോള്‍ കളിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ കെഎഫ്എയ്ക്ക് ഇനി തീരുമാനങ്ങളെടുക്കാനില്ല. മത്സരം മാറ്റിവയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും സ്പോണ്‍സര്‍മാരായ ഐജിഎം റിലയന്‍സുമാണ്. കളി നീട്ടിവയ്ക്കാനോ മാറ്റിവയ്ക്കാനോ അവര്‍ നിര്‍ദേശിച്ചാല്‍ കുഴപ്പമില്ല. റിലയന്‍സ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കലൂര്‍ സ്റേഡിയം ഫുട്ബോളിനായി ഒരുക്കിക്കൊണ്ടിരിക്കുന്നത്.


കലൂര്‍ സ്റേഡിയത്തില്‍ കെസിഎയ്ക്കുള്ളതുപോലെയുള്ള അവകാശങ്ങള്‍ കെഎഫ്എയ്ക്കുമുണ്ട്. മുപ്പതു വര്‍ഷത്തേക്ക് സ്റേഡിയം കെസിഎ ജിസിഡിഎയില്‍നിന്ന് പാട്ടത്തിനെടുത്തിട്ടുള്ളത് ബിസിസിഐ നിര്‍ദേശപ്രകാരമാണ്. ടെസ്റ് മത്സരങ്ങള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഇത്തരം നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കെഎഫ്എയ്ക്ക് സ്റേഡിയം അത്തരത്തില്‍ ദീര്‍ഘകാല ആവശ്യമില്ല. ആറുമാസം മുമ്പ് അനുമതി ലഭിച്ചാല്‍ ഏതു ഫുട്ബോള്‍ മത്സരവും നടത്താന്‍ സാധിക്കും. അതനുസരിച്ചാണ് ഇപ്പോള്‍ സ്റേഡിയം മുന്‍കൂട്ടി ബുക്ക് ചെയ്തത്. നേരത്തെ സൂപ്പര്‍ലീഗ് സെപ്റ്റംബറില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഒരു മാസത്തേക്കുകൂടി നീട്ടിയത്. മത്സരനടത്തിപ്പ് സംബന്ധിച്ച് കെസിഎ ഇതുവരെ ഒദ്യോഗികമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മേത്തര്‍ പറഞ്ഞു. സൂപ്പര്‍ലീഗ് നടത്തിപ്പുകാര്‍ക്ക് കത്തയച്ച കാര്യവും അറിയില്ല.

അതേസമയം ഏകദിന ക്രിക്കറ്റ് മത്സരം നടത്താനുള്ള സൌകര്യത്തിനായി സൂപ്പര്‍ലീഗ് ഫുട്ബോള്‍ ലീഗിന്റെ തീയതി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെസിഎ റിലയന്‍സിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും കത്തയച്ചു. ഐഎസ്എല്‍ മത്സരങ്ങള്‍ രണ്ടാഴ്ചത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നാണ് ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.